ഹരിപ്പാട് ∙ കെ.സി.വേണുഗോപാൽ എംപിയും ഡിവിഷനൽ െറയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രാകർ ഉൾപ്പെടെയുള്ള റെയിൽവേ ഉന്നതതല ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘവും സന്ദർശിച്ചത് ഹരിപ്പാട് റെയിൽവേ സ്റ്റേഷന് വികസന പ്രതീക്ഷയേകുന്നു. ക്ഷേത്ര നഗരമായ ഹരിപ്പാട്ട് ഉത്സവ നാളുകളിൽ ട്രെയിനുകൾക്ക് പ്രത്യേക സ്റ്റോപ് അനുവദിക്കാൻ തീരുമാനിച്ചതായി കെ.സി.വേണുഗോപാൽ എംപി പറഞ്ഞു.
ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ചിത്തിര ഉത്സവും മണ്ണാറശാല ആയില്യം ഉത്സവവും നടക്കുന്ന ദിവസങ്ങളിലാണ് സ്റ്റോപ്് അനുവദിച്ചത്.
പ്രത്യേക ട്രെയിനിൽ എത്തിയ എംപി, ഡിആർഎം എന്നിവർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ 30 മിനിറ്റോളം യാത്രക്കാരുടെ പരാതി കേൾക്കുകയും നിവേദനങ്ങൾ വാങ്ങി വിലയിരുത്തുകയും ചെയ്തു. പ്ലാറ്റ് ഫോമുകളിൽ ആവശ്യത്തിന് മേൽക്കൂരയില്ലാത്തത് എംപി ഡിആർഎമ്മിന്റെ ശ്രദ്ധയിൽപ്പെടുത്തി.
ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ച് മേൽക്കൂര നിർമാണം സംബന്ധിച്ച് വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടു.
സ്ത്രീകളുടെ വിശ്രമമുറി പൂട്ടി താക്കോൽ സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസിൽ സൂക്ഷിക്കുകയാണ്. സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽ നിന്ന് താക്കോൽ വാങ്ങിയാലേ ശുചിമുറി ഉപയോഗിക്കാൻ കഴിയൂ, റെയിൽവേ സ്റ്റേഷനിൽ മുലയൂട്ടാനുള്ള സൗകര്യമില്ല തുടങ്ങിയ പരാതികൾ ഡിആർഎം ഗൗരവമായി എടുത്തു.
ഉടൻ സ്റ്റേഷൻ മാസ്റ്ററെ വിളിച്ചു വരുത്തി. വിശ്രമമുറി തുറന്നിടണമെന്ന് നിർദേശിച്ചു.
മുലയൂട്ടൽ കേന്ദ്രം എത്രയും വേഗം ആരംഭിക്കാൻ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചു. നങ്ങ്യാർകുളങ്ങര റെയിൽവേ മേൽപാലത്തിന്റെ നിർമാണ പുരോഗതി സംബന്ധിച്ചുള്ള വിവരങ്ങൾ എംപി ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്തു കഴിഞ്ഞ് അറിയിപ്പ് ലഭിച്ചാലുടൻ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ലിഫ്റ്റ് ഇല്ലാത്തത് മൂലം യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടും രണ്ടാം നമ്പർ പ്ലാറ്റ് ഫോമിൽ ശുചിമുറി സൗകര്യം ഇല്ലാത്തതും എംപി ഡിആർഎമ്മിന്റെ ശ്രദ്ധയിൽപെടുത്തി.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു.
റെയിൽവേ സ്റ്റേഷൻ റോഡ് തകർന്നു കിടക്കുകയാണെന്നും വശങ്ങൾ കാടുപിടിച്ചു കിടക്കുന്നതു മൂലം ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും ശല്യം രൂക്ഷമാണെന്നും പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ഹരിപ്പാട് ടൗൺ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എസ്.ദീപു നിവേദനം നൽകി. റെയിൽവേ സ്റ്റേഷൻ റോഡിന്റെ പണി ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. കരുവാറ്റ റെയിൽവേ സ്റ്റേഷൻ വികസനം സംബന്ധിച്ച് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.കെ.സുരേന്ദ്രനാഥ് നിവേദനം നൽകി.
ഹരിപ്പാട് റെയിൽവേ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക, കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ എംപിയുടെ ശ്രദ്ധയിൽ പെടുത്തി. സ്റ്റേഷന്റെ ശോച്യാവസ്ഥ ബോധ്യപ്പെട്ട എംപി സ്വീകരിക്കേണ്ട
നടപടികളെ സംബന്ധിച്ചു ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകി. നിവേദനങ്ങളും ആവശ്യങ്ങളും സംബന്ധിച്ചു അനുഭാവപൂർവമായ നടപടികൾ സ്വീകരിക്കുമെന്നു എംപി ഉറപ്പു നൽകി.
സീനിയർ ഡിവിഷനൽ ഓപ്പറേഷൻ മാനേജർ വിജുവിൻ, സീനിയർ ഡിവിഷനൽ കമേഴ്സ്യൽ മാനേജർ വൈ.സെൽവിൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
കരുവാറ്റ റെയിൽവേ സ്റ്റേഷൻ ടിക്കറ്റ് കൗണ്ടർ
കരുവാറ്റ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടർ തുറന്നു പ്രവർത്തിപ്പിക്കാൻ കരാർ ക്ഷണിച്ചെങ്കിലും ആരും അപേക്ഷിച്ചില്ല. വ്യക്തികൾ തയാറായാൽ റെയിൽവേ കരാർ അടിസ്ഥാനത്തിൽ ടിക്കറ്റ് കൗണ്ടർ പ്രവർത്തനം പുനരാരംഭിക്കുമെന്നു ഉദ്യോഗസ്ഥർ പറഞ്ഞു.
കരുവാറ്റ ഊട്ടുപറമ്പ്, ആയാപറമ്പ് മങ്കുഴി എന്നീ അടിപ്പാതകളിലെ വെള്ളക്കെട്ട് പരിഹരിക്കാൻ സ്ഥലം സന്ദർശിച്ച് നടപടിയെടുക്കാൻ റെയിൽവേ ഉദ്യോഗസ്ഥരെ എംപി ചുമതലപ്പെടുത്തി.
മണ്ണാറശാല ആയില്യം:ഹരിപ്പാട്ട് താൽക്കാലിക സ്റ്റോപ്
ഹരിപ്പാട് . മണ്ണാറശാല ആയില്യം ഉത്സവം പ്രമാണിച്ച് നവംബർ 11ന് തിരുനൽവേലി ജംനഗർ എക്സ്പ്രസ് ട്രെയിന് ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ് അനുവദിച്ചതായി റെയിൽവേ അറിയിച്ചു.
കെ.സി.വേണുഗോപാൽ എംപി ആവശ്യപ്പെട്ടതനുസരിച്ചാണ് സ്റ്റോപ് അനുവദിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]