തളിപ്പറമ്പ് ∙ തീപിടിത്തത്തിൽ നഗരം നടുങ്ങി നിൽക്കുമ്പോൾ സമീപത്തെ സൂപ്പർ മാർക്കറ്റിൽ കവർച്ച നടന്നു. കഴിഞ്ഞദിവസം തീപിടിച്ച കെവി കോംപ്ലക്സിൽനിന്ന് 100 മീറ്ററോളം അകലെയുള്ള നബ്രാസ് സൂപ്പർ മാർക്കറ്റിലാണ് സ്ത്രീ വേഷധാരി പതിനായിരത്തോളം രൂപയുടെ സാധനങ്ങൾ കവർന്നത്.
തീപിടിത്തത്തെ തുടർന്ന് തടിച്ചുകൂടിയ ആളുകൾക്കിടയിലൂടെ സാധനങ്ങളുമായി മുങ്ങിയ മോഷ്ടാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. 2 കയ്യിലും സഞ്ചികളുമായെത്തിയ മോഷ്ടാവ് സാധനങ്ങൾ ഇവയിൽ നിറയ്ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും മുഖം മറച്ചതിനാൽ ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.പിന്നാലെ മറ്റൊരു സ്ത്രീയും കവർച്ച നടത്താൻ ശ്രമിച്ചെങ്കിലും ജീവനക്കാർ കയ്യോടെ പിടികൂടി സാധനങ്ങൾ തിരിച്ചുവാങ്ങി.
പൊലീസ് അന്വേഷണം തുടങ്ങി.
തളിപ്പറമ്പിൽ തീപിടിച്ച കടകൾ വൃത്തിയാക്കാൻ അനുമതിയായില്ല
തളിപ്പറമ്പ് ∙ നഗരത്തിലെ അഗ്നിബാധയിൽ കത്തിയെരിഞ്ഞ കടകൾ ശുചീകരിക്കാൻ ഇനിയും അന്തിമാനുമതിയായില്ല. അഗ്നിബാധയിൽ കത്തിയ നൂറിലധികം മുറികളിലെ തകർന്ന സാധനങ്ങളും പൊട്ടിത്തെറിച്ച ഗ്ലാസ്സ് കഷണങ്ങളും ഉരുകിയ ഇരുമ്പ്, അലുമിനീയം സാധനങ്ങളും ഉൾപ്പെടെ കെട്ടിക്കിടക്കുകയാണ്.
ഇവ ശുചീകരിക്കുന്നതിനായി വ്യാപാരികൾ നഗരസഭ അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും അനുമതി തേടിയിരുന്നു. തുടർന്നു നഗരസഭാധ്യക്ഷ മുർഷിദ കൊങ്ങായിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് മേധാവികളുമായി ബന്ധപ്പെട്ടിരുന്നു.
ഇലക്ട്രിക്കൽ, ഫോറൻസിക് വിഭാഗങ്ങളുടെ പരിശോധന പൂർത്തിയാകാത്തതിനാൽ ആദ്യം അനുമതി നിഷേധിച്ചെങ്കിലും പരിശോധന നടത്തേണ്ട ഭാഗങ്ങൾ ഒഴികെയുള്ളവ ശുചീകരിക്കാൻ സമ്മതിച്ചിരുന്നു.
അഗ്നിബാധയ്ക്കു ശേഷമുള്ള നടപടികൾ പൂർത്തിയാക്കാൻ സാങ്കേതികത്വം പരിഗണിക്കേണ്ടതില്ലെന്ന എം.വി.ഗോവിന്ദൻ എംഎൽഎയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു ശുചീകരണത്തിന് അനുമതി നൽകിയത്.
ആവശ്യമായ സുരക്ഷാ സജ്ജീകരണങ്ങളും നടപടികളും ഏർപ്പെടുത്തി മാത്രമേ ശുചീകരണം നടത്താവൂ എന്നു ജില്ലാ ആരോഗ്യ വകുപ്പ് അധികൃതരും നിർദേശം നൽകിയിരുന്നു.തുടർന്നു നഗരസഭ ഭരണാധികാരികളുടെയും നേതൃത്വത്തിൽ സർവകക്ഷി തീരുമാനമെടുത്ത് ഇന്നലെ രാവിലെ മുതൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സന്നദ്ധ സംഘടന പ്രവർത്തകരെയും ശുചീകരണത്തൊഴിലാളികളെയും തയാറാക്കുകയും ചെയ്തിരുന്നു.
എന്നാൽ നഗരസഭാ ഉദ്യോഗസ്ഥർ തന്നെ ഇതു തടയുകയും കലക്ടർ ഉൾപ്പെടെയുള്ളവരെ വിവരമറിയിച്ചു ശുചീകരണ പ്രവർത്തനങ്ങൾ നിർത്തണമെന്ന് ആവശ്യപ്പെട്ടെന്നും ആരോപണമുണ്ട്. നഗരസഭാ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തില്ലാത്തതിനാൽ ഇന്ന് ഇവർ എത്തിയശേഷം മാത്രമേ ഇനി ശുചീകരണ പ്രവർത്തനങ്ങളെക്കുറിച്ചു തീരുമാനമെടുക്കാൻ സാധിക്കൂ.
തൊഴിലാളികൾക്ക് സഹായപദ്ധതിയും
തളിപ്പറമ്പ് ∙ അഗ്നിബാധക്കിരയായ വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കു സഹായം നൽകുന്നതിനുള്ള പദ്ധതിയും വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പാക്കും.
കെ.വി.കോംപ്ലക്സിൽ തീപിടിച്ച വ്യാപാര സ്ഥാപനങ്ങളിലായി നാനൂറോളം തൊഴിലാളികളാണുള്ളത്. ഓരോ കുടുംബത്തിനും ആവശ്യമായ പച്ചക്കറിയും ഭക്ഷ്യവസ്തുക്കളും ഉൾപ്പെടുന്ന 2 കിറ്റുകൾ വീതം ഇന്നുമുതൽ നൽകുമെന്ന് ഏകോപന സമിതി പ്രസിഡന്റ് കെ.എസ്.റിയാസ്, സെക്രട്ടറി വി.താജുദ്ദീൻ എന്നിവർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

