തൃശൂർ ∙ മണ്ണുത്തി– ഇടപ്പള്ളി ദേശീയപാത 544ലെ പാലിയേക്കര ടോൾ പിരിവ് ഹൈക്കോടതി സ്റ്റേ ചെയ്തിട്ട് ഇന്ന് രണ്ടു മാസം. മേഖലയിലെ അടിപ്പാതകളുടെ നിർമാണവുമായി ബന്ധപ്പെട്ട് അനുഭവപ്പെടുന്ന കനത്ത ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 6നാണ് ഹൈക്കോടതി ടോൾ പിരിവ് തടഞ്ഞത്.
ആദ്യം നാലാഴ്ചത്തേക്കാണ് ടോൾ പിരിവ് സ്റ്റേ ചെയ്തതെങ്കിലും പിന്നീട് പല ഘട്ടങ്ങളിലായി നീട്ടുകയായിരുന്നു.
ബദൽ മാർഗങ്ങളൊരുക്കാതെ വാണിയമ്പാറ മുതൽ ചിറങ്ങര വരെ 7 ഇടങ്ങളിൽ ഒരേസമയം അടിപ്പാത നിർമാണം തുടങ്ങിയതോടെയാണ് രൂക്ഷമായ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായത്. ജനം നേരിടുന്ന ബുദ്ധിമുട്ടു കണക്കിലെടുത്ത് ടോൾ പിരിവ് നിർത്തലാക്കണമെന്ന ആവശ്യവുമായി പൊതുപ്രവർത്തകർ കോടതിയെ സമീപിച്ചതോടെയാണ് ഇടപെടലുണ്ടായത്.
ടോൾ നിർത്തലാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ എൻഎച്ച്എഐ സുപ്രീം കോടതിയിൽ ഹർജി നൽകിയെങ്കിലും ടോൾ തടഞ്ഞത് സുപ്രീംകോടതിയും ശരിവച്ചു. ഹർജി തള്ളിയാണ് ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.
തുടർന്ന് സെപ്റ്റംബറിൽ ടോൾ പിരിവിനുള്ള സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് എൻഎച്ച്എഐ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കലക്ടർ അർജുൻ പാണ്ഡ്യൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്റ്റേ തുടരുമെന്ന് കോടതി വ്യക്തമാക്കി.
അടിപ്പാത നിർമാണം നടക്കുന്ന ഭാഗങ്ങളിൽ ഗതാഗതക്കുരുക്കും സുരക്ഷാ ഭീഷണിയും നിലവിലുണ്ടെന്നു മേൽനോട്ട സമിതിയുടെ റിപ്പോർട്ട് പരിഗണിച്ച് ഹൈക്കോടതി വീണ്ടും ടോൾ വിലക്ക് നീട്ടുകയായിരുന്നു.
ടോൾ വിഷയം ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
കുരുക്കു തുടരുന്നു
മുരിങ്ങൂർ ∙ പൊലീസ് ഇടപെട്ടു സമാന്തര റോഡുകളിലൂടെ വാഹനങ്ങൾ വഴിതിരിച്ചുവിട്ടിട്ടും ദേശീയപാതയിലെ ഗതാഗതക്കുരുക്ക് അയവില്ലാതെ തുടരുന്നു. എറണാകുളം ഭാഗത്തു നിന്നു തൃശൂർ ഭാഗത്തേക്കു കറുകുറ്റി കടന്നെത്തുന്ന വാഹനങ്ങൾ പൊങ്ങത്ത് നിന്ന് ഇടത്തോട്ടു മംഗലശേരി വഴി തിരിച്ചുവിടുകയാണ്.
തൃശൂരിൽ നിന്ന് എറണാകുളത്തേക്കു പോകാനായി മുരിങ്ങൂർ വരെയെത്തുന്നവ ഡിവൈൻ നഗർ മേൽപാത കഴിഞ്ഞാൽ ഇടത്തോട്ട് തിരിച്ചു മേലൂർ വഴി വിടുകയാണ്.
ഇത്തരത്തിൽ വഴി തിരിച്ചു വിട്ടിട്ടും നിരനിരയായി ഇരു ദിശകളിലേക്കും പല സമയങ്ങളിലും വാഹനങ്ങൾ കുരുക്കിൽ പെട്ടു കിടക്കുന്നതു തുടരുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ മഴ മാറി നിന്നത് ആശ്വാസമായിരുന്നു. കൊരട്ടി മുത്തിയുടെ തിരുനാൾ ആഘോഷം തുടങ്ങുന്നതിനാൽ പള്ളിയിലേക്ക് എത്തുന്ന തീർഥാടകരുടെ വാഹനങ്ങളും ദേശീയപാതയിലൂടെ എത്തും.
ഇതു കൂടി കണക്കിലെടുത്തു പരിഹാരനടപടികൾ നടപ്പാക്കണമെന്നാണ് ആവശ്യം.
ചിറങ്ങരയിൽ ദേശീയപാതയിലെ സർവീസ് റോഡിലേക്കു വാഹനങ്ങൾ തിരിയുന്ന ഭാഗത്തു കമ്പികൾ അപകടഭീഷണിയായി ഉയർന്നു നിൽക്കുന്നുണ്ട്. ഇതു കരാറുകാരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും പരിഹാരമില്ലെന്നാണു നാട്ടുകാരുടെ പരാതി.
ഓടയുടെ മുകളിൽ സ്ഥാപിച്ച സ്ലാബുകൾ പലതും അപകടാവസ്ഥയിലാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും മാറ്റി സ്ഥാപിക്കാൻ നടപടിയില്ല.
മുരിങ്ങൂരിൽ ദേശീയപാതയ്ക്കു കുറുകെയുള്ള കനാലിന്റെ നിർമാണവും പൂർത്തിയാക്കാനായിട്ടില്ല.
അടിപ്പാതയുടെ അനുബന്ധ റോഡിന്റെ നിർമാണമാണ് മുരിങ്ങൂരിലും ചിറങ്ങരയിലും നടത്തുന്നതെങ്കിലും നിർമാണപ്രവർത്തനങ്ങൾക്ക് ഒച്ചിഴയുന്ന വേഗമാണ്. വിരലിലെണ്ണാവുന്ന തൊഴിലാളികൾ മാത്രമാണ് സൈറ്റിലുള്ളത്.
ഡിസംബറിൽ നിർമാണം പൂർത്തിയാക്കുമെന്നു കരാർ കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും പണികൾ ഇഴഞ്ഞുനീങ്ങുകയാണ്. അടിപ്പാത നിർമാണം നടക്കുന്ന ആമ്പല്ലൂരിലും ഇന്നലെ അൽപസമയം കുരുക്കുണ്ടായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]