മുംബൈ: വ്യാജ പർച്ചേസ് ഓർഡറുകളും രേഖകളും ഉപയോഗിച്ച് തൊഴിലുടമയെ കബളിപ്പിച്ച് 5.72 കോടി രൂപയുടെ സ്വർണ്ണ നാണയങ്ങൾ കൈക്കലാക്കിയ ജീവനക്കാരൻ മുംബൈയിൽ അറസ്റ്റിൽ. സുനിൽ ഗുപ്ത എന്നയാളാണ് സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത്.
വാൻറായ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കോർപ്പറേറ്റ് കമ്പനികളിലെ ജീവനക്കാർക്ക് കമ്പനി നൽകുന്ന സമ്മാനങ്ങളും, റിവാർഡുകളും നിർമിച്ചു നൽകുന്ന ഒരു സ്വകാര്യ സ്ഥാപനത്തിലാണ് സുനിൽ ഗുപ്ത ജോലി ചെയ്യുന്നത്.
കമ്പനിയുടെ വിശ്വസ്തനായ ഇയാൾക്ക് കമ്പനിയുടെ സാമ്പത്തിക കാര്യങ്ങളിലും ഇ മെയിൽ അക്കൗണ്ടുകളിലേക്കും ആക്സസ് ഉണ്ടായിരുന്നു. തൊഴിലുടമയായ നരേഷ് ജെയിനാണ് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ പൊലീസ് പറയുന്നതിങ്ങനെ.. ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനി അവരുടെ ജീവനക്കാർക്ക് നൽകാനായി സ്വർണ നാണയങ്ങൾ ഓർഡർ ചെയ്തുവെന്ന് ഇയാൾ നരേഷ് ജെയിനിനോട് പറഞ്ഞിരുന്നു.
ഇതിനായി ഉടമ 2.46 കോടി രൂപയുടെ 3.4 കിലോഗ്രാം സ്വർണം ബുക്ക് ചെയ്തു. ഇത് ഡെലിവറി ചെയ്യാനായി ഉടമ സുനിൽ ഗുപ്തയെ ആണ് ഏൽപ്പിച്ചത്.
ഡെലിവെറി ചെയ്തുവെന്ന് തെളിയിക്കാനായി ഇയാൾ സ്റ്റാമ്പ് ചെയ്ത് ഒപ്പിട്ട ടാക്സ് ഇൻവോയ്സ് ഉൾപ്പെടെയുള്ള രേഖകൾ കമ്പനിയിൽ ഏൽപ്പിക്കുകയും ചെയ്തു.
വീണ്ടും അതേ സ്ഥാപനം രണ്ടാമത്തെ ഓർഡർ നൽകിയതായി ഇയാൾ ഉടമയെ ധരിപ്പിച്ചു. ഇതെത്തുടർന്ന് 3.17 കോടി രൂപ വിലമതിക്കുന്ന 3.6 കിലോഗ്രാം സ്വർണ്ണ നാണയങ്ങൾ പഴയ പടി ഓർഡർ ചെയ്ത് നരേഷ് ജെയിൻ പ്രതിയുടെ കയ്യിൽ ഏൽപ്പിച്ചുവെന്നും പൊലീസ് പറയുന്നു.
ഇതിനു ശേഷം, ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിൽ നിന്ന് പണം ലഭിക്കാതായപ്പോൾ സ്ഥാപനയുടമ പ്രതിയെ തന്നെ ചോദ്യം ചെയ്തു. ഒടുവിൽ സ്വർണ നാണയങ്ങൾ എത്തിച്ചു നൽകിയിട്ടില്ലെന്നും പകരം അത് സ്വന്തം നേട്ടത്തിനായി ദുരുപയോഗം ചെയ്തെന്നും സുനിൽ ഗുപ്ത സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
വ്യാജ ഇൻവോയ്സ് അടക്കമുള്ള വ്യാജ രേഖകൾ നിർമിച്ചതായി പ്രതി സമ്മതിച്ചു. തന്റെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിച്ചുകഴിഞ്ഞാൽ തുക തിരികെ നൽകുമെന്ന് കമ്പനി ഉടമക്ക് ഉറപ്പ് നൽകിയിട്ടുമുണ്ടെന്ന് പൊലീസ് കൂട്ടിച്ചേർത്തു.
അങ്ങനെയൊരു സ്ഥാപനത്തിൽ നിന്ന് ഓർഡർ പോലും ലഭിച്ചിട്ടില്ലെന്നും പിന്നീടുള്ള അന്വേഷണത്തിലൂടെ കണ്ടെത്തി. ഇതിനു ശേഷം വാൻറായ് പൊലീസിൽ പരാതി നൽകുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]