പന്തളം ∙ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വർണാഭരണങ്ങൾ മോഷ്ടാവ് കവർന്നു. കുരമ്പാല തെക്ക് പെരുമ്പാലൂർ ദേവീക്ഷേത്രത്തിനു സമീപം ഗൗരീശത്തിൽ ദിനേശ് കുമാറിന്റെ ഭാര്യ രജിതയുടെ ആഭരണങ്ങളാണ് മോഷ്ടിച്ചത്.
രണ്ടേകാൽ പവന്റെ മാലയും 2 പവന്റെ കൊലുസ്സുകളുമാണ് നഷ്ടമായത്. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഭവം.
ദിനേശ് കുമാറും കുടുംബവും മൂകാംബിക യാത്ര കഴിഞ്ഞു മടങ്ങിയെത്തിയ ദിവസമാണ് സംഭവം. സമീപത്തെയും എംസി റോഡിന് കിഴക്ക് മൈനാപ്പള്ളിൽ ഭാഗത്തുള്ളതുമായ 7 വീടുകളിൽ മോഷണശ്രമവും നടന്നു.
യാത്രാക്ഷീണം കാരണം നല്ല ഉറക്കത്തിലായിരുന്നു കുടുംബാംഗങ്ങൾ.
ഇടയ്ക്ക് കാലിൽ ആരോ സ്പർശിക്കുന്നെന്ന് തോന്നിയ രജിത ഭയന്നെഴുന്നേറ്റു ബഹളം വച്ചതോടെ മോഷ്ടാവ് കടന്നുകളയുകയായിരുന്നു. രജിതയുടെ മാലയും കൊലുസ്സുകളും ഇതിനകം മോഷ്ടാവ് കൈക്കലാക്കിയിരുന്നു.
തൊട്ടടുത്ത മുറിയിൽ കിടന്ന മാതാവ് ഓമനയമ്മ, ഇവരുടെ മാലയൂരി ഇതേ മുറിയിൽ മേശപ്പുറത്ത് വച്ചിരുന്നു.
ഈ മുറിയിൽ മോഷ്ടാവ് കയറാതിരുന്നതിനാൽ അതു നഷ്ടപ്പെട്ടില്ല. വീടിന്റെ അടുക്കളവാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. അലമാരയും മേശപ്പുറത്തിരുന്ന ബാഗും മോഷ്ടാക്കൾ തുറന്നു.
എസ്ഐ അനീഷ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ പൊലീസ് സംഘമെത്തി പരിശോധന നടത്തി. പൊലീസ് നായ വീടിന്റെ പരിസരത്തായി 500 മീറ്ററോളം ഓടിയെങ്കിലും കാര്യമായ തെളിവുകളൊന്നും കണ്ടെത്താനായില്ല.
ഷൈലജാകുമാരിയുടെ നേതൃത്വത്തിൽ വിരലടയാളങ്ങൾ ശേഖരിച്ചിട്ടുണ്ട്.
സമീപവാസികളായ കരൂർ വീട്ടിൽ വിനോദ് കുമാർ, കോടിയാട്ട് ഗോപിനാഥക്കുറുപ്പ്, ശ്രീരാഗത്തിൽ ശ്രീകുമാർ എന്നിവരുടെ വീടുകളിലായിരുന്നു മോഷണശ്രമം നടന്നത്. ഈ വീടുകളിൽ അടുക്കളവാതിലിനു പുറത്തായി ഇരുമ്പുവാതിൽ സ്ഥാപിച്ചിരുന്നതിനാൽ തുറക്കാൻ ശ്രമിച്ച ശേഷം പിൻമാറുകയായിരുന്നു. മൈനാപ്പള്ളിൽ ഭഗവതി വടക്കേതിൽ ലളിത, നന്മയിൽ പ്രസന്ന, മുകളയ്യത്ത് മധു, കച്ചിറമണ്ണിൽ രാജു എന്നിവരുടെ വീടുകളിലും മോഷണശ്രമം നടന്നു.
പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]