വടശേരിക്കര ∙ പതിനെട്ടു വർഷങ്ങൾക്കു ശേഷം വടശേരിക്കര ടൗണിനു സമീപം വരെ കാട്ടാന വീണ്ടുമെത്തി. ടൗൺ കടന്ന് കിടങ്ങുമൂഴി ഭാഗത്തേക്കു പോയില്ലെന്നു മാത്രം.
ഒളികല്ല്, കുമ്പളത്താമൺ മേഖലകളിൽ ഭീതി വിതയ്ക്കുന്ന കാട്ടാന വടശേരിക്കര ടൗണിനു സമീപം വരെയെത്തിയതോടെ ജനം പരിഭ്രാന്തിയിലായി. 2007 ഓഗസ്റ്റ് 13ന് ആണ് ഇല്ലിക്കൊമ്പൻ വടശേരിക്കര ടൗണിലെത്തിയത്.
ഒളികല്ലിലൂടെയെത്തിയ ആന കല്ലാറ്റിൽ ഇറങ്ങുകയായിരുന്നു. പിന്നീട് താഴേക്കു പോയി.
പുലർച്ചെ അഞ്ചേകാലിനു പത്ര വിതരണത്തിനിടെ കൊച്ചുമോനാണ് ആനയെ ആദ്യം കാണുന്നത്.
ബൈക്കിനു മുന്നിൽ പോയ ആന കിടങ്ങുമൂഴി ഭാഗത്തു നിന്ന് റബർ തോട്ടത്തിലൂടെ വടശേരിക്കര സ്റ്റേഡിയം ഭാഗത്തെത്തി. വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.
തലനാരിഴയ്ക്കാണ് അവർ രക്ഷപ്പെട്ടത്. പിന്നീട് ബംഗ്ലാംകടവ്–വലിയകുളം റോഡ് മറി കടന്നെത്തിയ ആന പുരയിടത്തിലിരുന്ന വയോധികനെ അടിച്ചു കൊന്നു.
പിന്നീട് ബംഗ്ലാംകടവ്–മുക്കം റോഡിലൂടെ പമ്പാനദിയിൽ ഇറങ്ങുകയായിരുന്നു. ആറിന്റെ ഇരുകരകളിലും ജനം സംഘടിച്ചതോടെ കരയ്ക്കു കയറാൻ കഴിഞ്ഞില്ല.
ഉച്ചവരെ ആറ്റിൽ ചുറ്റിത്തിരിഞ്ഞ ശേഷം കല്ലാറ്റിലൂടെ ഒളികല്ല് വഴി മടങ്ങുകയായിരുന്നു. ഇന്നലെയാണ് ആന വീണ്ടും വടശേരിക്കരയിൽ എത്തിയത്.
കല്ലാറും കടന്നു
ചെറുകാവ് അമ്പലം പടി–ഒളികല്ല് റോഡിന്റെ വലതു വശത്ത് ഒട്ടേറെ കുടുംബങ്ങൾ താമസമുണ്ട്. അവരെല്ലാം റോഡിനോടു ചേർന്നാണു താമസിക്കുന്നത്.
കല്ലാറിന്റെ തീരം വഴിയാണ് കാട്ടാന എത്തിയത്. അതിനാൽ ആനയുടെ സാന്നിധ്യം അവർ അറിഞ്ഞില്ല.
പുലർച്ചെ ഒന്നര മുതൽ തീരങ്ങളിൽ ശബ്ദം കേട്ടിരുന്നതായി സമീപവാസികൾ പറയുന്നു. എന്നാൽ ആരും പുറത്തിറങ്ങി നോക്കിയില്ല.
ഇന്നലെ രാവിലെ കയ്യാല ഇടിഞ്ഞു കിടക്കുന്നതു കണ്ടു നടത്തിയ പരിശോധനയിലാണ് ആനയെത്തിയത് അറിയുന്നത്.
രാവിലെ 8 മണിയോടെ ഒളികല്ല് സ്വദേശി രാജേഷ്കുമാറിന്റെ നേതൃത്വത്തിൽ സമീപവാസികൾ തീരങ്ങളിൽ തിരച്ചിൽ നടത്തി. അവരാണ് വി കെയർ ആശുപത്രിക്കു പിന്നിലൂടെ ആന പരുവാനിക്കൽ പുരയിടത്തിൽ വരെ എത്തിയത് ആദ്യം കണ്ടെത്തിയത്.
തുടർന്ന് അവർ ആറിന്റെ എതിർ കരയിലുമെത്തി പരിശോധിച്ചു. ആന കല്ലാർ കടന്ന് ഇരുകരകളിലും എത്തിയിരുന്നു.
കടമാൻകുന്ന് അമ്പലം ഭാഗത്തും ആനയെത്തിയിരുന്നു. തീരത്ത് ആനയുടെ കാൽപാടുകൾ പലയിടങ്ങളിൽ കണ്ടെങ്കിലും മടങ്ങിപ്പോകുന്നതാരും കണ്ടില്ല.
ആനകൾ നിന്നാൽ കാണാത്ത വിധം കാടാണു തീരങ്ങളിൽ. മുളങ്കൂട്ടങ്ങൾക്കിടയിൽ ആന നിന്നാലും കാണാനാകില്ല.
ഇന്നലെ രാവിലെ 10 മണിയോടെ ഒളികല്ല് റോഡിനോടു ചേർന്നു ശങ്കരമംഗലം തോട്ടത്തിൽ കണ്ട കാട്ടാന ഇതാകാമെന്നു സംശയമുണ്ട്.
ആനത്താര തെളിഞ്ഞു
ശങ്കരമംഗലം തോട്ടത്തിൽ പലയിടത്തും ആനത്താരകളുണ്ട്.
ഇതുവഴി സ്ഥിരമായി ആനയെത്തുന്നു. ജനവാസ കേന്ദ്രത്തിൽ ആന കടക്കാതിരിക്കാൻ വനാതിർത്തിയിൽ സൗരോർജ വേലി സ്ഥാപിച്ചിരുന്നു.
അവയെല്ലാം ആന നശിപ്പിച്ചു. ശങ്കരമംഗലം തോട്ടത്തിൽ പുതുതായി തൈകൾ നട്ട
ഇരുവശങ്ങളിലും സൗരോർജ വേലി സ്ഥാപിച്ചിരുന്നു. അവയും നശിപ്പിച്ചു.
150 മൂടോളം റബർ മരങ്ങൾ തോട്ടത്തിൽ പിഴുതു തള്ളിയിട്ടുണ്ട്. ഇതിന്റെ എതിർ കരയിൽ കല്ലാറിന്റെ തീരത്തുള്ള കൈത തോട്ടത്തിൽ സ്ഥാപിച്ചിരുന്ന സൗരോർജ വേലിയും വിളക്കുമെല്ലാം ആനകൾ നശിപ്പിച്ചു.
പകലും രാത്രിയും ആനയെത്തുന്നതിനാൽ ജനം ഭീതിയിലാണ്. ഇന്നലെ രാവിലെ മുതൽ വടശേരിക്കര ടൗണിലേക്കും അതു വ്യാപിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]