താമരശ്ശേരി ∙ നീണ്ട ഇടവേളയ്ക്കു ശേഷം കെഎസ്ആർടിസി താമരശ്ശേരി ഡിപ്പോയിൽ പുനഃസ്ഥാപിച്ച തിരുവനന്തപുരം സൂപ്പർഫാസ്റ്റ് സർവീസ് വീണ്ടും നിർത്തലാക്കി.
കഴിഞ്ഞ മാർച്ച് 8ന് താമരശ്ശേരി ഡിപ്പോയിൽ നിന്ന് ആരംഭിച്ച തിരുവനന്തപുരം സർവീസ് ലാഭകരമല്ലെന്ന് പറഞ്ഞു നിർത്തലാക്കിയിട്ട് 6 മാസം കഴിഞ്ഞു. താമരശ്ശേരി ഡിപ്പോയുടെ അഭിമാന സർവീസ് ആയിരുന്ന തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് സർവീസ് ബത്തേരി ഡിപ്പോയിലേക്ക് കൊണ്ടുപോയ ശേഷം അനുവദിച്ച പുതിയ സർവീസ് ചുരുങ്ങിയ നാൾ മാത്രമാണ് ഒാടിയത്. രാവിലെ 5.15ന് താമരശ്ശേരിയിൽനിന്നു പുറപ്പെട്ട് മലയോര ഹൈവേയിലൂടെ മുക്കം, അരീക്കോട്, തൃശൂർ, മൂവാറ്റുപുഴ, തൊടുപുഴ, പാലാ, ഈരാറ്റുപേട്ട, പത്തനംതിട്ട, പുനലൂർ, കിളിമാനൂർ വഴി രാത്രി 7നു കളിയിക്കാവിളയിൽ എത്തുന്നതായിരുന്നു സർവീസ്.
താമരശ്ശേരി ഡിപ്പോയിൽ നിന്നു 3 പതിറ്റാണ്ടിലേറെയായി ലാഭകരമായി സർവീസ് നടത്തിയിരുന്ന സൂപ്പർ ഫാസ്റ്റ് സർവീസ് കോവിഡ് കാലത്ത് നിർത്തലാക്കിയതിനു പകരം അനുവദിച്ച സർവീസാണ് നിർത്തലാക്കിയത്. ദീർഘ ദൂര സർവീസ് നടത്താൻ പരിശീലനം ലഭിച്ച ഡ്രൈവർ കം കണ്ടക്ടർ ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർ താമരശ്ശേരി ഡിപ്പോയിൽ ഇല്ലെന്ന് പറഞ്ഞാണു ലാഭകരമായി നടത്തിയിരുന്ന ഈ സർവീസ് കോവിഡ് കാലത്ത് ബത്തേരി ഡിപ്പോയിലേക്കു മാറ്റിയത്.
ഇതിനു പകരം ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച സർവീസാണ് നഷ്ടക്കണക്കു പറഞ്ഞു നിർത്തലാക്കിയത്.
പുതിയ സർവീസിന്റെ സമയക്രമവും മലയോര ഹൈവേയിലൂടെ വരുന്ന അധിക ദൂരവും വരുമാനം കുറയാൻ കാരണമായി പറയപ്പെടുന്നു. ദീർഘദൂര സർവീസ് നടത്താൻ ഡ്രൈവർ കം കണ്ടക്ടർ പരിശീലനം നേടിയ ജീവനക്കാരെ നിയമിക്കാത്തതാണ് ഈ സർവീസ് പുനഃക്രമീകരിക്കാതെ നിർത്തിയതിനുള്ള പ്രധാന കാരണം.
നെടുമങ്ങാട്, നെടുങ്കണ്ടം ഡിപ്പോകളിൽ നിന്ന് ഓരോ ബസുകൾ താമരശ്ശേരിയിൽ എത്തിച്ചാണു പുതിയ സർവീസ് ആരംഭിച്ചത്. സർവീസ് നിർത്തിയതോടെ ഈ ബസുകൾ അതതു ഡിപ്പോകളിലേക്കു കൊണ്ടുപോയി.
നിലവിൽ താമരശ്ശേരി ഡിപ്പോയിൽ നിന്ന് നടത്തിവന്ന ദീർഘദൂര സർവീസുകൾ ഏറെയും ഓരോ കാരണം പറഞ്ഞു നിർത്തലാക്കി ബസുകൾ മറ്റ് ഡിപ്പോകളിലേക്ക് കൊണ്ടുപോകുകയാണ്.
ഡ്രൈവർ കം കണ്ടക്ടർ ഡ്യൂട്ടി ചെയ്യുന്നതിന് പരിശീലനം കിട്ടിയ ജീവനക്കാരെ നിയമിച്ച് കുടുതൽ ദീർഘദൂര സർവീസുകൾ ആരംഭിക്കുന്നതിനു പകരം ഉള്ള സർവീസുകൾ നിർത്തലാക്കുന്നത് അധികൃതർ ഈ ഡിപ്പോയോട് പുലർത്തുന്ന അവഗണന വ്യക്തമാക്കുന്നു.
എം.കെ.മുനീർ എംഎൽഎ യുടെ ശ്രമഫലമായി താമരശ്ശേരി ഡിപ്പോയുടെ വിപുലീകരണത്തിനുള്ള നടപടി സ്വീകരിക്കുന്നതിനിടെയാണ് ഇവിടെ നിന്നുള്ള ദീർഘദൂര സർവീസുകൾ നിർത്തലാക്കുന്നത്. ഡിപ്പോ നവീകരണത്തിനുള്ള മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ബിൽഡിങ് വിഭാഗം ഉദ്യോഗസ്ഥർ, അർക്കിടെക്റ്റ് എന്നിവർ താമരശ്ശേരി ഡിപ്പോ സന്ദർശിച്ച് തുടർനടപടികൾ സ്വീകരിക്കുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]