കളമശേരി ∙ നഗരസഭയിൽ തേവയ്ക്കലിലെ പുരാതനമായ പൊന്നക്കുടം ഭഗവതിക്ഷേത്രവും ക്ഷേത്രത്തിനോടു ചേർന്നുള്ള കാവും പ്രദേശത്തിന്റെ ശ്വാസകോശമാണ്. പ്രകൃതിയെ പൂജിക്കുന്ന ക്ഷേത്രമെന്നാണ് പൊന്നക്കുടം കാവ് അറിയപ്പെടുന്നത്. ക്ഷേത്രത്തിനും കാവിനും 3 നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.
പ്രദേശത്തെ പുരാതന തറവാടിനു ചുറ്റുമായി കൃഷി ചെയ്തിരുന്ന നൂറേക്കറോളം വരുന്ന നെൽപ്പാടങ്ങൾക്കാവശ്യമായ ജലസ്രോതസ്സെന്ന നിലയിലാണു 4 ഏക്കറിൽ ചെറുവനം സൃഷ്ടിച്ചു സംരക്ഷിച്ചതെന്നാണു കരുതുന്നത്.
പൊന്നക്കുടം തറവാടിന്റെ പിൻമുറക്കാർ കാലക്രമേണ ക്ഷേത്ര നിർമാണവും മറ്റു വികസന പ്രവർത്തനങ്ങളും നടത്തിയെങ്കിലും ക്ഷേത്രത്തിനു ചുറ്റുമുള്ള കാവിനു കോട്ടമൊന്നും കൂടാതെ പരിപാലിക്കുകയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ളതും വംശനാശ ഭീഷണി നേരിടുന്നതുമായ അപൂർവം ഇനം വൃക്ഷങ്ങളടക്കം 600ൽ പരം ജനുസ്സുകളിൽ പെട്ട സസ്യ സമ്പത്ത് ഈ കാവിലുണ്ട്.
പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശം പുതുതലമുറയ്ക്കു പകരാനും പൊന്നക്കുടം ഭഗവതി ദേവസ്വം ട്രസ്റ്റ് ശ്രമിക്കുന്നുണ്ട്.
വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾക്കു സംസ്ഥാന വനംവകുപ്പ്, ഔഷധസസ്യ ബോർഡ്, ജൈവവൈവിധ്യ ബോർഡ്, സെന്റർ ഫോർ എൻവയൺമെന്റ് ആൻഡ് ഡവലപ്മെന്റ് തുടങ്ങിയവയുടെ പ്രോത്സാഹനവും സാങ്കേതിക, സാമ്പത്തിക സഹായവും ലഭ്യമായിട്ടുണ്ട്.കാവിലെ ആവാസ വ്യവസ്ഥയും ജൈവവൈവിധ്യവും പഠിക്കാൻ വിദ്യാർഥികളും ഗവേഷകരും എത്താറുണ്ട്.
2023ൽ ജൈവവൈവിധ്യ ബോർഡിന്റെ സാമ്പത്തിക സഹായത്തോടെ കാവിലെ ജൈവ വൈവിധ്യത്തെക്കുറിച്ചു വിപുലമായ പഠന റിപ്പോർട്ട് തയാറാക്കിയിരുന്നു. 2022ലെ ബോർഡിന്റെ പ്രഥമ ‘ കാവ് സംരക്ഷണ പുരസ്കാരം കാവിനു ലഭിച്ചു. ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളായ ആർ.പ്രമോദ്, കെ.എസ്.പത്മകുമാരി, പി.കെ.രാമചന്ദ്രൻ, ജി.കിഷോർ എന്നിവരാണ് കാവ് സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]