കൊല്ലം∙ എസ്എൻഡിപി യോഗത്തെ 30 വർഷം നയിച്ചതിനു പുറമേ, സാമൂഹിക ദുരാചാരങ്ങൾക്ക് എതിരെ പടപൊരുതിയ നേതാവാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
എസ്എൻഡിപി യോഗം, എസ്എൻ ട്രസ്റ്റ് എന്നിവയെ 30 വർഷക്കാലം നയിച്ചതിനു വെള്ളാപ്പള്ളി നടേശന് കൊല്ലം എസ്എൻഡിപി യോഗം യൂണിയൻ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വെള്ളാപ്പള്ളി, എസ്എൻഡിപി യോഗത്തിന്റെ നേതൃത്വം ഏറ്റെടുത്തതിനു ശേഷം ശാഖകളുടെ എണ്ണം മൂന്നിരട്ടി വർധിച്ചു. അതുപോലെ എസ്എൻ ട്രസ്റ്റിനു കീഴിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉൾപ്പെടെ വളർച്ചയുടെയും കാലഘട്ടമാണ് അദ്ദേഹത്തിന്റെ നേതൃകാലം.
സാമൂഹിക മേഖലയിൽ മെച്ചപ്പെട്ട സേവനങ്ങളുമായി അടിസ്ഥാന സൗകര്യമൊരുക്കി.
വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടെങ്കിലും വെള്ളാപ്പള്ളിയുടെ വാക്കുകളെ സമൂഹത്തിന് അവഗണിക്കാൻ കഴിയില്ല.
കണിച്ചുകുളങ്ങര ദേവസ്വം ഭാരവാഹിയായിരിക്കെ അവിടെ നടന്നിരുന്ന വേല പടയണി നിർത്തലാക്കാൻ ശ്രമിച്ച നേതാവായിരുന്നു വെള്ളാപ്പള്ളി. ആ ക്ഷേത്രത്തിൽ വലിയ ഓഡിറ്റോറിയവും വിശ്വാസികൾക്കു താമസിക്കാൻ ഉൾപ്പെടെയുള്ള സൗകര്യങ്ങളും അവിടെയൊരുക്കിയിട്ടുണ്ട്.
വിശ്വാസികൾക്ക് ആശ്വാസ കേന്ദ്രങ്ങളാക്കി ക്ഷേത്രങ്ങളെ മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അദ്ദേഹം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതെന്നും ബാലഗോപാൽ പറഞ്ഞു. മൈക്രോ ഫിനാൻസ് സംവിധാനങ്ങളിലൂടെ വനിതാ ശാക്തീകരണ നടപടികളിൽ മുന്നേറ്റം സൃഷ്ടിച്ച നേതാവാണ് വെള്ളാപ്പള്ളി നടേശനെന്ന് കോൺഗ്രസിന്റെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മൈക്രോ ഫിനാൻസിൽ മറ്റുള്ളവർ കാണിച്ച ക്രമക്കേടുകളെ വെള്ളാപ്പള്ളിയുടെ തലയിൽ കെട്ടാനുള്ള ശ്രമം അപലപനീയമാണ്.
സമൂഹത്തിൽ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്താൻ അദ്ദേഹം ശ്രമിച്ചെന്നും ചെന്നിത്തല പറഞ്ഞു. വികസന കേരള സ്വപ്നങ്ങളിൽ വെള്ളാപ്പള്ളി നടേശന്റെ പിന്തുണ ഉണ്ടാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അധ്യക്ഷനായിരുന്നു. മന്ത്രി ജെ.
ചിഞ്ചുറാണി, എൻ.കെ. പ്രേമചന്ദ്രൻ എംപി, എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, എസ്എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ, എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയക്കണ്ടി, മേയർ ഹണി ബഞ്ചമിൻ, യൂണിയൻ സെക്രട്ടറി എൻ.
രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് രാജീവ് കുഞ്ഞുകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. 101 കുട്ടികൾ അണിനിരന്ന ദൈവദശകം മോഹിനിയാട്ടം അരങ്ങേറി.
ആശംസകളോടെ കൊല്ലം; വെള്ളാപ്പള്ളിക്ക് ആദരം
കന്റോൺമെന്റ് മൈതാനം തിങ്ങിനിറഞ്ഞ സദസ്സിന്റെ സാന്നിധ്യത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സ്നേഹാദരം.
തിരുപ്പതി വെങ്കിടാചലപതിയുടെ സ്വർണാഭരണ ഭൂഷിതമായ ശിൽപം നൽകിയാണ് എസ്എൻഡിപി യോഗം കൊല്ലം യൂണിയൻ ആദരിച്ചത്. മന്ത്രിമാരും രാഷ്ട്രീയ നേതൃനിരയും ആശംസകളുമായി നിറഞ്ഞു.ഡ്രോൺ ഉപയോഗിച്ചു നടത്തിയ പുഷ്പവൃഷ്ടിയുടെ അകമ്പടിയോടെയാണ് വെള്ളാപ്പള്ളിയെ വേദിയിലേക്ക് ആനയിച്ചത്.
യൂണിഫോം അണിഞ്ഞു യൂത്ത് മൂവ്മെന്റിന്റെ 250 പ്രവർത്തകർ ഇരുവരിയായി നിന്നു വഴിയൊരുക്കി.
അനന്തകൃഷ്ണൻ പുരുഷോത്തമൻ ആലപിച്ച ദൈവദശകം പ്രാർഥനയോടെ ആദരിക്കൽ ചടങ്ങിനു തുടക്കം. തുടർന്നു ശാന്തിനി ശുഭദേവ്, കലാമണ്ഡലം സജിന, ആർഎൽവി മൃദുല, മയ്യനാട് അഞ്ജിമ എന്നിവരുടെ നേതൃത്വത്തിൽ 101 നർത്തകിമാർ ചേർന്നു മോഹിനിയാട്ടമായി ദൈവദശകം അവതരിപ്പിച്ചു.
വേദിയിൽ, നാരായണഗുരുവിന്റെ പ്രതിമയ്ക്കു മുന്നിൽ പ്രീതി നടേശൻ വിളക്കു തെളിച്ചു. യൂണിയൻ പരിധിയിലെ 77 ശാഖാ യോഗങ്ങളിൽ നിന്നു കുടുംബസമേതമാണ് പ്രവർത്തകർ ആദരിക്കൽ ചടങ്ങിന് എത്തിയത്.
കൂറ്റൻ പന്തലിൽ ഉൾക്കൊണ്ടതിനേക്കാൾ ഇരട്ടിയിലേറെയായിരുന്നു പുറത്തെ തിരക്ക്. യോഗത്തിന്റെ കരുത്തും കെട്ടുറപ്പും പ്രകടമാക്കുന്നതായിരുന്നു ചടങ്ങ്.
ആദരിക്കൽ ചടങ്ങിനു മുന്നോടിയായി എസ്എൻഡിപി യോഗം ശാഖാ ഭാരവാഹികളുടെ നേതൃ സംഗമം നടന്നു.
നിലപാട് പ്രശ്നാധിഷ്ഠിതം: വെള്ളാപ്പള്ളി
സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ നീതി വേണമെന്ന് താൻ പറയുമ്പോൾ ജാതി പറയുകയാണെന്ന് വിമർശിച്ച് വായടപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇതു തിരിച്ചറിയണം.
എസ്എൻഡിപി യോഗത്തിന്റെയും എസ്എൻ ട്രസ്റ്റിന്റെയും നേതൃസ്ഥാനത്ത് 30 വർഷം പൂർത്തിയാക്കിയതിന് എസ്എൻഡിപി യോഗം കൊല്ലം യൂണിയൻ നൽകിയ ആദരിക്കൽ ചടങ്ങിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
തന്നെ ബിജെപിക്കാരനായും കോൺഗ്രസുകാരനായും പിണറായിയുടെ ആളായും പലതരത്തിൽ കാണുന്നവരുണ്ട്. എന്നാൽ താൻ സാക്ഷാൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയാണ്.
കോൺഗ്രസ് നല്ലതു ചെയ്താൽ നല്ലതെന്ന് പറയും. പ്രശ്നാധിഷ്ഠിതമായാണ് കാര്യങ്ങൾ പറയുന്നത്.
എല്ലാറ്റിനോടും ഒരേ നിലപാട് സ്വീകരിക്കുന്നത് നിലപാട് ഇല്ലായ്മയാണ്. ശ്രീനാരായണ ഗുരുവിന്റെ പേരിൽ സർവകലാശാല സ്ഥാപിച്ചപ്പോൾ ഗുരുദർശനം അറിയുന്ന വ്യക്തിയെ വൈസ് ചാൻസലർ ആക്കണമെന്ന് പറഞ്ഞപ്പോൾ വർഗീയ വാദിയായി ചിത്രീകരിച്ചു.
ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പച്ചയായ നല്ല മനുഷ്യനാണ്. അദ്ദേഹം എങ്ങനെ രാഷ്ട്രീയത്തിൽ വന്നെന്ന് അറിയില്ല.
നല്ലവാക്കു പറയുന്നവരോടും ചീത്ത വാക്കു പറയുന്നവരോടും ഒരേ സ്നേഹമാണ് തനിക്കുള്ളത്.
89 വയസ്സുള്ള താൻ ഇപ്പോഴും വിളിക്കുന്നിടത്തെല്ലാം എത്തുന്നുണ്ട്. വിദേശത്ത് ഉൾപ്പെടെ പ്രവർത്തനം നടത്തി ലോകം അറിയുന്ന സംഘടനയാക്കി എസ്എൻഡിപി യോഗത്തെ മാറ്റി. ആളും അർഥവും ഇല്ലാത്ത ചില ശക്തികൾ ഒറ്റപ്പെട്ട
വിമർശനങ്ങളിലൂടെ ആത്മസംതൃപ്തി അടയുന്നുണ്ട്. യോഗം പ്രവർത്തകരുടെ ഒറ്റക്കെട്ടായ പിന്തുണ തുടക്കം മുതൽ ഒട്ടും കുറയാതെ ഇന്നും ലഭിക്കുന്നുണ്ട്– വെള്ളാപ്പള്ളി പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

