വൈക്കം ∙ കോവിലകത്തുംകടവ് മത്സ്യമാർക്കറ്റിലെ ആധുനിക മത്സ്യ വിപണന കേന്ദ്രത്തിൽ നിന്നു ലക്ഷങ്ങളുടെ സാധനങ്ങൾ മോഷണം പോയി. വിപണന കേന്ദ്രത്തിലെ മാലിന്യ ട്രീറ്റ്മെന്റ് പ്ലാന്റിലെ മോട്ടർ, കെട്ടിടത്തിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന ഫ്രീസറിന്റെ മോട്ടർ, മത്സ്യം ഉണക്കാൻ ഉപയോഗിക്കുന്ന യന്ത്രത്തിന്റെ അലുമിനിയം സാമഗ്രികൾ എന്നിവയാണ് മോഷണം പോയത്. കെട്ടിടത്തിലെ വയറിങ്ങും സ്വിച്ച് ബോർഡും അലുമിനിയം വലകളും അഴിച്ചെടുത്ത നിലയിലാണ്. സീലിങ്ങും നശിപ്പിച്ചു.
കൂടാതെ മാസങ്ങൾക്കു മുൻപ് മാർക്കറ്റിൽ ഉദ്ഘാടനം ചെയ്ത വഴിയിടം ശുചിമുറിയുടെ മോട്ടറും മോഷ്ടാക്കൾ അപഹരിച്ചു.
കഴിഞ്ഞദിവസം നഗരസഭ മത്സ്യമാർക്കറ്റ് കെട്ടിടം ധീവരസഭ 202-ാം നമ്പർ ശാഖാ യോഗത്തിന് വാടകയ്ക്കു നൽകിയിരുന്നു. മാസങ്ങളായി അടഞ്ഞുകിടന്ന കെട്ടിടം തിങ്കളാഴ്ച ധീവരസഭ പോളശേരി ദേവസ്വം ഭാരവാഹികൾ പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിയുന്നത്.
ഇവർ വൈക്കം നഗരസഭയിൽ വിവരം അറിയിച്ചു. 2015ൽ 1.47 കോടി രൂപ മുതൽ മുടക്കി തീരദേശ വികസന കോർപറേഷനാണ് കോവിലകത്തുംകടവിൽ ആധുനിക മത്സ്യ വിപണന കേന്ദ്രം സ്ഥാപിച്ചത്. ഉദ്ഘാടന ശേഷം വിപണന കേന്ദ്രം നഗരസഭയ്ക്ക് കൈമാറി. എന്നാൽ തീരദേശ പരിപാലന നിയമം പാലിക്കാതെ പണിത കെട്ടിടത്തിന് നമ്പർ നൽകാൻ നഗരസഭയ്ക്ക് കഴിഞ്ഞില്ല.
വൈദ്യുതി കണക്ഷൻ എടുക്കാൻ കഴിയാതെ ഫ്രീസറും ഉപകരണങ്ങളും നശിച്ചു.
ചില ഉപകരണങ്ങൾ പായ്ക്കറ്റു പോലും പൊട്ടിക്കാതെ നശിച്ചു. വിപണന കേന്ദ്രത്തിലെ സ്റ്റാളിനു നഗരസഭയ്ക്ക് വാടക കൊടുക്കണമെന്ന നിബന്ധനയും വിനയായി. ഇതോടെ നിലവിൽ മാർക്കറ്റ് പ്രവർത്തിക്കുന്ന സ്ഥലത്തു തന്നെ മത്സ്യ വിപണനം തുടർന്നു.
കെട്ടിടത്തിന്റെ മുൻപിലായി ഏകദേശം 10 അടിയോളം ഉയരത്തിൽ മതിലു പോലെയാണ് മത്സ്യം കൊണ്ടുവരുന്ന പെട്ടികൾ അടുക്കി സൂക്ഷിച്ചിരിക്കുന്നത്.
ഇതിന്റെ മറവിൽ എന്തു സംഭവിച്ചാലും പെട്ടെന്നാരും അറിയില്ല. ഒരു വാഹനവും ഉപയോഗ ശൂന്യമായി കിടക്കുന്നുണ്ട്.
കെട്ടിടം വാടകയ്ക്ക് എടുത്തവർ ഇതെല്ലാം വൃത്തിയാക്കാനുള്ള ശ്രമത്തിലാണ്. പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നു നഗരസഭ അധ്യക്ഷ പ്രീത രാജേഷ്, ഉപാധ്യക്ഷൻ പി.ടി.സുഭാഷ് എന്നിവർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]