പത്തനംതിട്ട ∙ ജില്ലയിൽ കെഎസ്ഇബിയുടെ സ്മാർട് മീറ്ററുകൾ സ്ഥാപിച്ചു തുടങ്ങി.
ആദ്യഘട്ടത്തിൽ സർക്കാർ ഓഫിസുകളിലും സബ് സ്റ്റേഷനുകളിലെ ഫീഡർ മീറ്ററുകളിലുമാണ് സ്മാർട് മീറ്ററുകൾ സ്ഥാപിക്കുക. ഇതിന്റെ ഭാഗമായി സബ് സ്റ്റേഷനുകളിലെ ഫീഡർ മീറ്ററുകളിൽ സ്മാർട് മീറ്ററുകൾ കഴിഞ്ഞമാസം സ്ഥാപിച്ചു.
നിലവിൽ സർക്കാർ ഓഫിസുകളിൽ സ്മാർട് മീറ്ററുകൾ സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.
ഏകദേശം 2,000 സ്മാർട് മീറ്ററുകളാണ് ജില്ലയിൽ എത്തിച്ചിരിക്കുന്നതെന്നു പത്തനംതിട്ട കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ഇവ ജില്ലയിലെ വിവിധ സെക്ഷൻ ഓഫിസുകളിലേക്കു കൈമാറിയിട്ടുണ്ട്. സെക്ഷൻ ഓഫിസുകളുടെ മേൽനോട്ടത്തിൽ അതത് മേഖലകളിലെ സർക്കാർ ഓഫിസുകളിൽ സ്മാർട് മീറ്റർ സ്ഥാപിക്കും.
നവംബറിൽ ഇതു പൂർത്തിയാക്കാനാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്.
സംസ്ഥാന സർക്കാരിന്റെ അധിക കടമെടുപ്പുമായി ബന്ധപ്പെട്ട വിഷയമായതിനാൽ സംസ്ഥാന സർക്കാരും ഈ കാര്യത്തിൽ കർശന നിർദേശം നൽകിയിട്ടുണ്ട്. ലോ ടെൻഷൻ ഉപഭോക്താക്കളിൽ ആദ്യഘട്ടത്തിൽ സർക്കാർ ഉപഭോക്താക്കൾക്കു മാത്രമാണ് സ്മാർട് മീറ്റർ സ്ഥാപിക്കുന്നത്. സോളർ, ഇവി ചാർജിങ്, ടിഒഡി (ടൈം ഓഫ് ഡേ) ഉപഭോക്താക്കൾക്കു മീറ്റർ സ്ഥാപിക്കുന്നതിൽ സോഫ്റ്റ്വെയർ മാറ്റങ്ങൾ ആവശ്യമുള്ളതിനാൽ ഈ വിഭാഗക്കാർക്കുള്ള മീറ്ററുകൾ അടുത്തമാസം അവസാനത്തോടെ നൽകാനാണ് സർക്കാർ നിർദേശം.
റീഡിങ് എടുക്കാൻ ആളെത്തേണ്ട; യൂണിറ്റ് ഉപയോഗം നിയന്ത്രിക്കാം
വൈദ്യുതിയിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്താൻ ഉപയോക്താവിനു കഴിയും.
എത്ര യൂണിറ്റ് വൈദ്യുതി ആവശ്യമാണെന്നു സ്മാർട് മീറ്ററിൽ രേഖപ്പെടുത്താം.ഉപയോഗം കൂടുമ്പോൾ മുന്നറിയിപ്പ് സന്ദേശങ്ങൾ മീറ്ററിലൂടെ ലഭിക്കും. മീറ്റർ റീഡിങ് എടുക്കുന്നതിനായി വീടുകളിൽ ആളെത്തേണ്ടതില്ല, കെഎസ്ഇബിയുടെ സർവറിൽ തന്നെ വിവരങ്ങൾ ലഭ്യമാകും.
വൈദ്യുതി തടസ്സങ്ങൾ തൽസമയം തന്നെ സ്മാർട് മീറ്റർ വഴി അറിയാനാകുന്നതിനാൽ വൈദ്യുതി പുനഃസ്ഥാപനവും വേഗത്തിൽ സാധ്യമാകും.
സൗരോർജ ഉൽപാദകർക്കും മറ്റും സ്മാർട് മീറ്റർ വഴി ഗ്രിഡിലേക്ക് വൈദ്യുതി എത്തിക്കാനും ഗ്രിഡിൽനിന്നു വൈദ്യുതി എടുക്കാനുമുള്ള സംവിധാനം സുഗമവും നിയന്ത്രണ വിധേയവുമാകും. റിമോട്ട് ആയി ലോഡ് നൽകാനും (കണക്ട് ചെയ്യാനും), ബന്ധം വിഛേദിക്കാനും സ്മാർട് മീറ്റർ വഴി കഴിയും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]