തിരുവനന്തപുരം ∙ ജലഅതോറിറ്റിയുടെ അറ്റകുറ്റപ്പണി കാരണം മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്പർ സ്പെഷ്യൽറ്റി, മറ്റു വാർഡുകൾ, ഹോസ്റ്റലുകൾ തുടങ്ങിയിടങ്ങളിൽ ശുദ്ധജലവിതരണം മുടങ്ങി. പ്രാഥമികാവശ്യങ്ങൾക്ക് പോലും വെള്ളമില്ലാതെ കൂട്ടിരിപ്പുകാരും രോഗികളും നെട്ടോട്ടത്തിലായി.
ജലഅതോറിറ്റി നേരത്തെ അറിയിപ്പ് നൽകിയിരുന്നുവെങ്കിലും ആശുപത്രി അധികൃതർ പകരം സംവിധാനം ഒരുക്കാത്തതാണ് ദുരിതം ഇരട്ടിപ്പിച്ചത്. ഉള്ളൂർ ഇളങ്കാവിൽ ക്ഷേത്രത്തിന് സമീപത്തെ പ്രധാന പൈപ്പിലെ വാൽവ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു നടത്തിയ അറ്റകുറ്റപ്പണിയാണ് ആളുകളെ വലച്ചത്.
ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 5 വരെയായിരുന്നു അറ്റകുറ്റപ്പണി നടത്തുമെന്ന് അറിയിച്ചിരുന്നത്.
എന്നാൽ ഇന്നലെ ഉച്ച വരെയും മെഡിക്കൽ കോളജ് ആശുപത്രിയിലും ഹോസ്റ്റലിലും ഉൾപ്പെടെ ശുദ്ധജലവിതരണം പൂർണമായും മുടങ്ങി. കുപ്പിവെള്ളവും നേരത്തെ ശേഖരിച്ചു വച്ചിരുന്ന വെള്ളവുമാണ് രോഗികളും കൂട്ടിരിപ്പുകാരും ഉപയോഗിച്ചത്.
ജലഅതോറിറ്റി അറിയിപ്പ് നേരത്തെ നൽകിയിരുന്നുവെങ്കിലും ആശുപത്രി അധികൃതർ ടാങ്കറുകളിൽ ഉൾപ്പെടെ വെള്ളം എത്തിക്കുന്നതിൽ അലംഭാവം കാണിച്ചതായി ആരോപണം ഉയർന്നിട്ടുണ്ട്.
കുളിക്കാനും കുടിക്കാനും മറ്റു പ്രാഥമിക ആവശ്യങ്ങൾക്കും വെള്ളമില്ലാതെ വന്നതോടെ ഭക്ഷണം കഴിക്കാൻ പോലും സാധിക്കാത്ത സ്ഥിതിയായി. ഹോസ്റ്റലുകളിൽ ഉള്ളവരിൽ അടുത്ത ജില്ലകളിലും സ്ഥലങ്ങളിലും ഉള്ളവർ സ്വന്തം വീടുകളിലേക്ക് മടങ്ങി.
ശനിയാഴ്ച രാവിലെ ആരംഭിച്ച പണി നീണ്ടു പോയതാണ് ജലവിതരണത്തിലെ കാലതാമസത്തിന് കാരണം. ഇന്നലെ പണി പൂർത്തിയാക്കി പമ്പിങ് പുനഃരാരംഭിച്ചതായും രാത്രിയോടെ മുഴുവൻ സ്ഥലങ്ങളിലും ജലം എത്തിയെന്നാണ് വിലയിരുത്തലെന്നും ജലഅതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.
ആശുപത്രിയിലെ ജലവിതരണത്തിൽ തടസ്സം നേരിടാതിരിക്കാൻ പകരം സംവിധാനം ഏർപ്പെടുത്തിയിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]