നേമം ∙ സിപിഎം ഭരണ സമിതിയുടെ കാലത്ത് 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയ നേമം സർവീസ് സഹകരണ ബാങ്കിൽ, രണ്ടാം പ്രതി എ.ആർ.രാജേന്ദ്രകുമാറിനെ എത്തിച്ച് തെളിവെടുത്തു. പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും കനത്ത സുരക്ഷയിലാണ് ഇയാളെ ഇന്നലെ ഉച്ചയോടെ ബാങ്കിലെത്തിച്ച് ഒരു മണിക്കൂറോളം തെളിവെടുപ്പ് നടത്തിയത്.
തുടർന്ന് 2 സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും ഇയാളുമായി ക്രൈംബ്രാഞ്ച് സംഘം എത്തി. രാജേന്ദ്രകുമാറിനെ കൊണ്ടുവരുന്നതറിഞ്ഞ് സ്ത്രീകളും വയോധികരും ഉൾപ്പെടെ നൂറോളം നിക്ഷേപകർ രാവിലെ മുതൽ ബാങ്കിന് മുന്നിൽ കാത്തുനിന്നിരുന്നു.
നിക്ഷേപകർ ആക്രോശവുമായി എത്തിയെങ്കിലും പൊലീസ് ഇവരെ തള്ളിമാറ്റിയാണ് പ്രതിയെ ബാങ്കിനുള്ളിലെത്തിച്ചത്.
ഒരു മണിക്കൂർ കഴിഞ്ഞ് തിരികെ കൊണ്ടുപോകുന്നതുവരെ പ്രതിഷേധം തുടർന്നു. നിക്ഷേപകരുടെ പരാതിയിൽ നടത്തിയ പരിശോധനയിൽ ഇയാൾമാത്രം 31.63 കോടിരൂപയുടെ ക്രമക്കേട് നടത്തിയതായി കണ്ടെത്തി.
ഇതോടെയാണ് ഒളിവിൽ പോയത്. തുടർന്ന് ക്രൈംബ്രാഞ്ച് ഇയാളെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും ലഭിച്ചില്ല.
തുടർന്ന് 13ന് ഉച്ചയോടെ ക്രൈംബ്രാഞ്ചിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.
കേസിലെ ഒന്നാം പ്രതിയും ബാങ്ക് മുൻ സെക്രട്ടറിയുമായ എസ്.ബാലചന്ദ്രൻ നായർ, മൂന്നാം പ്രതിയും ബാങ്ക് മുൻ പ്രസിഡന്റും സിപിഎം നേമം ഏരിയ കമ്മിറ്റി മുൻ അംഗവുമായ ആർ.പ്രദീപ് കുമാർ എന്നിവരെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ കഴിഞ്ഞ ഇയാളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് നിക്ഷേപ കൂട്ടായ്മ ഭാരവാഹികളായ ശാന്തിവിള മുജീബ് റഹ്മാൻ, കൈമനം സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ നിക്ഷേപകർ പ്രതിഷേധം ശക്തമാക്കി വരുന്നതിനിടെയാണ് ഇയാൾ കീഴടങ്ങിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]