ഏറ്റുമാനൂർ ∙ ശബരിമലയിലെ സ്വർണപ്പാളി കാണാതായ സംഭവത്തിൽ മന്ത്രി വി.എൻ.വാസവന്റെ രാജി ആവശ്യപ്പെട്ട് മന്ത്രിയുടെ ഏറ്റുമാനൂർ മണ്ഡലത്തിലെ ഓഫിസിലേക്ക് ബിജെപി മാർച്ച് നടത്തി. ഇന്നലെ ഉച്ചയ്ക്ക് മാർച്ച് കഴിഞ്ഞു പോയ ബിജെപി പ്രവർത്തകരെ സിപിഎം പ്രവർത്തകർ റോഡിലിട്ട് മർദിച്ചു.
12 വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ ഏഴു പേർക്കു പരുക്കേറ്റു. മന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് ഉൾപ്പെടെയുള്ളവരാണ് ആക്രമിച്ചതെന്ന് ബിജെപി ആരോപിച്ചു.
വൈകിട്ട് കോട്ടയം നഗരത്തിൽ ബിജെപി നടത്തിയ പ്രകടനത്തിൽ സിഐടിയു പ്രവർത്തകന് മർദനമേറ്റു.
പ്രകടനമായെത്തിയ ബിജെപി പ്രവർത്തകരെ ഏറ്റുമാനൂർ സെൻട്രൽ ജംക്ഷനുമുൻപ് പൊലീസ് തടഞ്ഞു. ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചവർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്.സമരം കഴിഞ്ഞ് മടങ്ങിയ ബിജെപി പ്രവർത്തകർ സിപിഎമ്മിന്റെ കൊടിമരം തകർത്തുവെന്നാരോപിച്ച് സിപിഎം പ്രകടനം തുടങ്ങി. ഈ പ്രകടനത്തിൽ പങ്കെടുത്തവരാണ് റോഡരികിൽ നിന്ന ബിജെപി പ്രവർത്തകരെ ആക്രമിച്ചത്.
വാകത്താനത്തുനിന്ന് അമ്മയോടൊപ്പം പ്രകടനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മർദനമേറ്റ 12 വയസ്സുള്ള പെൺകുട്ടി.മർദനം കണ്ടുനിന്ന പൊലീസുമായി ബിജെപി പ്രവർത്തകർ വാക്കുതർക്കമുണ്ടായി. സിപിഎം പ്രവർത്തകർ വീണ്ടും സംഘടിച്ചെത്തി ബിജെപി പ്രവർത്തകരെ ആക്രമിച്ചു.
ഇതിൽ പ്രകോപിതരായ ബിജെപി പ്രവർത്തകർ ജംക്ഷന് സമീപമുള്ള സിപിഎം കൊടിമരങ്ങളിൽ 2 എണ്ണം ഒടിച്ചു.
അക്രമം നടത്തിയ സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഷോൺ ജോർജ്, സി.കൃഷ്ണകുമാർ, കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ എംസി റോഡിൽ ഏറ്റുമാനൂർ സെൻട്രൽ ജംക്ഷനിൽ കുത്തിയിരുന്നു. 45 മിനിറ്റോളം ജംക്ഷനിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു.
പരുക്കേറ്റ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് എടുക്കാമെന്ന് പൊലീസ് അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
ബിജെപി ഏറ്റുമാനൂർ മുനിസിപ്പൽ പ്രസിഡന്റ് ടി.ആർ.രാജേഷ്, കോട്ടയം മണ്ഡലം പ്രസിഡന്റ് വി.പി.മുകേഷ്, വൈസ് പ്രസിഡന്റ് സി.ആർ.അനീഷ്, സരുൺ അപ്പുക്കുട്ടൻ, സനീഷ് ഗോപി, നിഖിത ഷൈജു, 12 വയസ്സുള്ള പെൺകുട്ടി എന്നിവർക്കാണ് പരുക്കേറ്റത്. മുകേഷിന്റെ തലയ്ക്ക് 6 തുന്നിക്കെട്ടുണ്ട്.
പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ടാലറിയാവുന്ന 5 പേർക്കെതിരെ പൊലീസ് കേസ് എടുത്തു.
ബിജെപി മാർച്ചിനിടെ സിപിഎമ്മിന്റെ കൊടിമരങ്ങൾ നശിപ്പിക്കപ്പെട്ടതിൽ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയതെന്നും പ്രകടനം തടയാൻ ബിജെപി പ്രവർത്തകർ ശ്രമിച്ചെന്നും സിപിഎം ഏറ്റുമാനൂർ ഏരിയ സെക്രട്ടറി ബാബു ജോർജ് പറഞ്ഞു.വൈകിട്ട് കോട്ടയം നഗരത്തിൽ ബിജെപി പ്രകടനം നടത്തി.
കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെയും ഇടതുപക്ഷ സംഘടനകളുടെയും പോസ്റ്ററുകൾ ബിജെപി പ്രവർത്തകർ നശിപ്പിച്ചു.
തിരുനക്കര ടാക്സി സ്റ്റാൻഡിലുള്ള സിഐടിയു കൊടിമരവും തകർത്തു. ഇതു തടയാനെത്തിയ സിഐടിയു പ്രവർത്തകനായ ഡ്രൈവറെയാണ് സംഘം ചേർന്ന് മർദിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]