കാസർകോട് ∙ കേന്ദ്ര സർക്കാരിന്റെ ‘പ്രധാനമന്ത്രി ധൻ ധാന്യക്കൃഷി യോജന’ (പിഎം ധൻ ധാന്യക്കൃഷി) പദ്ധതിയിൽ കാസർകോടിനെയും കൂടി ഉൾപ്പെടുത്തിയതോടെ ജില്ലയിൽ കാർഷികോൽപാദനത്തിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിച്ച് കർഷകർ. കമുക്, നെല്ല്, തെങ്ങ് ഉൾപ്പെടെ ഒട്ടേറെ കാർഷിക വിളകളുള്ള ജില്ലയിൽ കേന്ദ്ര സർക്കാർ വിവിധ വകുപ്പുകളുടെ സഹായത്തോടെ പുതിയ പദ്ധതി നടപ്പാക്കുമ്പോൾ കാർഷിക മേഖലയിൽ വൻ മുന്നേറ്റ സാധ്യതയുണ്ടാകുമെന്നാണ് അധികൃതർ നിരീക്ഷിക്കുന്നത്. രാജ്യത്തെ 100 ജില്ലകൾക്കു കൈത്താങ്ങാകാനുള്ള ഈ പദ്ധതിയിൽ സംസ്ഥാനത്തെ കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളാണുള്ളത്.
പദ്ധതി സംബന്ധിച്ച് വിശദമായ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നു ജില്ലാ കൃഷി ഓഫിസിൽ നിന്നറിയിച്ചു.
ഇതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം ഓൺലൈൻ യോഗം ചേർന്നു. രാജ്യത്തു പദ്ധതി നടപ്പാക്കുന്ന ജില്ലകളിലെയും കേന്ദ്ര–സംസ്ഥാന കൃഷി വകുപ്പ് മേധാവികളുമാണു യോഗത്തിൽ പങ്കെടുക്കുന്നത്. ജില്ലയുടെ മേൽനോട്ടത്തിനായി നിലവിൽ കേന്ദ്രസർവീസിലുള്ള കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ എസ്.ഹരികിഷോറിനെ സെൻട്രൽ നോഡൽ ഓഫിസറായി നിയോഗിച്ചിട്ടുണ്ട്.
സർക്കാരിലെ 11 വകുപ്പുകളെ ഏകോപിപ്പിച്ചാണു പദ്ധതി നടപ്പാക്കുന്നത്.
ഈ വകുപ്പുകൾ കൃഷിയുമായി ബന്ധപ്പെട്ട പദ്ധതികൾ ജില്ലാ കാർഷിക വികസന പദ്ധതിയിലേക്കു സംയോജിപ്പിക്കും.
ഇതിനായി അതതു വകുപ്പുകളുടെ പദ്ധതി ഫണ്ടുകൾ, തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടുകൾ എന്നിവ ഉപയോഗപ്പെടുത്തും.
ഇതിനുപുറമേ സ്വകാര്യ കമ്പനികളുടെ സിഎസ്ആർ ഫണ്ടുകൾ പദ്ധതിയുടെ ഭാഗമാക്കും.കൃഷി, കർഷകക്ഷേമം, കാർഷികഗവേഷണം, വിദ്യാഭ്യാസം, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം, ജല വിഭവ–നദി വികസനം, ഗ്രാമീണ വികസനം, ഭൂവിഭവം, സഹകരണം, ഭക്ഷ്യ സംസ്കരണ വ്യവസായം, നൈപുണ്യ വികസനം–സംരംഭകത്വം തുടങ്ങിയ വിവിധ വകുപ്പുകളാണ് ആദ്യഘട്ടത്തിൽ പദ്ധതിയുടെ ഭാഗമാകുക. ഈ വകുപ്പുകളുടെ മേധാവികളുടെ യോഗം അടുത്ത ദിവസം നടക്കും.
കാർഷിക ഉൽപാദനത്തിലെ നിലവിലെ സ്ഥിതിയറിയുന്നതിനുള്ള സർവേയാണ് ആദ്യ ഘട്ടത്തിൽ നടത്തുക.
വിളകൾ തിരിച്ചറിയൽ, ഉൽപാദനക്ഷമത കുറവുള്ള സ്ഥലങ്ങൾ കണ്ടെത്തൽ, മണ്ണിന്റെ ആരോഗ്യം തിരിച്ചറിയൽ, കന്നുകാലികളുടെ രോഗങ്ങൾ എന്നിവയ്ക്കു സാധ്യതയുള്ള പ്രദേശങ്ങൾ തിരിച്ചറിയൽ തുടങ്ങിയവാണു സർവേയിൽ കണ്ടെത്തുക. സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാർഷിക വികസന മാതൃക തയാറാക്കും.
പ്രിൻസിപ്പൽ കൃഷി ഓഫിസർക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളിൽ കമ്മിറ്റികളുണ്ടാകും.
നിതി ആയോഗ് പദ്ധതിക്ക് ആവശ്യമായ ഉപദേശങ്ങൾ നൽകും.കേന്ദ്ര, സംസ്ഥാന സർവകലാശാലകൾ പദ്ധതിയുടെ ഭാഗമാകും. ഓരോ ജില്ലയ്ക്കും കാർഷിക വികസന പ്ലാൻ തയാറാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട
വിശദവിവരങ്ങൾ ലഭിച്ചാൽ തുടർനടപടികളുമായി മുന്നോട്ടു പോകുമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]