യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഒരൊറ്റ സോഷ്യൽ മീഡിയ പോസ്റ്റിനു പിന്നാലെ ക്രിപ്റ്റോകറൻസികളും ഓഹരി വിപണികളും നേരിട്ടത് കനത്ത തകർച്ച. ക്രിപ്റ്റോകറൻസികൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകർച്ചയിലേക്ക് കൂപ്പുകുത്തി.
യുഎസ് ഓഹരി വിപണികളിൽ നിന്ന് ഒറ്റദിവസംകൊണ്ട് ഒലിച്ചുപോയതാകട്ടെ 2 ട്രില്യൻ ഡോളറും; ഏകദേശം 175 ലക്ഷം കോടി രൂപ.
യുഎസിൽ പ്രാദേശിക സമയം (ഇ.ടി) രാവിലെ 10.57ന് ആണ് ചൈനയ്ക്കുമേൽ 100% അധികത്തീരുവ ചുമത്തുന്നതായും സോഫ്റ്റ്വെയർ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നും അറിയിച്ച് ട്രൂത്ത് സോഷ്യലിൽ ട്രംപിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ചൈനയിൽ നിന്ന് യുഎസിലെത്തുന്ന എല്ലാ ഇറക്കുമതിക്കും നിലവിലെ തീരുവയ്ക്ക് പുറമേ 100% നവംബർ ഒന്നുമുതൽ ചുമത്തുമെന്നാണ് ട്രംപ് പറഞ്ഞത്.
ലോകത്തെ അപൂർവ ധാതുക്കളുടെ (റെയർ എർത്ത്) 70 ശതമാനവും കൈവശമുള്ള ചൈന, ഡിസംബർ മുതൽ അവയുടെ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്.
ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിനു പിന്നാലെ യുഎസ് ഓഹരികൾ കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തി.
മറ്റൊരു സർവകാല ഉയരത്തിലേക്ക് കുതിക്കുകയായിരുന്ന എസ് ആൻഡ് പി500 സൂചിക 2.71% ഇടിഞ്ഞു. ഡൗ ജോൺസിന്റെ നഷ്ടം 900 പോയിന്റോളം (1.90%).
നാസ്ഡാക് 820 പോയിന്റും (-3.56%) കൂപ്പുകുത്തി. കഴിഞ്ഞ ഏപ്രിലിന് ശേഷം യുഎസ് സൂചികകൾ നേരിടുന്ന ഏറ്റവും വലിയ വീഴ്ചയുമായി ഇത്.
ഒറ്റദിവസം നിക്ഷേപകമൂല്യത്തിൽ നിന്ന് കൊഴിഞ്ഞുപോയത് 2 ട്രില്യൻ ഡോളറും.
യുഎസ് ഓഹരി വിപണികളുടെ വീഴ്ച യൂറോപ്യൻ, ഏഷ്യൻ വിപണികളെയും നഷ്ടത്തിലേക്ക് വീഴ്ത്തിയിരുന്നു. ഇന്ത്യൻ ഓഹരി വിപണിയുടെ വ്യാപാരം കഴിഞ്ഞശേഷമാണ് (ക്ലോസിങ്) ട്രംപിന്റെ പ്രഖ്യാപനം വന്നത്.
അതുകൊണ്ട്, ഇന്ത്യൻ ഓഹരികളെ തൽക്കാലം പ്രതിസന്ധി ബാധിച്ചിട്ടില്ല. തിങ്കളാഴ്ച വീണ്ടും വിപണി തുറക്കുന്നതിലേക്കാണ് ഏവരുടെയും ഉറ്റുനോട്ടം.
എന്തുകൊണ്ട് ഓഹരികൾ ചോരപ്പുഴയായി?
1) ലോകത്തെ ഏറ്റവും വലിയ ഒന്നും രണ്ടും സാമ്പത്തികശക്തികളായ യുഎസും ചൈനയും തമ്മിലെ വ്യാപാരയുദ്ധം വീണ്ടും കലുഷിതമാകുന്നത്, ഏതാണ്ടെല്ലാ രാജ്യങ്ങളെയും സാരമായി ബാധിക്കും.
ആഗോള സമ്പദ്വ്യവസ്ഥയിൽ കടുത്ത പ്രത്യാഘാതങ്ങളുണ്ടാകും.
2) നിലവിൽ ചൈനീസ് ഉൽപന്നങ്ങൾക്ക് ശരാശരി 40 ശതമാനമാണ് യുഎസ് ഈടാക്കുന്ന തീരുവ. ഇതിനുപുറമേയാണ് 100% ഏർപ്പെടുത്തുന്നത്.
ഇത് ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാരബന്ധം കൂടുതൽ വഷളാക്കും.
3) ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല. യുഎസ് ഉൽപന്നങ്ങൾക്കുമേൽ ചൈനയും തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചേക്കാം.
ദക്ഷിണ കൊറിയയിൽ ഈമാസം നടക്കുന്ന ഏഷ്യ-പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷൻ (അപെക്) ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു.
വൈകാതെ താൻ ചൈന സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ, കൂടിക്കാഴ്ച റദ്ദാക്കുന്നതായി താൻ പറയുന്നില്ലെന്നും ഇനി ഷിയെ കണ്ടതുകൊണ്ട് കാര്യമില്ലെന്നും ട്രംപ് പറഞ്ഞതും വിപണികൾക്ക് തിരിച്ചടിയായി.
എന്താണ് റിസ്ക്?
ഏവരും ഭയക്കുന്ന പ്രധാന റിസ്ക്, ചൈന ഏതുരീതിയിൽ പ്രതികരിക്കുമെന്നതാണ്.
കഴിഞ്ഞ ഏപ്രിലിൽ ട്രംപ് തിരിച്ചടിത്തീരുവ (റസിപ്രോക്കൽ താരിഫ്) പ്രഖ്യാപിച്ചപ്പോൾ ചൈന അതേനാണയത്തിൽ യുഎസിനെ തിരിച്ചടിച്ചിരുന്നു. ഇരു രാജ്യങ്ങളും വീണ്ടും പരസ്പരം തീരുവ കുത്തനെ കൂട്ടുന്നതിലേക്കും കാര്യങ്ങളെ നയിച്ചത് ആഗോള സാമ്പത്തികമേഖലയെത്തന്നെ ഉലച്ചിരുന്നു.
സമാനമായ ആശങ്കയാണ് ഇപ്പോഴും നിഴലിക്കുന്നത്.
മറ്റൊന്ന്, യുഎസ് ഇപ്പോഴും വലിയതോതിൽ ചൈനയെ ആശ്രയിക്കുന്നുണ്ട്. വാഹനം, ഇലക്ട്രോണിക്സ്, ധാതുക്കൾ, സോളർ തുടങ്ങി നിരവധി ശ്രേണികൾ അതിലുൾപ്പെടുന്നു.
ട്രംപ് ചൈനയ്ക്കുമേൽ കനത്ത തീരുവ പ്രഖ്യാപിച്ചത് ഫലത്തിൽ യുഎസിലെ കമ്പനികളെയും ഉപഭോക്താക്കളെയും തന്നെ തിരിഞ്ഞുകുത്തുമെന്ന ആശങ്കയും ശക്തം.
ക്രിപ്റ്റോയ്ക്ക് ചരിത്ര തകർച്ച
ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ചയാണ് വിറ്റൊഴിയൽ സമ്മർദത്തെ തുടർന്ന് ക്രിപ്റ്റോകറൻസികളും നേരിട്ടത്. ഒറ്റദിവസത്തെ നഷ്ടം 19 ബില്യൻ ഡോളർ.
ഏതാണ്ട് 1.7 ലക്ഷം കോടി രൂപ. ഈയാഴ്ചയുടെ തുടക്കത്തിൽ 1.25 ലക്ഷം ഡോളർ എന്ന എക്കാലത്തെയും ഉയരംതൊട്ട
ബിറ്റ്കോയിന്റെ വില 1.02 ലക്ഷത്തിലേക്ക് ഇടിഞ്ഞു. എഥറിയം, ലൈറ്റ്കോയിൻ, എക്സ്ആർപി, സൊലാന, ഓൾട്ട്കോയിൻ തുടങ്ങിയവ 25-90% വരെ നഷ്ടമാണ് വ്യാപാരത്തിനിടെ നേരിട്ടത്.
യുഎസ്-ചൈന തർക്കം ഓഹരി, ക്രിപ്റ്റോ, സ്വർണം, ക്രൂഡ് ഓയിൽ, ബോണ്ട് തുടങ്ങിയവയെല്ലാം ബാധിക്കുമെന്നാണ് വിലയിരുത്തൽ.
രാജ്യാന്തര ക്രൂഡ് ഓയിൽ വില (ഡബ്ല്യുടിഐ) ബാരലിന് 5 ശതമാനത്തിനടുത്ത് ഇടിഞ്ഞ് 58 ഡോളറിലേക്ക് വീണിരുന്നു. ബ്രെന്റ് ക്രൂഡ് വില 62 ഡോളറിലേക്കും നിലംപൊത്തി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]