തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ മഹാരാഷ്ട്രയ്ക്കെതിരെ കേരളത്തിന് ഒന്നാം ഇന്നിംഗ്സിൽ ലീഡ് നേടാനായില്ല. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ, മഹാരാഷ്ട്രയുടെ 239 റൺസെന്ന ഒന്നാം ഇന്നിംഗ്സ് സ്കോർ പിന്തുടർന്ന കേരളം 219 റൺസിന് പുറത്തായി.
ഇതോടെ 20 റൺസിൻ്റെ നിർണായക ലീഡ് മഹാരാഷ്ട്ര സ്വന്തമാക്കി. മത്സരം സമനിലയിലായാലും ഒന്നാം ഇന്നിംഗ്സ് ലീഡിൻ്റെ ആനുകൂല്യത്തിൽ മഹാരാഷ്ട്രയ്ക്ക് കൂടുതൽ പോയിൻ്റുകൾ ലഭിക്കും.
54 റൺസ് നേടിയ സഞ്ജു സാംസണാണ് കേരളത്തിൻ്റെ ടോപ് സ്കോറർ. സൽമാൻ നിസാർ (49) നടത്തിയ ചെറുത്തുനിൽപ്പ് ലീഡിലേക്ക് നയിക്കുമെന്ന് തോന്നിച്ചെങ്കിലും വിജയം കണ്ടില്ല.
മുൻ കേരള താരം ജലജ് സക്സേന മഹാരാഷ്ട്രയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുകേഷ് ചൗധരി, വിക്കി ഒസ്ത്വാൾ, രജനീഷ് ഗുർബാനി എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി. മൂന്നിന് 35 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിനായി സഞ്ജു സാംസണും സച്ചിൻ ബേബിയും ചേർന്ന് 40 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കി.
എന്നാൽ ഏഴ് റൺസെടുത്ത സച്ചിൻ ബേബിയെ രാമകൃഷ്ണ ഘോഷിൻ്റെ പന്തിൽ വിക്കറ്റ് കീപ്പർ സൗരഭ് നവാലെ പിടികൂടിയതോടെ മഹാരാഷ്ട്ര മത്സരത്തിലേക്ക് തിരിച്ചുവന്നു. ഒരറ്റത്ത് മികച്ച രീതിയിൽ ബാറ്റുചെയ്ത സഞ്ജു അർധസെഞ്ചുറി തികച്ചെങ്കിലും സ്കോർ അധികം മുന്നോട്ട് കൊണ്ടുപോകാനായില്ല.
63 പന്തിൽ അഞ്ച് ഫോറും ഒരു സിക്സുമടക്കം 54 റൺസെടുത്ത സഞ്ജുവിനെ സ്പിന്നർ വിക്കി ഒസ്ത്വാളിൻ്റെ പന്തിൽ സൗരഭ് നവാലെ ക്യാച്ചെടുത്ത് പുറത്താക്കി. പിന്നാലെ 36 റൺസുമായി മുഹമ്മദ് അസ്ഹറുദ്ദീനും കൂടാരം കയറി.
തുടർന്നെത്തിയ അങ്കിത് ശർമ (17), ഏദൻ ആപ്പിൾ ടോം (3), എം.ഡി നിധീഷ് (4) എന്നിവർക്ക് ക്രീസിൽ അധികനേരം പിടിച്ചുനിൽക്കാനായില്ല. ഇതോടെ കേരളം തകർച്ചയെ നേരിട്ടു.
ഒരറ്റത്ത് പൊരുതിയ സൽമാൻ നിസാർ ലീഡ് നേടാൻ ശ്രമിച്ചെങ്കിലും 49 റൺസിൽ നിൽക്കെ മുകേഷ് ചൗധരിയുടെ പന്തിൽ പുറത്തായതോടെ കേരളത്തിൻ്റെ ഇന്നിംഗ്സ് അവസാനിച്ചു. ബേസിൽ എൻ.പി പുറത്താകാതെ നിന്നു.
ഗുർബാനിയുടെ മികച്ച സ്പെൽ മത്സരത്തിൻ്റെ രണ്ടാം ദിനം കേരളത്തിന് അക്ഷയ് ചന്ദ്രൻ (0), ബാബ അപരാജിത് (6), രോഹൻ കുന്നുമ്മൽ (27) എന്നിവരുടെ വിക്കറ്റുകളാണ് തുടക്കത്തിൽ നഷ്ടമായത്. 21 പന്തുകൾ നേരിട്ട് അക്കൗണ്ട് തുറക്കും മുൻപേ അക്ഷയ് ചന്ദ്രൻ, ഗുർബാനിയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി.
പിന്നാലെയെത്തിയ അതിഥി താരം ബാബ അപരാജിത് ആറ് റൺസെടുത്ത് ഗുർബാനിക്ക് തന്നെ ക്യാച്ച് നൽകി മടങ്ങി. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ രോഹൻ കുന്നുമ്മലിനെ (27) ജലജ് സക്സേന വിക്കറ്റിന് മുന്നിൽ കുടുക്കി.
ഇതിന് പിന്നാലെ മഴയെത്തിയതിനെ തുടർന്ന് മത്സരം തടസ്സപ്പെട്ടിരുന്നു. വാലറ്റത്തിൻ്റെ കരുത്തിൽ കരകയറി മഹാരാഷ്ട്ര ഒന്നാം ദിനം അഞ്ചിന് 18 എന്ന നിലയിൽ തകർന്ന മഹാരാഷ്ട്രയെ, ഋതുരാജ് ഗെയ്ക്വാദിൻ്റെയും (91) ജലജ് സക്സേനയുടെയും (49) ഇന്നിംഗ്സുകളാണ് ഭേദപ്പെട്ട
സ്കോറിലേക്ക് നയിച്ചത്. രണ്ടാം ദിനം ഏഴിന് 179 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച അവർക്ക് വാലറ്റവും മികച്ച പിന്തുണ നൽകി.
വിക്കി ഒസ്ത്വാൾ (38), രാമകൃഷ്ണ ഘോഷ് (31) എന്നിവർ ചേർന്ന് നേടിയ 59 റൺസാണ് ടീം സ്കോർ 200 കടത്തിയത്. ഈ കൂട്ടുകെട്ട് പൊളിച്ച് അങ്കിത് ശർമ കേരളത്തിന് പ്രതീക്ഷ നൽകി.
പിന്നാലെ രജനീഷ് ഗുർബാനിയെ പുറത്താക്കി എം.ഡി നിധീഷ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ഒസ്ത്വാളിനെ ബേസിൽ പുറത്താക്കിയതോടെ മഹാരാഷ്ട്രയുടെ പോരാട്ടം 239 റൺസിൽ അവസാനിച്ചു.
തകർച്ചയോടെ തുടക്കം മത്സരത്തിൽ മഹാരാഷ്ട്രയുടെ തുടക്കം വൻ തകർച്ചയോടെയായിരുന്നു. സ്കോർബോർഡ് തുറക്കും മുൻപേ അവരുടെ മൂന്ന് മുൻനിര വിക്കറ്റുകൾ നിലംപൊത്തി.
ആദ്യ ഓവറിൽ എം.ഡി നിധീഷ്, പൃഥ്വി ഷായെയും (0) സിദ്ധേഷ് വീറിനെയും (0) അടുത്തടുത്ത പന്തുകളിൽ പുറത്താക്കി. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ അർഷിൻ കുൽക്കർണിയെ (0) ബേസിൽ മടക്കിയതോടെ സന്ദർശകർ പ്രതിരോധത്തിലായി.
അഞ്ച് റൺസെടുക്കുന്നതിനിടെ ക്യാപ്റ്റൻ അങ്കിത് ബാവ്നെയും (0) ബേസിലിൻ്റെ പന്തിൽ പുറത്തായതോടെ മഹാരാഷ്ട്ര നാലിന് അഞ്ച് എന്ന നിലയിലേക്ക് കൂപ്പുകുത്തി. സ്കോർ 18-ൽ നിൽക്കെ സൗരഭ് നവാലെയും (12) നിധീഷിൻ്റെ പന്തിൽ പുറത്തായതോടെ മഹാരാഷ്ട്രയുടെ നില കൂടുതൽ പരുങ്ങലിലായി.
എന്നാൽ ഏഴാം വിക്കറ്റിൽ ഒന്നിച്ച ഋതുരാജ് ഗെയ്ക്വാദും ജലജ് സക്സേനയും ചേർന്നുള്ള 122 റൺസിൻ്റെ കൂട്ടുകെട്ടാണ് അവരെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഈ നിർണായക കൂട്ടുകെട്ട് പൊളിച്ച് നിധീഷാണ് കേരളത്തിന് ആശ്വാസം നൽകിയത്.
സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ഋതുരാജിനെ (91) ഏദൻ ആപ്പിൾ ടോം വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ കേരളം വീണ്ടും മത്സരത്തിൽ പിടിമുറുക്കി. കേരളം: മുഹമ്മദ് അസ്ഹറുദ്ദീന് (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), ബാബ അപരാജിത്ത്, സഞ്ജു സാംസണ്, സച്ചിന് ബേബി, എം ഡി നിധീഷ്, അക്ഷയ് ചന്ദ്രന്, രോഹന് കുന്നുമ്മല്‍, അങ്കിത് ശര്‍മ്മ, ഈഡന് ആപ്പിള്‍ ടോം, നെടുമണ്‍കുഴി ബേസില്‍, സല്മാന് നിസാര്‍.
മഹാരാഷ്ട്ര: അങ്കിത് ബാവ്നെ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, റുതുരാജ് ഗെയ്ക്വാദ്, സൗരഭ് നവലെ (വിക്കറ്റ് കീപ്പര്‍), ജലജ് സക്സേന, രജനീഷ് ഗുര്‍ബാനി, വിക്കി ഓസ്ത്വാള്, സിദ്ധേഷ് വീര്‍, മുകേഷ് ചൗധരി, അര്ഷിന് കുല്‍ക്കര്‍ണി, രാമകൃഷ്ണ ഘോഷ്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]