പാവറട്ടി ∙ കോൺഗ്രസ് പാർട്ടിയിലേക്ക് പോകുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്സിനെ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കി. രാവിലെയാണ് ഓൺലൈൻ മാധ്യമത്തിലൂടെ സിപിഎമ്മിൽ തുടരുന്നില്ലെന്ന് ജിയോഫോക്സ് പ്രഖ്യാപിച്ചത്.
നേരത്തെ ഇതു സംബന്ധിച്ച സൂചനകൾ ഉണ്ടായിരുന്നു. സിപിഎം നേതൃത്വം ഈയിടെയായി അവഗണിക്കുകയാണെന്നും ഏരിയ കമ്മിറ്റി അംഗമായിരുന്ന തന്നെ കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ ഉൾപ്പെടുത്തിയില്ലെന്നും ജിയോഫോക്സ് പറഞ്ഞു.
എളവള്ളിയിൽ എൽഡിഎഫ് വികസന മുന്നേറ്റ ജാഥയിൽ തന്നെ നേതൃസ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ ജാഥാ ക്യാപ്റ്റൻ സ്ഥാനം സിപിഐക്ക് നൽകിയെന്നും ആരോപിച്ചു. സിപിഎം ചിറ്റാട്ടുകര ലോക്കൽ കമ്മിറ്റി അംഗമായ ജിയോഫോക്സിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൽ ഖാദർ അറിയിച്ചു.
ചിറ്റാട്ടുകര ലോക്കൽ കമ്മിറ്റിയും മണലൂർ ഏരിയ കമ്മിറ്റിയും ജിയോഫോക്സിനെ പുറത്താക്കാനുള്ള തീരുമാനം എടുത്ത് ജില്ലാ കമ്മിറ്റിയുടെ അംഗീകാരത്തിനായി നൽകിയിരുന്നതായി ഏരിയ സെക്രട്ടറി പി.എ.രമേശൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും എളവള്ളി പഞ്ചായത്ത് അംഗവുമായിരിക്കേ 21 വർഷം മുൻപാണ് ജിയോഫോക്സ് സിപിഎമ്മിലേക്ക് ചേക്കേറിയത്.
പിന്നീട് ഡിവൈഎഫ്ഐ മണലൂർ ബ്ലോക്ക് പ്രസിഡന്റ്, എൽഡിഎഫ് ഭരണകാലത്ത് മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം, എൽഡിഎഫ് ഭരിക്കുന്ന ചിറ്റാട്ടുകര സഹകരണ ബാങ്കിന്റെ പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിരുന്നു. 21ന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഔദ്യോഗികമായി രാജി വയ്ക്കുമെന്ന് ജിയോഫോക്സ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]