ഫ്രാൻസിൽ ഒരുമാസത്തിനിടെ രണ്ടാമത്തെ പ്രധാനമന്ത്രിയുടെയും കസേര തെറിച്ചതോടെ ആശങ്കയിലായി യൂറോപ്പിലെയാകെ ഓഹരി വിപണികൾ. രണ്ടാമത്തെ വലിയ യൂറോപ്യൻ സാമ്പത്തികശക്തിയായ ഫ്രാൻസിന്റെ പ്രധാനമന്ത്രിയായിരുന്ന സെബാസ്റ്റ്യൻ ലകോർന്യൂ ഇന്നലെയാണ് രാജിവച്ചത്.
പ്രസിഡന്റ് ഇമ്മാനുവൽ മക്രോ രാജി സ്വീകരിക്കുകയും ചെയ്തു. മന്ത്രിസഭ അഴിച്ചുപണിതിട്ട്, മണിക്കൂറുകൾക്കകം രാജിവച്ച ലകോർന്യൂവിന് ഇതോടെ, ഫ്രാൻസിന്റെ ചരിത്രത്തിൽ ഏറ്റവും കുറച്ചുകാലം മാത്രം പ്രധാനമന്ത്രി ആയിരുന്നയാൾ എന്ന റെക്കോർഡും സ്വന്തമായി.
ഫ്രാൻസിൽ കഴിഞ്ഞ ഒരുവർഷത്തിനിടെ കസേര തെറിക്കുന്ന 4-ാമത്തെ പ്രധാനമന്ത്രിയുമാണ് ലകോർന്യു.
നിലവിലെ പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, തുടർച്ചയായ രണ്ടാംവട്ടവും ചുമതലയേറ്റ 2022നുശേഷം ഇതുവരെ 6 പ്രധാനമന്ത്രിമാരാണ് ഫ്രാൻസിൽ രാജിവച്ചത്. ഭരണപക്ഷ മുന്നണിയിലെ അഭിപ്രായഭിന്നതകളാണ് ഫ്രാൻസിൽ പ്രധാനമന്ത്രിമാർ വാഴാത്തതിന് പ്രധാനകാരണം.
പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മക്രോ ഇതുവരെ പരിഗണിച്ചിട്ടുമില്ല.
മക്രോയ്ക്ക് 2027വരെ കാലാവധിയുമുണ്ട്. ഫ്രാൻസ് വീണ്ടും രാഷ്ട്രീയ അസ്ഥിരതയിലേക്ക് വീണത് ഓഹരി വിപണിക്കും യൂറോയ്ക്കും ആഘാതമായി.
ഫ്രഞ്ച് ഓഹരി സൂചികയായ സിഎസി 2% ഇടിഞ്ഞു. ഡോളറിനെതിരെ യൂറോ 0.3% താഴ്ന്നു.
മറ്റ് പ്രധാന യൂറോപ്യൻ സൂചികകളായ സ്റ്റോക്സ്600, ഡാക്സ്, എഫ്ടിഎസ്ഇ എന്നിവയും ചുവന്നു.
താരിഫ് യുദ്ധം ഉഷാറാക്കി ട്രംപ്
ഇതിനിടെ, ട്രംപ് വീണ്ടും താരിഫ് യുദ്ധം കടുപ്പിക്കുന്നതും ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് കടുത്ത പ്രതിസന്ധിയാവുകയാണ്.
നവംബർ ഒന്നിന് പ്രാബല്യത്തിൽ വരുംവിധം യുഎസിലേക്കുള്ള മീഡിയം, ഹെവി ട്രെക്കുകൾക്ക് ട്രംപ് 25% ഇറക്കുമതി തീരുവ പ്രഖ്യാപിച്ചു. മരുന്നുകൾക്ക് 100% തീരുവ അടുത്തിടെ ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ഫർണിച്ചറുകൾ, ബാത്ത്റൂം വാനിറ്റീസ് എന്നിവയ്ക്ക് തീരുവ 25% ആയി കൂട്ടിയ ട്രംപ് ഇതുവൈകാതെ 50% ആക്കുമെന്നും അറിയിച്ചിട്ടുണ്ട്.
അലുമിനിയം, സ്റ്റീൽ, ചെമ്പ് എന്നിവയ്ക്ക് ട്രംപ് തീരുവ 50 ശതമാനമായി ഉയർത്തിയത് യൂറോപ്യൻ യൂണിയൻ, ഇന്ത്യ, കാനഡ തുടങ്ങിയവയ്ക്ക് വൻ തിരിച്ചടിയാണ്. ഇതിനെല്ലാം പുറമെ ട്രംപ് പ്രഖ്യാപിച്ച 10% അടിസ്ഥാന തീരുവ, ഓരോ രാജ്യത്തിനും പ്രത്യേകമായി ചുമത്തുന്ന 10 മുതൽ 40% വരെ തീരുവ എന്നിവയും കനത്ത തിരിച്ചടിയാണ്.
ഇന്ത്യയ്ക്കും ബ്രസീലിനുമാണ് ഏറ്റവുമധികം തീരുവഭാരം; 50% വീതം.
ബ്രസീൽ വീണ്ടും ട്രംപുമായി ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ചർച്ചകൾ ഇനിയും എങ്ങുമെത്തിയിട്ടുമില്ല.
ഇന്ത്യയ്ക്ക് ട്രംപ് ആദ്യം 25% തീരുവയാണ് പ്രഖ്യാപിച്ചതെങ്കിലും റഷ്യൻ എണ്ണയുടെ പേരിൽ 25% കൂടി ചുമത്തി മൊത്തം 50 ശതമാനമാക്കുകയായിരുന്നു.
ഓഹരികളിൽ കടുത്ത ആശങ്ക
ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റി ഇന്നും നെഗറ്റീവിലായി. രാവിലെ 0.09% താഴ്ന്നായിരുന്നു വ്യാപാരം.
ഇന്നലെയും ഗിഫ്റ്റ് നിഫ്റ്റി നെഗറ്റീവിലേക്ക് വീണിരുന്നെങ്കിലും സെൻസെക്സും നിഫ്റ്റിയും അതുഗൗനിക്കാതെ നേട്ടത്തിലാണ് വ്യാപാരം ചെയ്തത്. മികച്ച സെപ്റ്റംബർപാദ ബിസിനസ് കണക്കുകൾ പുറത്തുവിട്ട
ബാങ്കിങ് ഓഹരികളിലുണ്ടായ നേട്ടമാണ് പ്രധാനമായും തുണച്ചത്. ഐടി ഓഹരികൾക്ക് ലഭിച്ച മികച്ച വാങ്ങൽ താൽപര്യവും ഗുണം ചെയ്തു.
ഇന്നലെ സെൻസെക്സ് 582 പോയിന്റ് (+0.72%) നേട്ടവുമായി 81,790ലും നിഫ്റ്റി 183 പോയിന്റ് (+0.74%) ഉയർന്ന് 25,077ലും എത്തി.
25,000 പോയിന്റുകൾക്ക് മുകളിൽ വ്യാപാരം പൂർത്തിയാക്കാനായി എന്നത് നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകും. അതേസമയം, കോർപ്പറേറ്റ് കമ്പനികളുടെ പ്രവർത്തനഫലം ഈയാഴ്ച മുതൽ വന്നുതുടങ്ങുമെന്ന ആശങ്ക അലയടിക്കുന്നുണ്ട്.
∙ ഷട്ട്ഡൗൺ പ്രതിസന്ധിക്ക് പരിഹാരമില്ലാത്തതിനെ തുടർന്ന് യുഎസിൽ ഫ്യൂച്ചേഴ്സ് വിപണിയിൽ ഡൗ ജോൺസ് 0.14%, എസ് ആൻഡ് പി ഫ്യൂച്ചേഴ്സ് 0.12%, നാസ്ഡാക് 0.13% എന്നിങ്ങനെ താഴ്ന്നു.
ജപ്പാൻ തരംഗം
ജപ്പാനിൽ വീശിയടിക്കുന്ന തകയ്ചി തരംഗം ജാപ്പനീസ് നിക്കേയ് സൂചികയെ ഇന്നും റെക്കോർഡിലേക്ക് ഉയർത്തി.
0.61% ഉയർന്ന് 48,237ലാണ് നിക്കേയ് ഉള്ളത്. ചൈനയിൽ ഷാങ്ഹായ് സൂചിക 0.52% കയറിയതിന്റെ ആവേശവും ഇന്ത്യയിൽ പ്രതിഫലിച്ചേക്കാം.
ഹോങ്കോങ് സൂചിക 0.67% താഴ്ന്നു. അതേസമയം, യൂറോപ്യൻ വിപണികൾ നഷ്ടത്തിലായത് തിരിച്ചടിയുമാണ്.
വിദേശ നിക്ഷേപകർ (എഫ്ഐഐ) വിൽക്കലുകാരായി തുടരുന്നതാണ് മറ്റൊരു ആശങ്ക.
ഇന്നലെയും അവർ 313 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ചു. 2025ൽ ഇതുവരെ ആകെ പിൻവലിച്ച തുക 2 ലക്ഷം കോടി രൂപ കടന്നിട്ടുമുണ്ട്.
രൂപ ഇന്നലെ ഡോളറിനെതിരെ 3 പൈസ താഴ്ന്ന് 88.82ലാണ് വ്യാപാരം പൂർത്തിയാക്കിയത്.
‘മിന്നൽപ്പിണറായി’ സ്വർണക്കുതിപ്പ്
ഉൽപാദനം കൂട്ടാൻ ഒപെക് പ്ലസ് തീരുമാനിച്ചെങ്കിലും, പ്രതീക്ഷിച്ചത്ര വർധന പ്രഖ്യാപിക്കാത്തതിനെ തുടർന്ന് ക്രൂഡ് ഓയിൽ വില ഉയരുന്നതും ഇന്ത്യയ്ക്ക് തിരിച്ചടിയാകും. ഡബ്ല്യുടിഐ വില 61.74 ഡോളറിലും ബ്രെന്റ് വില 65.54 ഡോളറിലുമെത്തി.
ബാരലിന് 0.11% വരെ വർധനയാണ് ഇന്നു രേഖപ്പെടുത്തിയത്. സ്വർണം കത്തിക്കയറുകയാണ്.
ഒറ്റയടിക്ക് ഔൺസിന് 80 ഡോളറിലധികം കുതിച്ചുകയറി രാജ്യാന്തരവില 3,977.39 എന്ന സർവകാല ഉയരംതൊട്ടു. 4,000 ഡോളർ എന്ന നിർണായക നാഴികക്കല്ലിന് തൊട്ടടുത്തെത്തി നിൽക്കുന്നു വില.
∙ കേരളത്തിൽ പവൻ ഇന്നലെ ചരിത്രത്തിലാദ്യമായി 88,000 രൂപ കടന്നിരുന്നു.
ഇന്ന് 89,000 രൂപ ഭേദിച്ചേക്കാം. രാജ്യാന്തര വില ഇതേ ട്രെൻഡ് ആണ് തുടരുന്നതെങ്കിൽ പവൻ 90,000 കടക്കാനുള്ള സാധ്യതയും ശക്തം.
യുഎസിൽ പലിശനിരക്ക് കുറയാനുള്ള സാധ്യതയും ട്രംപിന്റെ ഗവൺമെന്റ് ഷട്ട്ഡൗണിൽ ആയതുമാണ് സ്വർണത്തിന് ആവേശമാകുന്നത്.
കല്യാണും ആസ്റ്ററും പിന്നെ അദാനിയും
സെപ്റ്റംബർപാദത്തിൽ 30% സംയോജിത വിറ്റുവരവ് വർധന രേഖപ്പെടുത്തിയെന്ന റിപ്പോർട്ട് പുറത്തുവിട്ട കല്യാൺ ജ്വല്ലേഴ്സിന്റെ ഓഹരികൾ ഇന്ന് നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രമാകും.
അദാനി ഗ്രീൻ എനർജിക്ക്, യുഎസിന്റെ കൈക്കൂലി ആരോപണ വിവാദങ്ങൾക്ക് ശേഷം ആദ്യമായി വിദേശ വായ്പയ്ക്ക് വഴിയൊരുങ്ങിയിട്ടുണ്ട്.
∙ ക്വാളിറ്റി കെയർ ഇന്ത്യയുമായുള്ള ലയനത്തിന് ബിഎസ്ഇ, എൻഎസ്ഇ എന്നിവയുടെ അനുമതി (എൻഒസി) ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന് ലഭിച്ചതിന്റെ പ്രതിഫലനം ഇന്ന് ഓഹരികളിൽ പ്രതീക്ഷിക്കാം.
∙ മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുതിയ ബോലേറോ പുറത്തിറക്കി. പുതിയ പ്രീമിയം ഫീച്ചറുകളുമായി സ്റ്റൈലിഷായാണ് ഈ എസ്യുവി വിപണിയിൽ അവതരിക്കുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

