വാഷിങ്ടൻ∙
ഷട്ട്ഡൗൺ ആറാം ദിവസത്തിലേക്കു കടന്നിരിക്കെ ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്കില്ലെന്നു സൂചന. ആരോഗ്യ സംരക്ഷണ പദ്ധതികളെക്കുറിച്ച് ഡെമോക്രാറ്റുകളുമായി ചർച്ചയ്ക്കു തയാറാണെന്ന് സൂചന നൽകിയ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്നീട് പിൻവാങ്ങി.
ഷട്ട്ഡൗൺ അവസാനിപ്പിച്ച് യുഎസ് സർക്കാരിന്റെ പ്രവർത്തനം പുനരാരംഭിക്കണമെന്ന് അദ്ദേഹം നിലപാടെടുത്തു. നിലവിൽ വൈറ്റ് ഹൗസുമായി ഒരു ചർച്ചയും നടക്കുന്നില്ലെന്നാണ് ഡെമോക്രാറ്റുകളുടെ നിലപാട്.
എന്നാൽ ഒരുമിച്ച് പ്രവർത്തിക്കാൻ ട്രംപ് തയാറാണെങ്കിൽ പങ്കെടുക്കുമെന്ന് ഡെമോക്രാറ്റുകൾ പറയുന്നു.
ഷട്ട്ഡൗൺ ആരംഭിച്ചത് ഡെമോക്രാറ്റുകളാണെന്നാണ് തിങ്കളാഴ്ച വൈകുന്നേരം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചത്. ഇത് സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
‘‘ഡെമോക്രാറ്റുകളുടെ പരാജയപ്പെട്ട ആരോഗ്യ സംരക്ഷണ നയങ്ങളിലോ മറ്റെന്തെങ്കിലും കാര്യങ്ങളിലോ സഹകരിച്ചു പ്രവർത്തിക്കാൻ ഞാൻ സന്തോഷവാനാണ്, പക്ഷേ, ആദ്യം അവർ സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കണം’’ – ട്രംപ് പറഞ്ഞു.
ആരോഗ്യ സംരക്ഷണ വിഷയത്തിൽ ഡെമോക്രാറ്റുകളുമായി ഒരു കരാറിനു തയാറാണെന്ന് ട്രംപ് തിങ്കളാഴ്ച രാവിലെതന്നെ സൂചിപ്പിച്ചിരുന്നു. വളരെ നല്ല കാര്യങ്ങളിലേക്കു നയിച്ചേക്കാവുന്ന ഒരു ചർച്ച ഇപ്പോൾ ഡെമോക്രാറ്റുകളുമായി നടന്നുകൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹം ഓവൽ ഓഫിസിൽ വച്ച് റിപ്പോർട്ടർമാരോടു പറഞ്ഞത്.
ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ടു നല്ല കാര്യങ്ങളെക്കുറിച്ചാണു സംസാരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തെങ്കിലും, ഡെമോക്രാറ്റ് നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ സ്ഥിരീകരിക്കാൻ വിസമ്മതിച്ചു.
അതേസമയം, ഡെമോക്രാറ്റുകളുമായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ ചർച്ചകൾ നടത്തുന്നുവെന്ന ട്രംപിന്റെ വാദത്തെ എതിർത്ത് ഹൗസ് ന്യൂനപക്ഷകാര്യ നേതാവ് ഹക്കീം ജെഫ്രീസ് രംഗത്തെത്തി. പ്രസിഡന്റ് ട്രംപോ അദ്ദേഹത്തിന്റെ ഭരണത്തിനുകീഴിലെ ഏതെങ്കിലും ഉദ്യോഗസ്ഥരോ ഡെമോക്രാറ്റ് നേതാക്കളുമായി ചർച്ച നടത്തിയെന്നതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ട്രംപിന്റെ വാദം സത്യമല്ലെങ്കിലും ചേർന്നു പ്രവർത്തിക്കാൻ തയാറാണെങ്കിൽ ഞങ്ങളും തയാറാണെന്ന് സെനറ്റ് ന്യൂനപക്ഷകാര്യ നേതാവ് ചക് ഷൂമറും അറിയിച്ചു. ഇരുവരും ഡെമോക്രാറ്റ് പാർട്ടിയുടെ നേതാക്കളാണ്.
അതേസമയം, ഷട്ട്ഡൗൺ കാരണം ഫെഡറൽ ജീവനക്കാരെ ഇതിനകം പിരിച്ചുവിട്ടിട്ടുണ്ടെന്ന ട്രംപിന്റെ വാദത്തിൽനിന്ന് തിങ്കളാഴ്ച വൈറ്റ് ഹൗസ് പിൻവാങ്ങി.
എന്നാൽ തർക്കം ഏഴാം ദിവസത്തിലേക്കു നീണ്ടാൽ തൊഴിൽ നഷ്ടങ്ങൾ സംഭവിക്കാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]