ന്യൂഡൽഹി∙ വധശിക്ഷ നടപ്പാക്കുന്ന രീതിയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജിയിൽ വാദം കേട്ട്
. തൂക്കിക്കൊലയ്ക്കു പകരം വിഷം കുത്തിവച്ചുള്ള വധശിക്ഷാ രീതി നടപ്പാക്കണമെന്നും, ഇവയിൽ ഏതാണു വേണ്ടതെന്നു തിരഞ്ഞെടുക്കാനുള്ള അവസരം ശിക്ഷിക്കപ്പെടുന്നയാൾക്കു നൽകണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.
തൂക്കിക്കൊല ക്രൂരവും പ്രാകൃതവും ഏറെ നേരം നീണ്ടുനിൽക്കുന്നതുമാണെന്നു ഹർജിക്കാരനു വേണ്ടി ഹാജരായ അഡ്വ.
റിഷി മൽഹോത്ര ചൂണ്ടിക്കാട്ടി. വിഷം കുത്തിവച്ചുള്ള മരണം വേഗത്തിലുള്ളതും മനുഷ്യത്വമുള്ളതുമാണ്.
തൂക്കിക്കൊല്ലാൻ വിധിക്കപ്പെടുന്നയാൾ ഏറെ നേരത്തെ വേദനയും കഷ്ടപ്പാടും സഹിക്കേണ്ടിവരുന്നു. 40 മിനിറ്റോളം എടുത്താണ് തൂക്കിക്കൊലയിൽ ഒരാൾ മരിക്കുന്നത്.
വിഷം കുത്തിവയ്ക്കുന്നതിനു പുറമേ വെടിവച്ചു കൊല്ലൽ, ഷോക്കടിപ്പിക്കൽ, ഗ്യാസ് ചേംബറിൽ അടച്ചുള്ള വധശിക്ഷ എന്നിവയും പരിഗണിക്കാമെന്നും ഹർജിയിൽ വാദിച്ചു. അഭിമാനത്തോടെ മരിക്കാനുള്ള അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം പൗരന് ഉണ്ടെന്നും ചൂണ്ടിക്കാട്ടി.
എന്നാൽ, ഇങ്ങനെയൊരു നിർദേശം നടപ്പാക്കൽ സാധ്യമല്ലെന്നാണു കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ കോടതിയെ അറിയിച്ചത്.
ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചായിരുന്നു ഹർജി പരിഗണിച്ചത്. ‘കാലാനുസൃതമായ മാറാൻ സർക്കാർ തയാറാവുന്നില്ല’ എന്നാണ് ബെഞ്ച് വാക്കാൽ നിരീക്ഷിച്ചത്.
തൂക്കിക്കൊല വളരെ പഴക്കംചെന്ന ശിക്ഷാരീതിയാണ്. കാലാനുസൃതമായി ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു – കോടതി ചൂണ്ടിക്കാട്ടി.
എന്നാൽ, കുറ്റവാളിക്ക് ശിക്ഷാരീതി തിരഞ്ഞെടുക്കാൻ അവസരം നൽകുന്നത് നയപരമായ വിഷയമാണെന്നു സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക സോണിയ മാത്തൂർ പറഞ്ഞു. ഹർജി നവംബർ 11ന് വീണ്ടും പരിഗണിക്കാനായി മാറ്റി.
…
FacebookTwitterWhatsAppTelegram

