കല്ലടിക്കോട്∙ ‘വണ്ടിക്കൂലിക്കു നൽകാൻ പണമുണ്ടായിരുന്നെങ്കിൽ എന്റെ മോൻ മരിക്കില്ലായിരുന്നു’– ഉള്ളുലച്ച് കരഞ്ഞ് തളർന്ന അവസ്ഥയിലാണ് മരിച്ച നിധിന്റെ അമ്മ ഷൈല ഇതു പറഞ്ഞത്. തിങ്കളാഴ്ച കോഴിക്കോട്ടു ജോലിക്ക് പോകാനായി നിധിൻ അമ്മ ഷൈലയോടു പണം ചോദിച്ചിരുന്നു.
500 രൂപയാണ് അവരുടെ കയ്യിലുണ്ടായിരുന്നത്. 1000 രുപ തികയാനായി യാത്ര ഒരു ദിവസം വൈകിപ്പിച്ചു.
ബുധനാഴ്ച രാവിലെ പോകാനും തീരുമാനിച്ചിരുന്നു. അതിനു മുൻപാണ് നിധിൻ കൊല്ലപ്പെട്ടത്. മരുതുംകാട് 3 സെന്റ് സ്ഥലത്ത് പള്ളിയുടെ സഹായത്തോടെ നിർമിച്ച ചെറിയ വീട്ടിലാണ് ഷൈലയും രണ്ടു മക്കളും താമസിച്ചിരുന്നത്.
നിധിന് കോഴിക്കോട് ചെറിയ ജോലിയുണ്ടായിരുന്നു. വിദ്യാർഥിയായ ഇളയ മകൻ ബേബി അസ്ഥിയെ ബാധിക്കുന്ന അസുഖത്തിന് ചികിൽസയിലാണ്.
മക്കളുടെ ചെറുപ്രായത്തിൽ തന്നെ ഭർത്താവ് ഐസക് മരിച്ചു. തുടർന്ന് ഷൈല കഷ്ടപ്പെട്ടാണ് മക്കളെ വളർത്തിയത്.
ഇളയ മകന്റെ അസുഖവും മൂത്ത മകന് സ്ഥിരം ജോലിയാകാത്തതും കഷ്ടപ്പാട് ഇരട്ടിയാക്കി. ഇടക്കുറുശ്ശിയിലെ ഹോട്ടലിൽ ജോലിക്കു പോവുകയാണ് ഷൈല.
അതിരാവിലെ 5 കിലോമീറ്റർ നടന്നാണ് ഷൈല ജോലിക്കായി ഇടക്കുറുശ്ശിയിൽ എത്തിയിരുന്നത്. വൈകിട്ട് കോളജ് വിട്ടുവരുന്ന മകനോടൊപ്പം നടന്നു വീട്ടിലേക്കും പോകും.
മകന്റെ മരണം നടന്ന ദിവസവും ജോലി കഴിഞ്ഞ് വിട്ടിലേക്കു വരുമ്പോൾ മാത്രമാണ് ഷൈല മകന്റെ ദാരുണാന്ത്യത്തെ ക്കുറിച്ച് അറിയുന്നത്.
മകനും കൊലപ്പെടുത്തിയ ബിനുവും തമ്മിൽ സൗഹൃദവും തർക്കവും ഇല്ലായിരുന്നു എന്നാണ് ഷൈല പറയുന്നത്. 2 മരണങ്ങളിലേക്കും നയിച്ച കാരണങ്ങളെക്കുറിച്ച് ഇവർക്കും വ്യക്തമായ മറുപടി നൽകാൻ കഴിയുന്നില്ല. മുത്ത മകന്റെ മരണത്തോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണു ഷൈലയും ഇളയ മകനും.
ഷൈല ജോലിക്കു പോയില്ലെങ്കിൽ വെറെ വരുമാനമൊന്നുമില്ല. കൊലപാതകം നടന്നതിനാൽ വീട് അടച്ചിരിക്കുകയാണ്. കുറച്ചു മാറി അയൽവാസിയുടെ വീട്ടിലാണ് ഷൈലയും മകനുമുള്ളത്.
വീട് പൊലീസ് തുറന്നു നൽകുന്നതോടെ അങ്ങോട്ടു മാറാനാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]