ചെങ്ങന്നൂർ ∙ രണ്ടര വർഷത്തെ ഇടവേളയ്ക്കു ശേഷം ചെങ്ങന്നൂർ ജില്ലാ സ്റ്റേഡിയത്തിന്റെ നിർമാണം പുനരാരംഭിച്ചു. ഇൻഡോർ സ്റ്റേഡിയം, സിന്തറ്റിക് ട്രാക്ക് എന്നിവയുടെ നിർമാണജോലികളാണു നടക്കുന്നത്.
2018-19 ൽ 42 കോടി രൂപ അടങ്കലിൽ കിഫ്ബി ധനസഹായത്തോടെ പെരുങ്കുളം പാടത്തെ 20 ഏക്കറിൽ ആരംഭിച്ച സ്റ്റേഡിയം നിർമാണം രണ്ടര വർഷമായി മുടങ്ങിക്കിടക്കുകയായിരുന്നു. 65% നിർമാണം പൂർത്തിയായ ശേഷമാണു പണികൾ നിലച്ചത്.
അവശേഷിക്കുന്ന നിർമാണ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിനു കഴിഞ്ഞ ഫെബ്രുവരിയിൽ 32 കോടി രൂപ കിഫ്ബി ഫണ്ടിൽ നിന്ന് അനുവദിച്ച് ഉത്തരവായിരുന്നു.
നീന്തൽക്കുളത്തിനായി 5 കോടി രൂപ മന്ത്രി സജി ചെറിയാന്റെ നിർദേശത്തെ തുടർന്നു 2025-26 ബജറ്റിൽ വകയിരുത്തുകയും ചെയ്തിരുന്നു. നിർമാണ പ്രവൃത്തികൾ പുനരാരംഭിക്കാൻ വൈകിയതു മൂലം പ്രവൃത്തി ഏറ്റെടുത്ത ഏജൻസിയായ കിറ്റ്കോയും കരാറുകാരനും തമ്മിൽ സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ തർക്കമുണ്ടായ സാഹചര്യത്തിൽ മന്ത്രി ഇടപെട്ട് ഏജൻസിയെയും കരാറുകാരനെയും ഒഴിവാക്കി സംസ്ഥാന കായികവകുപ്പിന്റെ നോഡൽ ഏജൻസിയായ സ്പോർട്സ് കേരള ഫൗണ്ടേഷനെ പുതിയ ചാലകം (എസ്പിവി) ആയി നിയമിക്കുകയും ചെയ്തു.അവശേഷിക്കുന്ന ജോലികൾ സംബന്ധിച്ച് ഏജൻസി കിഫ്ബിയ്ക്കു സമർപ്പിച്ച എസ്റ്റിമേറ്റിനാണ് അംഗീകാരം ലഭിച്ചത്.
ഇതു പ്രകാരമുള്ള ജോലികളാണു നടക്കുന്നത്.
സ്റ്റേഡിയത്തിൽ എന്തൊക്കെ ?
സിന്തറ്റിക് ട്രാക്ക്, നാച്വറൽ ഫുട്ബോൾ ടർഫ്, പവിലിയനുകൾ, ഗാലറികൾ, ഇൻഡോർ സ്റ്റേഡിയം, ഫ്ലഡ് ലൈറ്റ് സംവിധാനം, വിഐപി ലോഞ്ച്, പമ്പ് ഹൗസ്, ബോർവെൽ, പവർ സബ് സ്റ്റേഷൻ, അഗ്നിശമന സംവിധാനങ്ങൾ, ആവശ്യമായ ഉപകരണങ്ങൾ, തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉൾപ്പെടെ രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയമാണ് നിർമിക്കുന്നത്. എല്ലാത്തരം കായിക, ഗെയിംസ് ഇനങ്ങളും നടത്തുവാൻ കഴിയുന്ന ട്രാക്കും, ഇൻഡോർ സ്റ്റേഡിയവും, ഒളിംപിക്സ് നിലവാരത്തിലുള്ള നീന്തൽക്കുളവും ഉൾപ്പെടുന്നു.
സ്പോർട്സ് ഹോസ്റ്റലുകൾ, പാർക്ക്, പ്രത്യേക ക്രിക്കറ്റ് ഗ്രൗണ്ട് എന്നിവ അടുത്ത ഘട്ടത്തിൽ നടപ്പാക്കാനും ലക്ഷ്യമിടുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]