നീലേശ്വരം ∙ ജില്ലയിലെ കമുക് കർഷകരെ ആശങ്കയിലാക്കി മഹാളി രോഗബാധ വ്യാപകമാകുന്നു. മലയോര മേഖലകളിലാണ് രോഗബാധ കൂടുതൽ.
അപ്രതീക്ഷിതമായി ഉണ്ടായ വലിയ തോതിലുള്ള രോഗബാധ പ്രതിവർഷം ക്വിന്റൽ കണക്കിന് അടയ്ക്ക ലഭിച്ചിരുന്ന കമുക് കർഷകരുടെ വയറ്റത്തടിച്ചിരിക്കുകയാണ്. 15 ക്വിന്റലോളം അടയ്ക്ക ലഭിച്ചിരുന്ന മടിക്കൈ മലപ്പച്ചേരിയിലെ കമുക് കർഷകൻ ഐക്കോടൻ വീട്ടിൽ കുഞ്ഞമ്പു നായർക്ക് മഹാളി രോഗബാധയെ തുടർന്ന് ഈ വർഷം ഒരു ക്വിന്റൽ അടയ്ക്കപോലും വിൽക്കാൻ പറ്റിയിട്ടില്ല.
3 ഏക്കറിലായി ആയിരത്തോളം കമുകുകൾ ഉള്ള കുഞ്ഞമ്പു നായരുടെ തോട്ടത്തിൽ 90 ശതമാനത്തിനു മുകളിൽ കമുകുകളെ മഹാളി രോഗം ബാധിച്ചിട്ടുണ്ട്.
സാമാന്യം നല്ല തൂക്കം വയ്ക്കുന്ന കുലകൾ എല്ലാംതന്നെ രോഗം ബാധിച്ച് ചീഞ്ഞ അവസ്ഥയിലാണ്. താഴെവീണ അടയ്ക്കകൾ പെറുക്കിയെടുത്ത് അവയിൽ കുറച്ചു വലുത് വിൽക്കാൻ കൊണ്ടുപോയാൽ പരമാവധി 130 രൂപ വരെ മാത്രമാണ് കിലോയ്ക്ക് മാർക്കറ്റിലെ വില എന്നു കുഞ്ഞമ്പു നായർ പറയുന്നു.
നല്ല അടക്കയ്ക്കു 500 രൂപയ്ക്കു മുകളിൽ മാർക്കറ്റിൽ വിലയുള്ളപ്പോഴാണ് ഈ ദുരവസ്ഥ.
നീലേശ്വരം പാലായിയിലെ കമുക് കർഷകൻ ജനാർദനനും മഹാളി രോഗബാധ കാരണം വലിയ നഷ്ടം ഉണ്ടായിട്ടുണ്ട്. ജനാർദനന്റെ തോട്ടത്തിലും 900നു മുകളിൽ കമുകുകളെ മഹാളി രോഗം ബാധിച്ചിട്ടുണ്ട്.
നിനച്ചിരിക്കാതെ സംഭവിച്ച ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം എങ്ങനെ നികത്തുമെന്ന് മനസ്സിലാകാത്ത അവസ്ഥയിലാണ് 77 വയസ്സുള്ള കുഞ്ഞമ്പു നായരും 75 വയസ്സുള്ള ജനാർദനനും. കൃഷി വകുപ്പിന്റെയും സർക്കാരിന്റെയും സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കർഷകർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]