തൊടുപുഴ ∙ ഇടുക്കി ജില്ലയുടെ അതിർത്തി മേഖലകളിൽ ശമനമില്ലാതെ മഴക്കെടുതികൾ തുടരുന്നു. വിവിധ മേഖലകളിൽ ഉരുൾപൊട്ടി കൃഷിനാശമുണ്ടായി.
നൂറുകണക്കിന് വീടുകൾ വെള്ളത്തിലായി. കുമളി പഞ്ചായത്തിലെ പത്തുമുറി, ഒട്ടകത്തലമേട്, വെള്ളാരംകുന്ന് ഭാഗങ്ങളിൽ ശനിയാഴ്ച രാത്രി ഉരുൾപൊട്ടി. തുടർച്ചയായി രണ്ടാം ദിനവും കുമളി പഞ്ചായത്തിലെ ഒട്ടേറെ സ്ഥലങ്ങൾ വെള്ളത്തിലായി.
വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി ഭീമമായ നഷ്ടമാണുണ്ടായത്. വലിയ തോതിൽ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.
നാശനഷ്ടം സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ ഇതുവരെയും ലഭ്യമായിട്ടില്ല.
പ്രദേശത്ത് മണ്ണിടിഞ്ഞും മറ്റും ഒട്ടേറെ വീടുകൾ അപകടാവസ്ഥയിലാണ്. ഇവിടെ പകൽ തെളിഞ്ഞ അന്തരീക്ഷമാണ്.
രാത്രി അപ്രതീക്ഷിതമായി മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന മഴയാണ് ആശങ്ക വിതയ്ക്കുന്നത്. ജില്ലയുടെ മറ്റു പലഭാഗങ്ങളിലും മഴയുണ്ട്.
വൈകിട്ടും രാത്രി സമയങ്ങളിലുമാണ് മഴപ്പെയ്ത്ത്.
തൊടുപുഴ മേഖലയിൽ ഇന്നലെ വൈകിട്ട് മിന്നലോടുകൂടി ശക്തമായ മഴയാണ് പെയ്തത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്നും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. അടുത്ത രണ്ടു ദിവസം യെലോ അലർട്ടുമുണ്ട്.
മഴയ്ക്കൊപ്പം മിന്നലിനും കാറ്റിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ജാഗ്രത തുടരണമെന്നാണ് നിർദേശം.
ജില്ലയിലെ ജലാശയങ്ങളിലെ ബോട്ടിങ്, കയാക്കിങ് ഉൾപ്പെടെയുള്ള എല്ലാവിധ ജല വിനോദങ്ങളും മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകളിലെ ട്രെക്കിങ്ങും അഡ്വഞ്ചർ ജീപ്പ് സഫാരി, മറ്റെല്ലാത്തരം സാഹസിക വിനോദങ്ങളും ഓറഞ്ച് / റെഡ് അലർട്ടുകൾ നിലവിലുള്ള ദിവസങ്ങളിൽ നിർത്തിവയ്ക്കണമെന്ന് കലക്ടറുടെ ഉത്തരവുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

