കുമളി (ഇടുക്കി)∙ ജില്ലയിൽ രാത്രിയിൽ പെയ്തത് കനത്ത മഴ. റോഡിലേക്ക് വീണ മൺകൂനയിൽ സ്കൂട്ടർ ഇടിച്ച് ഒരാൾ മരിച്ചു.
വെള്ളാരംകുന്ന് പറപ്പള്ളിൽ വീട്ടിൽ പി.എം.തോമസ് (തങ്കച്ചൻ–66) ആണ് മരിച്ചത്. മത്തൻകട
ഭാഗത്ത് രാത്രിയിലായിരുന്നു അപകടം. കടയടച്ച് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം.
കനത്ത മഴയിൽ, റോഡിൽ മണ്ണും കല്ലും കിടക്കുന്നതു കാണാതെ സ്കൂട്ടർ ഇടിച്ചു കയറുകയായിരുന്നു.
കുമളിയിലും പരിസരപ്രദേശങ്ങളിലും വീടുകളിൽ വെള്ളം കയറി. മൂന്നാർ–കുമളി റോഡിൽ പുറ്റടിക്കു സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.
നെടുങ്കണ്ടം താന്നിമൂട്, കല്ലാർ, കൂട്ടാർ, മുണ്ടിയെരുമ, തൂവൽ എന്നിവിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി. കൂട്ടാർ, നെടുങ്കണ്ടം, തൂവൽ മേഖലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം.
കൂട്ടാറിൽ നിർത്തിയിട്ടിരുന്ന വാൻ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. ശക്തമായ മഴയിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 24 മണിക്കൂറിനുള്ളിൽ ഉയർന്നത് 5.75 അടിയാണ്.
അണക്കെട്ടിൽ നിലവിൽ 138.90 അടി വെള്ളമുണ്ട്. 1400 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുമ്പോൾ 8705 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നു.
∙ വെള്ളം കുതിച്ചെത്തി, കൂടെ പാമ്പുകളും
ഹോളിഡേ ഹോമിനു സമീപം താമസിക്കുന്ന കണ്ണൻ, ഭാര്യ ഷീന, മക്കളായ അനന്യ, അമയ എന്നിവർ ഉറങ്ങാൻ കിടന്നപ്പോൾ പുറത്ത് മഴ തകർക്കുകയായിരുന്നു.
പുതപ്പിന്റെ ചൂടുപറ്റി ഇവർ വേഗം ഉറക്കത്തിലായി. കിടക്കയിൽ വെള്ളത്തിന്റെ നനവ് അനുഭവപ്പെട്ട് കണ്ണ് തുറന്നു നോക്കുമ്പോൾ വീടിന് അകത്ത് കട്ടിലിനൊപ്പം ഉയരത്തിൽ വെള്ളം.
വെള്ളത്തിന്റെ തള്ളലിൽ കിടപ്പുമുറിയുടെ വാതിൽ അടഞ്ഞു. ലൈറ്റിട്ട് എന്തു ചെയ്യുമെന്നറിയാതെ ഭയന്നു നിൽക്കുമ്പോൾ വെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ 3 പാമ്പുകൾ തല ഉയർത്തി നിൽക്കുന്നു.
കണ്ണനും കുടുംബവും കട്ടിലിനു മുകളിൽ കയറിനിന്നു.
ഭീകരക്കാഴ്ച കണ്ട് കുട്ടികൾ വാവിട്ട് കരയുമ്പോൾ ജീവിതം അവസാനിച്ചതായി കണ്ണൻ കരുതി. ധൈര്യം സംഭരിച്ച് പൊലീസിലും അഗ്നിരക്ഷാസേനയിലും ഫോൺ ചെയ്തു സഹായം അഭ്യർഥിച്ചു.
കുമളി സിഐക്ക് സന്ദേശം എത്തുമ്പോൾ തൊട്ടടുത്ത സ്ഥലമായ പെരിയാർ കോളനിയിൽ പൊലീസ് രക്ഷാപ്രവർത്തനത്തിലായിരുന്നു. ഒപ്പമുണ്ടായിരുന്ന പൊതുപ്രവർത്തകൻ കെ.ജെ.ദേവസ്യ ഉൾപ്പെടെയുള്ളവരുമായി സിഐ വേഗം സ്ഥലത്തെത്തി.
ഏറെ സാഹസികമായി വടം എറിഞ്ഞുകൊടുത്ത് അതിന്റെ സഹായത്താൽ ദേവസ്യയും മറ്റൊരാളും കണ്ണന്റെയും കുടുംബത്തിന്റെയും അരികിലെത്തി. കുട്ടികളെ ചുമലിലേറ്റി സുരക്ഷിതസ്ഥലത്തെത്തിച്ചു.
തുടർന്ന് കണ്ണനും ഭാര്യയും വടത്തിൽ പിടിച്ച് സുരക്ഷിതസ്ഥലത്തെത്തി. സമീപത്തെ ഒട്ടേറെ വീടുകളിൽ വെള്ളം കയറി.
വീട്ടുപകരണങ്ങൾ നശിച്ചു.
…
FacebookTwitterWhatsAppTelegram

