കോഴിക്കോട്∙ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്തിന്റെ മുഖച്ഛായ മാറ്റിയ പ്രിസം പദ്ധതിയെ തൊട്ടറിയാൻ കശ്മീരിൽ നിന്നുള്ള അധ്യാപകരും വിദ്യാർഥിനികളും കോഴിക്കോട്ട്. ശ്രീനഗർ കോത്തിബാഗ് ഗവ.
ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരായ മറിയം അക്ബർ, ഹുമരിയ ഷാ, ഷെയ്ക്ക് സഹൂർ എന്നിവരുടെ നേതൃത്വത്തിൽ പ്ലസ് വണ്ണിലും ഒൻപതിലും പഠിക്കുന്ന അഞ്ചുവീതം വിദ്യാർഥിനികളാണ് നടക്കാവ് ഗേൾസ് ജിവിഎച്ച്എസ്എസിലെത്തിയത്.
നടക്കാവ് ഗേൾസ് സ്കൂളിൽ കേരളത്തിലെ പ്രിസം പദ്ധതിക്കു തുടക്കമിടുന്നതിന് പങ്കാളികളായ ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ ഒരുക്കിയ സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായായിരുന്നു സന്ദർശനം. രാജ്യത്തെ രണ്ട് വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കിടയിൽ സാംസ്കാരിക പഠനം സാധ്യമാക്കുക, പരസ്പര ബഹുമാനവും സഹകരണവും വളർത്തിയെടുക്കുക എന്നിവയാണ് സന്ദർശനം വഴി ലക്ഷ്യമിടുന്നത്.
കോഴിക്കോടു നിന്നുള്ള വിദ്യാർഥികൾക്കും അധ്യാപകർക്കും കശ്മീരും കോത്തിബാഗ് സ്കൂൾ സന്ദർശനവും ഒരുക്കുന്ന കാര്യവും ഫൗണ്ടേഷൻ ആലോചിക്കുന്നുണ്ട്.
സ്കൂൾ ചുറ്റി നടന്നു കണ്ട കശ്മീരി സംഘം സ്കൂളിലെ വിദ്യാർഥിനികളുമായി സംവദിച്ചു.
കേരളത്തിലെ സമ്പൂർണ സാക്ഷരതയെ കുറിച്ചും ഇവിടത്തെ മുഴുവൻ വിദ്യാർഥികളും സ്കൂളുകളിൽ എത്തുന്നതിന്റെയും രഹസ്യത്തെ കുറിച്ചായിരുന്നു കശ്മീരിൽ നിന്നെത്തിയ വിദ്യാർഥിനികൾക്ക് അറിയാൻ താൽപര്യം. കേരളത്തിന്റെ പാരമ്പര്യവും സാംസ്കാരിക പശ്ചാത്തലവും വിശദീകരിച്ചാണ് നടക്കാവ് ഗവ.
ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സി.ഗിരീഷ് കുമാർ ഇതിനു മറുപടി പറഞ്ഞത്.
സംരംഭക ദമ്പതികളായ കോഴിക്കോട് സ്വദേശി ഫൈസൽ കൊട്ടിക്കോളനും ഷബാനയും സ്ഥാപിച്ച ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയാണ് ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ. പ്രിസം മാതൃകയിൽ കശ്മീരിലെ കോത്തിബാഗ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനെയും കൈപിടിച്ചുയർത്തുകയാണ് ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ.
20 കോടി രൂപ ചെലവഴിച്ച പ്രവർത്തനങ്ങൾ അവിടെ അന്തിമ ഘട്ടത്തിലാണ്. 27 ന് ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനം നടക്കും.
സമഗ്രവും ഗുണനിലവാരമുള്ളതുമായ നടക്കാവ് മോഡൽ വിദ്യാഭ്യാസം കശ്മീരിലെ വിദ്യാർഥികൾക്കും ലഭ്യമാക്കുകയാണ് ലക്ഷ്യം.
നടക്കാവ് സ്കൂളിൽ എത്തിയ കശ്മീരി സംഘത്തെ വാദ്യഘോഷത്തോടെ സ്കൂൾ പ്രിൻസിപ്പൽ സി.ഗിരീഷ് കുമാർ, ഫൈസൽ ആൻഡ് ഷബാന ഗ്രൂപ്പ് പ്രോജക്ട് മാനേജർ റോഷൻ ജോൺ, പ്രോഗ്രാം കോഓർഡിനേറ്റർമാരായ അഖീഷ്മ, അഡ്നാൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. കോഴിക്കോടിന്റെ രുചിയും ആളുകളുടെ സ്നേഹവും മനസ് നിറച്ചെന്ന് കശ്മീർ സ്കൂളിലെ അധ്യാപികമാരായ മരിയയും ഹുമരിയയും പറഞ്ഞു.
രണ്ടു ദിവസം കൂടി കോഴിക്കോടുണ്ട്. കാരപ്പറമ്പ് സ്കൂൾ, കോർപറേഷൻ ഓഫിസ് എന്നിവിടങ്ങളിലും സംഘം സന്ദർശിച്ചു.
മേയർ ബീന ഫിലിപ്പുമായും സംഘം കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച മിഠായിത്തെരുവ്, കടലുണ്ടി പക്ഷി സങ്കേതം, തുല ക്ലിനിക്കൽ വെൽനസ് എന്നിവിടങ്ങളിലും സംഘം സന്ദർശനം നടത്തും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]