കേരളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായി പവൻ വില 90,000 രൂപ കടന്നു. 840 രൂപ വർധിച്ച് 90,320 രൂപയിലാണ് ഇന്നു വ്യാപാരം.
ഗ്രാമിന് 105 രൂപ ഉയർന്ന് വില 11,290 രൂപയുമെത്തി. ഓരോ ദിവസവും പുത്തൻ നാഴികക്കല്ലുകൾ തകർത്ത് കുതിക്കുകയാണ് സ്വർണം.
85 രൂപ മുന്നേറി 9,355 രൂപയെന്ന റെക്കോർഡിലാണ് 18 കാരറ്റ് സ്വർണവിലയുള്ളത്. വെള്ളിവില മാറിയില്ല; ഗ്രാമിന് 163 രൂപ.
രാജ്യാന്തര വിപണിയിലെ മുന്നേറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.
രാജ്യാന്തര വില ഔൺസിന് 4,000 ഡോളർ എന്ന നിർണായക ‘മാന്ത്രികസംഖ്യ’ ഭേദിച്ചു. 38 ഡോളർ ഉയർന്ന് 4,018 ഡോളറിലാണ് ഇപ്പോൾ വ്യാപാരം.
ഈ വർഷത്തിന്റെ തുടക്കത്തിൽ 2,500 ഡോളർ മാത്രമായിരുന്ന വിലയാണ്, മാസങ്ങൾകൊണ്ട് 4,000 കടന്നത്. 2026ൽ 5,000 കടക്കുമെന്നാണ് നിരീക്ഷക പ്രവചനങ്ങൾ.
കേരളത്തിൽ പവന് വില ലക്ഷം രൂപയും മറികടക്കാനുള്ള സാധ്യതയേറെ.
എന്തുകൊണ്ട് സ്വർണക്കുതിപ്പ്?
യുഎസ് പ്രസിഡന്റ് ട്രംപ് തുടക്കമിട്ട വ്യാപാരയുദ്ധം, റഷ്യ-യുക്രെയ്ൻ സംഘർഷം, മധ്യേഷ്യയിലെ യുദ്ധസമാന സാഹചര്യം, യുഎസിൽ അടിസ്ഥാന പലിശനിരക്കിലുണ്ടാകുന്ന കുറവുമൂലം ഡോളറും ബോണ്ടും നേരിടുന്ന തളർച്ച എന്നിവയാണ് പ്രധാനമായും ഈ വർഷം സ്വർണവിലയെ മുന്നേറ്റത്തിന്റെ ട്രാക്കിലാക്കിയത്.
∙ യുഎസിൽ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പ്രവർത്തന സ്വാതന്ത്ര്യത്തിൽ കൈകടത്താനുള്ള ട്രംപിന്റെ ശ്രമങ്ങൾ ഫലത്തിൽ സ്വർണത്തിന് നൽകിയത് ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ.
∙ ഡോളറും ബോണ്ടും ഓഹരി വിപണികളും അസ്ഥിരമായതോടെ ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണനിക്ഷേപ പദ്ധതികൾക്ക് വൻ സ്വീകാര്യത ലഭിച്ചു.
∙ രാജ്യാന്തര സമ്പദ്മേഖലയിലെ പ്രശ്നങ്ങളും കറൻസി വിപണിയുടെ ചാഞ്ചാട്ടവും മൂലം ഇന്ത്യയുടെ റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകൾ കരുതൽ ശേഖരത്തിലേക്ക് ഡോളറിനുപകരം സ്വർണം വൻതോതിൽ വാങ്ങിക്കൂട്ടിയതും വിലക്കുതിപ്പിന് വഴിയൊരുക്കി.
വില കൂടിയെങ്കിലും ഇന്ത്യയിൽ ഡിമാൻഡിൽ കാര്യമായ ഇടിവുണ്ടായിട്ടില്ല.
ഉത്സവകാലത്ത് ഡിമാൻഡ് വലിയതോതിൽ താഴ്ന്നതുമില്ല. ഇത് ആഭ്യന്തര വില ഉയരത്തിൽതന്നെ നിൽക്കാൻ കാരണമായി.
മാത്രമല്ല, ഡോളറിനെതിരെ രൂപ സർവകാല താഴ്ചയിലേക്ക് പതിച്ചതോടെ, സ്വർണത്തിന്റെ ഇറക്കുമതിച്ചെലവ് കൂടിയതും ആഭ്യന്തര വില വർധനയുടെ ആക്കംകൂട്ടി.
പൊന്നിന് ‘ഷട്ട്ഡൗൺ’ ആവേശം
യുഎസിൽ ട്രംപ് ഭരണകൂടം സ്തംഭനത്തിലേക്ക് വീണതോടെ (ഷട്ട്ഡൗൺ) സാമ്പത്തികമേഖലയിൽ ആശങ്ക നിഴലിക്കുകയാണ്. ഷട്ട്ഡൗൺ പ്രതിസന്ധി യുഎസ് സമ്പദ്വ്യവസ്ഥയിൽ സാരമായ ചലനം തന്നെ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.
ഓഹരി വിപണികൾ ചാഞ്ചാടുന്നു. ജിഡിപി വളർച്ചയിലും കുറവുണ്ടാകും.
ഇതും സ്വർണത്തിന് ‘സുരക്ഷിത നിക്ഷേപം’ എന്ന പട്ടം സമ്മാനിക്കുന്നു.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് കഴിഞ്ഞ യോഗത്തിൽ അടിസ്ഥാന പലിശനിരക്ക് കാൽ ശതമാനം കുറച്ചിരുന്നു. അടുത്തയോഗത്തിലും പലിശ കുറയ്ക്കുമെന്നാണ് സൂചനകൾ.
അങ്ങനെയെങ്കിൽ സ്വർണവില കൂടുതൽ മുന്നേറാം. കാരണം, പലിശനിരക്ക് കുറയുന്നതിന് ആനുപാതികമായി യുഎസിൽ ബാങ്ക് നിക്ഷേപങ്ങളുടെ പലിശയും കുറയും.
യുഎസ് ഗവൺമെന്റിന്റെ കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്നവർക്ക് കിട്ടുന്ന ആദായവും (ട്രഷറി യീൽഡ്) കുറയും. അതായത്, ബാങ്ക് നിക്ഷേപവും ട്രഷറി യീൽഡും അനാകർഷകമാകും.
ഇതു യുഎസിലേക്കുള്ള നിക്ഷേപം കുറയാനും ഇടവരുത്തും.
നിക്ഷേപം ഇടിയുന്നത് ഡോളറിന്റെ മൂല്യം താഴാനും വഴിയൊരുക്കും. രാജ്യാന്തര സ്വർണ വ്യാപാരം നടക്കുന്നത് ഡോളറിലാണ്.
ഡോളർ തളരുന്നത്, സ്വർണത്തിന് വലിയ ഡിമാൻഡുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് നേട്ടമാകും. കുറഞ്ഞ ചെലവിൽ കൂടുതൽ സ്വർണം വാങ്ങാൻ അവയ്ക്ക് കഴിയും.
ഇങ്ങനെ ഡിമാൻഡ് കൂടുന്നതും സ്വർണവിലയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കും.
ലക്ഷം ലക്ഷം പിന്നാലെ…
ഇന്നൊരു പവൻ ആഭരണം വാങ്ങാൻ എന്തുവിലയാകും? 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി (10% കണക്കാക്കിയാൽ) എന്നിവപ്രകാരം ഇന്ന് ഒരു പവൻ ആഭരണം വാങ്ങാൻ കേരളത്തിൽ 1,02,400 രൂപയാകും (1.02 ലക്ഷം രൂപ). ഒരു ഗ്രാം സ്വർണാഭരണത്തിന് 12,800 രൂപയും.
∙ കേരളത്തിൽ ഇന്ന് ചില ജ്വല്ലറികൾ 18 കാരറ്റ് സ്വർണത്തിന് ഈടാക്കുന്നത് ഗ്രാമിന് 90 രൂപ ഉയർത്തി 9,290 രൂപയാണ്.
ഇവർ വെള്ളിക്കു വില ഗ്രാമിന് 2 രൂപ കൂട്ടി 163 രൂപയായും നിശ്ചയിച്ചു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]