കൂത്താട്ടുകുളം∙ 35 വർഷം മുൻപ് 2 പ്രാവശ്യം വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ കൂത്താട്ടുകുളം മറ്റയ്ക്കാട്ട് കെ. മോഹനൻ ഇന്ന് പൂർണ ആരോഗ്യവാനാണ്.
രണ്ടാമത്തെ ശസ്ത്രക്രിയ നടത്തിയിട്ട് കഴിഞ്ഞ സെപ്റ്റംബർ 18ന് 35 വർഷം കഴിഞ്ഞെന്ന് മോഹനൻ പറയുമ്പോൾ ആത്മവിശ്വാസത്തോടെയുള്ള പുഞ്ചിരി ആ മുഖത്ത് വിരിയും. കൃഷി വകുപ്പിൽ നിന്നും ഡപ്യൂട്ടി ഡറക്ടറായി വിരമിച്ച മോഹനന് ഇപ്പോൾ 63 വയസ്സുണ്ട്.
വീട്ടിലെ കൃഷി പണികളും വോളിബോൾ, ബാഡ്മിന്റൺ, ക്രിക്കറ്റ് ഉൾപ്പെടെയുള്ള കായിക വിനോദങ്ങളെല്ലാം മോഹനന് ഇന്നും വഴങ്ങും.
1988ൽ കൃഷി ഓഫിസറായി ജോലി സ്ഥിരപ്പെടുന്നതിനു തൊട്ടുമുൻപ് അപ്രതീക്ഷിതമായാണ് മോഹനന്റെ 2 വൃക്കകളും തകരാറിലായതായി കണ്ടെത്തിയത്. വൃക്ക മാറ്റി വയ്ക്കുകയാല്ലാതെ മറ്റു മാർഗമില്ലെന്നു ഡോക്ടർമാർ വിധിയെഴുതി.
ജോലി സ്ഥിരമാകുന്നതിനുള്ള പിഎസ്സി അഭിമുഖം കഴിഞ്ഞ് മോഹനൻ നേരെ പോയത് കോഴിക്കോട് മെഡിക്കൽ കോളജിൽ സർജറിക്കു വിധേയനാകാനാണ്. അമ്മയുടെ വൃക്കയാണ് അന്ന് ഇരുപത്തിയേഴുകാരനായ മോഹനന് മാറ്റി വച്ചത്.
8 ലക്ഷം രൂപ ചിലവായി.
എന്നാൽ 6 മാസത്തിനുള്ളിൽ മാറ്റി വച്ച വൃക്കയും തകരാറിലായി. വീണ്ടും ഡയലിസിസും ചികിത്സയും തുടരേണ്ടതായി വന്നു.
1990 സെപ്റ്റംബർ 18ന് ചെന്നൈയിലെ ആശുപത്രിയിൽ വീണ്ടും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കു വിധേയനായി. തുടർന്ന് മാസങ്ങൾ കൊണ്ട് മോഹനൻ പഴയ ജീവിതം തിരിച്ചു പിടിച്ചു.
കോഴിക്കോട്, മലപ്പുറം, കണ്ണൂർ, എറണാകുളം, കോട്ടയം ജില്ലകളിൽ ജോലി ചെയ്തു. ജീവിത ശൈലിയിൽ വെജിറ്റേറിയൻ ഭക്ഷണത്തിന് പ്രാധാന്യം നൽകുകയും ജങ്ക് ഫുഡ്സ് ഒഴിവാക്കുകയും ചെയ്തു.
മറ്റെല്ലാം ജോലികളും ഏതൊരാളെ പോലെ താനും ചെയ്യുമെന്ന് മോഹനൻ പറയുന്നു. അവയവ മാറ്റ ശസ്ത്രക്രിയ നടത്തിയ ഒട്ടേറെ പേർ അതിന്റെ തുടർ ചികിത്സാ ചിലവ് കൂടുതലായതിനാൽ ബുദ്ധിമുട്ടുന്നുണ്ട്.
ഇതിൽ സർക്കാർ ഇടപെടൽ ഉണ്ടായി സഹായങ്ങൾ എത്തിക്കണമെന്ന ആവശ്യവും മോഹനൻ മുന്നോട്ടു വയ്ക്കുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]