ഗുരുവായൂർ ∙ ദുരന്തങ്ങളും അപകടങ്ങളും മൂലം ജീവിതം തകർന്നുപോയ കളിക്കൂട്ടുകാരന് വീടു നിർമിച്ചു നൽകുകയാണ് നടൻ ശിവജി ഗുരുവായൂർ. ഇരുചെവിയറിയാതെ നടത്തിയ സദ്പ്രവൃത്തി പുറംലോകം അറിഞ്ഞത് നടൻ നിയാസ് ബക്കറിന്റെ സമൂഹമാധ്യമ പോസ്റ്റിലൂടെയാണ്.
മെട്രോലിങ്ക്സ് ക്ലബ് വാർഷികത്തിന് സ്വാഗത പ്രസംഗത്തിൽ ബാബു വർഗീസ് പറഞ്ഞപ്പോഴാണ് നിയാസ് ബക്കർ ഇക്കാര്യം അറിഞ്ഞത്. കാവീട് തലേങ്ങാട്ടിരിയിൽ വർഷങ്ങൾക്കു മുൻപു വാങ്ങിയ നാലര സെന്റ് സ്ഥലത്ത് വീടിന്റെ നിർമാണം അവസാനഘട്ടത്തിലാണ്.
ബന്ധുകൂടിയായ കളിക്കൂട്ടുകാരന്റെ ജീവിതത്തിൽ തുടരെത്തുടരെ ദുരന്തങ്ങൾ സംഭവിച്ചു.
40 വർഷം ഗൾഫിൽ പണിയെടുത്തു സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ടു. വാടകവീട്ടിലായി താമസം.
ഇടയ്ക്ക് മകൻ ആത്മഹത്യ ചെയ്തു. വാഹനാപകടത്തിൽ ഗുരുതര പരുക്കേൽക്കുക കൂടി ചെയ്തതോടെ നിരാലംബരായ സുഹൃത്തിനെയും ഭാര്യയെയും 9 മാസം മുൻപ് ശിവജി സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു ചികിത്സ നൽകി.
300 സിനിമകളിൽ അഭിനയിച്ചെങ്കിലും ശിവജിക്ക് കാര്യമായ സമ്പാദ്യമൊന്നുമില്ല.
30 വർഷം മുൻപു നിർമിച്ച വീട്ടിലാണ് താമസം. കിട്ടുന്നതിലൊരു പങ്ക് സഹജീവികൾക്ക് നൽകുന്നതാണ് ശീലം.
സിനിമയെക്കാൾ നാടകത്തെ സ്നേഹിക്കുന്ന ഈ നടൻ കോവിഡ് കാലത്ത് നാടകപ്രവർത്തകർക്ക് ആശ്വാസമായിരുന്നു. ‘ബ്ലാക് ഔട്ട്’ എന്ന നാടകത്തിൽ മുഖ്യ വേഷത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ അഭിനയിച്ചു ധനസമാഹരണം നടത്തി.
സുഹൃത്തിന് തന്റെ വീടിനെക്കാൾ മികച്ച വീടു നിർമിക്കണം എന്നായിരുന്നു മോഹം.
ചില സുഹൃത്തുക്കൾ സഹായിച്ചു. 14 ലക്ഷം രൂപ ചെലവായി.
കുറച്ചു പണി കൂടി ബാക്കിയുണ്ട്. ‘വീടിനു മുകളിൽ സുഹൃത്തിന്റെ പേരെഴുതി വച്ച് അവന് സ്വന്തം വീടുണ്ടെന്ന ബോധ്യം ഉണ്ടാക്കി കൊടുക്കണം’– ശിവജി പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]