കൊച്ചി∙ മനുഷ്യത്വത്തിന്റെയും സ്നേഹത്തിന്റെയും കരുതൽ വിധിന്യായങ്ങൾക്കപ്പുറം പ്രവൃത്തിയിലും തെളിയിച്ച് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എം.ബി.സ്നേഹലത. അപകടത്തിൽ പരുക്കേറ്റു രക്തം വാർന്നൊഴുകുന്ന സ്കൂട്ടർ യാത്രികയെ ഔദ്യോഗിക വാഹനത്തിൽ ആശുപത്രിയിലെത്തിച്ചാണു ജസ്റ്റിസ് നീതിയുടെ വഴികാട്ടിയത്.
ഇന്നലെ രാവിലെ 9ന് പാലാരിവട്ടം ബൈപാസിലെ മേൽപാലത്തിനു താഴെ ഏറെ തിരക്കേറിയ സിവിൽലൈൻ റോഡിലേക്കു തിരിയുന്നിടത്തായിരുന്നു അപകടം. ഹൈക്കോടതിയിലേക്കുള്ള യാത്രയിലായിരുന്നു ജസ്റ്റിസ് സ്നേഹലത.
അപ്പോഴാണു തമ്മനം സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ സ്വകാര്യ ബസ് ഇടിച്ച് അപകടമുണ്ടായത്.
റോഡിലേക്കു വീണ സുനിത താജുദ്ദീന്റെ (45) കാലിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങി. ആളുകൾ ബസ് ഉയർത്തിയാണു സുനിതയെ പുറത്തെടുത്തത്.
തൊട്ടുപിന്നിൽ ഔദ്യോഗിക വാഹനത്തിലുണ്ടായിരുന്ന ജസ്റ്റിസ് സ്നേഹലത, ഒട്ടും സമയം കളയാതെ സുനിതയെ വാഹനത്തിൽ കയറ്റി തൊട്ടടുത്തുള്ള എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ എത്തിച്ചു. വലതുകാലിന് ആഴത്തിൽ പരുക്കേറ്റ സുനിതയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ശേഷം ഡോക്ടർ എത്തി മറ്റു പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ജസ്റ്റിസ് ആശുപത്രി വിട്ടത്. ഏകദേശം മുക്കാൽ മണിക്കൂറോളം ജസ്റ്റിസ് സ്നേഹലത ആശുപത്രിയിൽ ചെലവഴിച്ചു.
ഉച്ചയോടെ സുനിതയുടെ ആരോഗ്യനില അന്വേഷിച്ച് ജസ്റ്റിസിന്റെ ഓഫിസിൽ നിന്നു സാമൂഹിക പ്രവർത്തകനും രക്ഷാപ്രവർത്തകനുമായ പി.കെ.അസീസിന് ഫോൺ കോൾ എത്തി.
സുനിതയെ ആശുപത്രിയിൽ എത്തിക്കുന്ന സമയത്ത് മറ്റൊരാവശ്യത്തിനായി ആശുപത്രിയിലെത്തിയ അസീസ് സുനിതയെ കാറിൽ നിന്നിറക്കാനും കാറിലെ രക്തം തുടച്ചു വൃത്തിയാക്കാനും മുന്നിലുണ്ടായിരുന്നു.
ആശുപത്രിയിൽ നേരിട്ടു പോയി വിവരങ്ങൾ തിരക്കി അറിയിക്കുമോ എന്നു ചോദിച്ചായിരുന്നു ഫോൺ കോൾ എന്ന് അസീസ് പറഞ്ഞു. ഉടനെ ആശുപത്രിയിലെത്തി സുനിതയുടെ ഭർത്താവ് താജുദീനുമായി സംസാരിച്ച് വിവരങ്ങൾ അസീസ് ജസ്റ്റിസിന്റെ ഓഫിസിൽ അറിയിച്ചു.
വാഹനം ഓടിച്ച താജുദീന് നിസ്സാര പരുക്കുണ്ട്. ഉച്ചയോടെ ശസ്ത്രക്രിയയ്ക്കു വിധേയയായ സുനിത ആശുപത്രിയിൽ ചികിത്സയിലാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]