പാലക്കാട്: ചെന്താമര പ്രതിയായ നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ വിധി ഇന്ന്. പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയാണ് വിധി പറയുന്നത്.
പ്രതി ഈ കേസിൽ ജാമ്യത്തിലിറങ്ങി ഇരട്ടക്കൊലപാതകം നടത്തിയത് കേരളത്തെ ഞെട്ടിച്ചിരുന്നു. പിന്നാലെയാണ് ആറു വർഷങ്ങൾക്കു ശേഷം വിചാരണ നടപടികൾ പൂർത്തിയാക്കി കോടതി വിധി പറയുന്നത്.
2019 ഓഗസ്റ്റ് 31നാണ് അയൽവാസിയായിരുന്ന നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയൻസ് കോളനിയിലെ സജിതയെ വീട്ടിൽ കയറി ചെന്താമര എന്ന ചെന്താമരാക്ഷൻ വെട്ടിക്കൊന്നത്. ഭാര്യ പിണങ്ങിപ്പോകാൻ കാരണക്കാരി എന്ന് സംശയിച്ചായിരുന്നു ക്രൂര കൊലപാതകം.
സാഹചര്യ തെളിവുകളും പ്രതിയുടെ ഭാര്യ അടക്കം അൻപത് സാക്ഷികളുടെ മൊഴിയുമാണ് കേസിൽ നിർണായകമായത്. വിധി വരുന്നതോടൊപ്പം നെന്മാറ ഇരട്ടക്കൊലപാതകക്കേസിന്റെ വിചാരണ നടപടികൾ ആരംഭിക്കാനും ആലോചനയുണ്ട്.
സജിത വീട്ടിൽ ഒറ്റയ്ക്കുള്ള തക്കം നോക്കിയായിരുന്നു ചെന്താമര ക്രൂര കൊലപാതകം നടത്തിയത്. കൊല നടന്ന ദിവസം മക്കൾ സ്കൂളിലും ലോറി ഡ്രൈവറായ ഭർത്താവ് സുധാകരൻ തമിഴ്നാട്ടിലുമായിരുന്നു.
സജിത അടുക്കളയിൽ ഭക്ഷണം പാകം ചെയ്ത് കൊണ്ടിരിക്കുന്നതിനിടെയാണ് അയൽവാസി ചെന്താമര കൊടുവാളുമായെത്തിയത്. ശരീരത്തിൽ തുടരെ തുടരെ വെട്ടി വീഴ്ത്തി.
മരിച്ചെന്നുറപ്പായതോടെ രക്തം പുരണ്ട കൊടുവാൾ വീട്ടിൽ വെച്ച് നെല്ലിയാമ്പതി മലയിൽ ഒളിവിൽ പോയി.
വിശന്നു വലഞ്ഞതോടെ രണ്ടു ദിവസത്തിന് ശേഷം മലയിറങ്ങി വന്നു. പിന്നാലെയാണ് പൊലീസ് കസ്റ്റഡിയിലാകുന്നത്.
ഭാര്യയും മകളും തന്നെ വിട്ടു പോകാൻ കാരണം സജിതയെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രതിയുടെ മൊഴി. മൂന്നു മാസം കൊണ്ട് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചെങ്കിലും ശാസ്ത്രീയ തെളിവുകൾ ഹാജരാക്കാനാവാതെ വന്നതോടെ വിചാരണ നീണ്ടു.
ജാമ്യത്തിലിറങ്ങിയശേഷം ഇരട്ടക്കൊലപാതകം വിയ്യൂർ ജയിലിലെ വിചാരണത്തടവുകാരനായി രണ്ടു വർഷവും ഒൻപതു മാസത്തേയും ജയിൽവാസത്തിന് ശേഷം ചെന്താമരയ്ക്ക് ജാമ്യം ലഭിച്ചു. നെന്മാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നും കേരളത്തിൽ നിന്ന് പുറത്ത് പോകരുതെന്നുമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്.
17 മാസങ്ങൾക്കും ശേഷം ജാമ്യത്തിൽ ഇളവു തേടി ചെന്താമര കോടതിയെ സമീപിച്ചു. നെന്മാറ പഞ്ചായത്തിൽ പ്രവേശിക്കരുതെന്ന് ജാമ്യവ്യവസ്ഥ ചുരുക്കി.
പിന്നാലെ കേരളത്തിന് പുറത്ത് പലയിടങ്ങളിലായി ജോലി നോക്കി. ജാമ്യ വ്യവസ്ഥ ലംഘിച്ച് നെന്മാറയിലെ വീട്ടിൽ ഇടക്കിടെ ചെന്താമരയെത്തി.
ഇതിനിടെ ഇക്കഴിഞ്ഞ ജനുവരി 27 നായിരുന്നു സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊന്നത്. ജാമ്യ വ്യവസ്ഥ ലംഘിച്ച് രണ്ടു മാസം മുമ്പ് നെന്മാറയിലെ വീട്ടിൽ സ്ഥിരതാമസമാക്കിയായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്.
ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിൽ 20 ദിവസത്തിനകം സജിത വധക്കേസിലെ ജാമ്യം കോടതി റദ്ദാക്കി. മെയ് 27 ന് കുറ്റപത്രം വായിച്ചു കേൾപ്പിച്ചെങ്കിലും ചെന്താമര കുറ്റം നിഷേധിച്ചു.
ഫോറൻസിക് ലാബ് റിപ്പോർട്ട് പൊലീസിന് ലഭിച്ചതോടെ ഓഗസ്റ്റ് നാലിന് വിചാരണ നടപടികൾ തുടങ്ങി. ആകെ 66 സാക്ഷികളിൽ 16 പേരെ ഒഴിവാക്കി.
ചെന്താമരയുടെ ഭാര്യയെ ആണ് ആദ്യം വിസ്തരിച്ചത്. കൊലയ്ക്കുപയോഗിച്ച ആയുധം വീട്ടിലുണ്ടായിരുന്നതാണെന്നും ചെന്താമര മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നുവെന്നുമാണ് ഭാര്യയുടെ മൊഴി.
പ്രതിയുടെ വസ്ത്രവും തിരിച്ചറിഞ്ഞു. ചെന്താമരയുടെ സഹോദരൻ, കൊല്ലപ്പെട്ട
സജിതയുടെ മകൾ ഉൾപ്പെടെ 52 പേരെ പ്രൊസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. കഴിഞ്ഞ മാസം നാലിന് വിചാരണ നടപടികൾ പൂർത്തിയായി.
സജിതയുടെ വീട്ടിലെ രക്തത്തിൽ പ്രതി ചെന്താമരയുടെ കാൽപാടുകൾ, ഷർട്ടിന്റെ കീശയുടെ ഭാഗം, സാഹചര്യ തെളിവുകള്, പ്രതി കൃത്യം നടത്തി പുറത്തിറങ്ങിയത് കണ്ട അയൽവാസി പുഷ്പയുടെ മൊഴി തുടങ്ങിയവയാണ് കേസിൽ നിർണായകമായത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]