കോങ്ങാട് ∙ ജീവിതം കരുപ്പിടിപ്പിക്കാൻ ഓട്ടോ ഓടിക്കുമ്പോഴും കുട്ടിക്കാലത്ത് മനസ്സിൽ ചേക്കേറിയ കായിക സ്വപ്നങ്ങൾ യാഥാർഥ്യമാക്കി മുന്നേറുകയാണ് മേലെക്കളം തോട്ടത്തിൽ ബാലസുബ്രഹ്മണ്യൻ (50). ഗുജറാത്തിലെ സൂറത്തിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് ചാംപ്യൻഷിപ്പിൽ 1500 മീറ്റർ ഓട്ടമത്സരത്തിൽ സ്വർണ മെഡലും 10000, 5000 മീറ്ററുകളിൽ രണ്ടാം സ്ഥാനവും സ്വന്തമാക്കി.
50–55 വയസ്സുള്ളവരുടെ മീറ്റിലാണ് മിന്നുംപ്രകടനം. നടത്തവും സൈക്കിൾസവാരിയും ഓട്ടവും ദിനചര്യയാക്കിയ ബാലൻ കഴിഞ്ഞവർഷം കൊച്ചിയിൽ നടന്ന ദീർഘദൂര മാരത്തണിൽ മെഡൽ നേടിയിരുന്നു.
ഇപ്പോൾ ബിരുദ വിദ്യാർഥിയായ മകൾ മേഘ ദേശീയ സ്കൂൾ മീറ്റിൽ പങ്കെടുത്തിട്ടുണ്ട്. യുപി വിദ്യാർഥിയായ ഇളയ മോൾ മാളവികയും കായികരംഗത്തുണ്ട്.
കായികമേള നടക്കുന്നിടത്ത് കാഴ്ചക്കാരനായി പോകുന്ന പതിവുമുണ്ട്. ഇതു വലിയ പ്രചോദനമായി.
മനസ്സിലെ മോഹം വൈകിയെങ്കിലും സഫലമായതിന്റെ ചാരിതാർഥ്യത്തിലാണു ബാലസുബ്രഹ്മണ്യൻ. ഇച്ഛാശക്തിയും ആർജവവും മുറുകെപ്പിടിച്ച് ട്രാക്കിൽ മിന്നും താരമായ താരത്തിനു സ്വന്തം കായികമികവു പുറംലോകം അറിയുന്നതിനോടും അത്ര വലിയ താൽപര്യമില്ല.
പരിശീലകനോ മറ്റു സഹായങ്ങളോ ഇല്ലാതെയാണ് നേട്ടം.
ഇത്തരം മീറ്റുകളിൽ പോകാൻ റജിസ്ട്രേഷൻ ഫീസ്, യാത്രാ ചെലവ് തുടങ്ങിയവയെല്ലാം സ്വന്തമായി വഹിക്കണം. ഇതിനു പുറമേ ഒരാഴ്ചത്തെ തൊഴിൽ ഉപേക്ഷിച്ചാണ് മീറ്റിൽ പങ്കെടുത്തത്.
കായിക മത്സരങ്ങളുമായി ബന്ധപ്പെട്ട വാട്സാപ് ഗ്രൂപ്പുകളിൽ അംഗമായതോടെ ഇതു സംബന്ധിച്ച വിവരം കിട്ടുന്നുണ്ട്.
ഡിസംബറിൽ വയനാട് സംഘടിപ്പിക്കുന്ന മീറ്റിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടെന്ന് ബാലസുബ്രഹ്മണ്യൻ പറഞ്ഞു. ഭാര്യ: പ്രിയ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]