തിരുവനന്തപുരം / കോട്ടയം ∙ ആർഎസ്എസ് ശാഖയിൽ ലൈംഗികാതിക്രമം നേരിട്ടെന്നാരോപിച്ചു ജീവനൊടുക്കിയ അനന്തു അജി (24) വിഡിയോയിൽ പേരെടുത്തു പറയുന്ന അയൽവാസിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിനു കേസെടുക്കാമെന്നു പൊലീസിനു നിയമോപദേശം. ആത്മഹത്യയ്ക്കു മുൻപു മരണമൊഴിയായി അനന്തു പോസ്റ്റ് ചെയ്ത വിഡിയോ തെളിവായി സ്വീകരിക്കാമെന്നും അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളിയുടെ നിയമോപദേശത്തിൽ പറയുന്നു.
ഭാരതീയ ന്യായസംഹിത പ്രകാരം പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനു കേസെടുക്കാൻ വകുപ്പില്ല.
എന്നാൽ കുറ്റകൃത്യം നടന്നത് ഇന്ത്യൻ പീനൽ കോഡ് (ഐപിസി) നിലനിന്ന കാലത്തായതിനാൽ ഐപിസി 377 പ്രകാരം കേസെടുക്കാമെന്നാണു നിയമോപദേശം.ലൈംഗിക പീഡനത്തിന് പൊൻകുന്നം പൊലീസിന് എഫ്ഐആർ റജിസ്റ്റർ ചെയ്തു നടപടിയെടുക്കാമെന്നും ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തുന്ന കാര്യത്തിൽ കൂടുതൽ അന്വേഷണത്തിനു ശേഷം തമ്പാനൂർ പൊലീസിനു തീരുമാനം എടുക്കാമെന്നും എപിപി പറയുന്നു. കേസ് ഇപ്പോൾ തമ്പാനൂർ പൊലീസാണ് അന്വേഷിക്കുന്നത്.
പൊൻകുന്നം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടില്ല.
പൊൻകുന്നം വഞ്ചിമല സ്വദേശിയായ അനന്തുവിനെ കഴിഞ്ഞ 9ന് ആണു ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. അനന്തുവിന്റെ മരണത്തിൽ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ പ്രവർത്തകർ പൊൻകുന്നത്ത് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഓഫിസിലേക്കു മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് മാർച്ച് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും ഡിവൈഎഫ്ഐ മാർച്ച് കേന്ദ്രകമ്മിറ്റി അംഗം ജെയ്ക് സി.തോമസും ഉദ്ഘാടനം ചെയ്തു.
ദേശീയപാത ഉപരോധിച്ച 10 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ആരോപണവിധേയനായ വ്യക്തിയുടെ ഉടമസ്ഥതയിൽ കാപ്പാട് ജംക്ഷനിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ഉപകരണ വിൽപനകേന്ദ്രത്തിന്റെ ബോർഡും ഷട്ടറും ഡിവൈഎഫ്ഐ പ്രവർത്തകർ തകർത്തു. 15 പേർക്കെതിരെ കാഞ്ഞിരപ്പള്ളി പൊലീസ് കേസ് എടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

