ശ്രീമൂലനഗരം∙ സബ് റജിസ്ട്രാർ ഓഫിസിന്റെ പഴയ കെട്ടിടം കാടുകയറി നശിക്കുന്നു. 10 വർഷങ്ങൾക്കു മുൻപ് സബ് റജിസ്ട്രാർ ഓഫിസ് ഇതിനോടു ചേർന്നു നിർമിച്ച പുതിയ കെട്ടിടത്തിലേക്കു മാറ്റിയതിനു ശേഷം പഴയ കെട്ടിടം അടഞ്ഞു കിടക്കുകയാണ്. രാജഭരണ കാലത്ത് നിർമിച്ച കെട്ടിടത്തിന് ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട്, കൃത്യമായ പരിചരണത്തിന്റെ അഭാവം മൂലം കെട്ടിടം നാശത്തിന്റെ വക്കിലാണ്.
മേൽക്കൂരയിലെ ഓട് പലതും തകർന്നതു കാരണം മഴയത്ത് അകത്തേക്ക് വെള്ളം വീഴുന്നു. വെറുതേ കിടക്കുന്നതു കാരണം അകത്ത് പൊടിയും മാറാലയും നിറഞ്ഞു.
കെട്ടിടത്തിന്റെ മുൻവശം കുറ്റിക്കാടു നിറഞ്ഞിരിക്കുകയാണ്. ഇതിനകത്തേക്ക് ആർക്കും കടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്.
കുറ്റിക്കാടുകൾക്കിടയിലൂടെ ശ്രീമൂലനഗരം സബ് റജിസ്ട്രാർ ഓഫിസ് എന്ന പഴയ ബോർഡ് കാണാം.
ഇതിനു തൊട്ടു പിറകിലുള്ള അകവൂർ ഹൈസ്കൂളിന്റെ സുരക്ഷിതത്വത്തിനും കുറ്റിക്കാടുകൾ ഭീഷണിയാണ്. കുറ്റിക്കാടുകൾ നീക്കം ചെയ്യുന്നതിനോ കെട്ടിടം സംരക്ഷിക്കുന്നതിനോ റജിസ്ട്രേഷൻ വകുപ്പ് ഒരു നടപടിയും എടുക്കുന്നില്ല.
6 മാസം മുൻപ് സബ് റജിസ്ട്രാർ പണം മുടക്കിയാണ് കുറ്റിക്കാടുകൾ നീക്കിയത്. മഴയത്ത് അവ വീണ്ടും വളർന്നു. കെട്ടിടം വെറുതെയിടാതെ സബ് റജിസ്ട്രാർ ഓഫിസിൽ വരുന്ന ഉപയോക്താക്കൾക്ക് ഇരിക്കാനും വിശ്രമിക്കാനും ഉപയോഗിക്കാം എന്നു നാട്ടുകാർ ചൂണ്ടിക്കാട്ടി.
ഇപ്പോൾ ഉപയോക്താക്കൾ പുതിയ കെട്ടിടത്തിന്റെ വരാന്തയിലാണ് നിൽക്കുന്നത്. ഇവിടെ ഇരിക്കാനുള്ള സൗകര്യം പരിമിതമാണ്.
പഴയ കെട്ടിടത്തിൽ ഏകാംഗ ട്രഷറി ആരംഭിക്കാം എന്നാണ് മറ്റൊരു നിർദേശം.
റജിസ്ട്രേഷൻ ഫീസും സ്റ്റാംപ് പേപ്പർ ഫീസും മറ്റും ഇപ്പോൾ സബ് റജിസ്ട്രാർ ഓഫിസിൽ സ്വീകരിക്കില്ല. അത് ട്രഷറിയിൽ ചെന്ന് അടയ്ക്കണം.
അതിനായി അങ്കമാലിയിലോ പെരുമ്പാവൂരോ ആലുവയിലോ പോകണം. 20 വർഷങ്ങൾക്കു മുൻപ് ശ്രീമൂലനഗരത്ത് ഏകാംഗ ട്രഷറി അനുവദിച്ചിരുന്നു.
പഞ്ചായത്ത് ഓഫിസിനോടു ചേർന്ന് പഞ്ചായത്ത് അതിനായി ഒരു മുറി അനുവദിക്കുകയും ബോർഡ് സ്ഥാപിക്കുകയും ചെയ്തു. എന്നാൽ ട്രഷറി പ്രവർത്തനം ആരംഭിച്ചില്ല.
കുറെ നാളുകൾ കഴിഞ്ഞ് ബോർഡ് നീക്കം ചെയ്തു. ഏകാംഗ ട്രഷറി വീണ്ടും അനുവദിച്ചാൽ ഉപയോക്താക്കൾക്ക് ഇവിടെ പണം അടയ്ക്കാൻ കഴിയും. ജില്ലയിൽ ഏറ്റവും കൂടുതൽ സ്ഥലമുള്ള സബ് റജിസ്ട്രാർ ഓഫിസ് ശ്രീമൂലനഗരത്തേത് ആണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.
80 സെന്റോളം സ്ഥലം ഇവിടെയുണ്ട്. എന്നാൽ അത് ഉപയോഗപ്പെടുത്താതെ നശിപ്പിക്കുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]