തിരുവനന്തപുരം ∙ സംസ്ഥാനത്തു പുതിയ കപ്പൽ നിർമാണ– അറ്റകുറ്റപ്പണി ശാല (ഷിപ്യാഡ്) നിർമിക്കാനുള്ള ശ്രമവുമായി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചേർന്ന തുറമുഖ, റവന്യു, ഫിഷറീസ് മന്ത്രിമാരുടെ സംയുക്ത യോഗം ഭൂമി കണ്ടെത്താനാകുമോ എന്നു പരിശോധിക്കാൻ കേരള മാരിടൈം ബോർഡിനെ ചുമതലപ്പെടുത്തി.
കടലിന് അഭിമുഖമായി ഒരു കിലോ മീറ്റർ ദൂരത്തിൽ 2500– 3000 ഏക്കർ വിസ്തൃതിയിൽ ഭൂമി കണ്ടെത്താനാണു നിർദേശം.
കപ്പൽ നിർമാണത്തിനും അറ്റകുറ്റപ്പണിക്കും അനുയോജ്യ സ്ഥലം കണ്ടെത്തിയാൽ ധനസഹായം അനുവദിക്കാമെന്നു സംസ്ഥാന മുഖ്യമന്ത്രിമാർക്കു കേന്ദ്ര ഷിപ്പിങ് മന്ത്രാലയം കത്തയച്ചതിനെത്തുടർന്നാണു കേരളത്തിന്റെ നടപടി.
കപ്പൽനിർമാണം ഉൾപ്പെടെ മാരിടൈം മേഖലയ്ക്കു കേന്ദ്രസർക്കാർ 69,725 കോടി രൂപയുടെ പാക്കേജ് അടുത്തയിടെ പ്രഖ്യാപിച്ചിരുന്നു. ഇതിൽ 20,000 കോടി രൂപ രാജ്യത്തെ കപ്പൽനിർമാണ ക്ഷമത വർധിപ്പിക്കുന്നതിനു വേണ്ടിയുള്ളതാണ്.
ഈയിനത്തിലാണു സംസ്ഥാനം കേന്ദ്രസഹായം പ്രതീക്ഷിക്കുന്നത്. എന്നാൽ എത്ര തുക നൽകും, ഗ്രാൻഡ് ആണോ വായ്പയാണോ തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്രത്തിന്റെ മാർഗനിർദേശം വന്നിട്ടില്ല.
ഭൂമി കണ്ടെത്തുകയാണ് ആദ്യപടിയെന്നതിനാലാണു സംസ്ഥാന സർക്കാർ ഇതിനുള്ള ശ്രമം തുടങ്ങിയത്.
ഉറ്റുനോട്ടം വടക്കൻ കേരളത്തിലേക്ക്
മേജർ തുറമുഖത്തിനു സമീപം ഭൂമി കണ്ടെത്തുന്നതാണ് അഭികാമ്യമെന്നു കേന്ദ്രം നിർദേശിച്ചിട്ടുണ്ടെങ്കിലും വിഴിഞ്ഞത്തു ഭൂമി ലഭിക്കാൻ സാധ്യത കുറവാണ്. കൊച്ചിയിൽ ഇപ്പോൾ തന്നെ കപ്പൽശാലയുണ്ട്.
ആ നിലയ്ക്കു വടക്കൻ കേരളത്തിലാണു കേരളം സാധ്യത കാണുന്നത്. 2500 ഏക്കർ ഒരുമിച്ചു ലഭിക്കില്ലെങ്കിൽ പല സ്ഥലത്തായും കണ്ടെത്താം.
കപ്പൽ മാത്രമല്ല, ബാർജും ടഗ്ഗും മിനി ക്രൂസുകളുമെല്ലാം ഇവിടെ നിർമിക്കാനാകും. കൊച്ചിൻ ഷിപ്യാഡിലെ ജോലിഭാരം കണക്കിലെടുത്ത് കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ പോലെയുള്ള ഏജൻസികൾ ഗോവയിലെ കപ്പൽശാലകളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്.
സർക്കാർ ആലോചിക്കുന്നത് സ്വന്തം പദ്ധതി
കേന്ദ്രത്തിന്റെ കത്തു ലഭിച്ചതിനു പിന്നാലെ, പുതിയ കപ്പൽശാല സ്ഥാപിക്കുന്നതിനു പദ്ധതിയിട്ടിട്ടുണ്ടോ എന്നു കൊച്ചി കപ്പൽശാലയോടും വിഴിഞ്ഞം തുറമുഖത്തിന്റെ നടത്തിപ്പുകാരായ അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡിനോടും സർക്കാർ ആരാഞ്ഞിരുന്നു.
അങ്ങനെ ആലോചനയില്ലെന്നു രണ്ടു സ്ഥാപനങ്ങളും മറുപടി നൽകി. ഇതോടെയാണു സ്വന്തം പദ്ധതി സർക്കാർ ആലോചിക്കുന്നത്.
ഭൂമിയും നിക്ഷേപവും സ്വന്തമായി കണ്ടെത്തിയാൽ, കേന്ദ്രസഹായത്തോടെയാണു പദ്ധതിയെങ്കിലും ഉടമസ്ഥത സർക്കാരിനു ലഭിക്കും. സിയാൽ മാതൃകയിലുള്ള കമ്പനിയുമാകാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]