വണ്ണപ്പുറം ∙ പഞ്ചായത്ത് എട്ടാം വാർഡ് പരിധിയിൽ അധിനിവേശ കീടമായ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമായത് നിയന്ത്രിക്കാൻ കൃഷി വകുപ്പ് നടപടികൾ ആരംഭിച്ചു. കൃഷിയിടത്തിൽ വണ്ണപ്പുറം കൃഷി ഓഫിസർ പി.എച്ച്.അഭിജിത്ത് പഠന ക്ലാസ് നടത്തി.ഉഭയലിംഗ ജീവിയായ ഒച്ചുകൾ അനുകൂല സാഹചര്യങ്ങളിൽ ഏഴു മുതൽ പത്ത് വർഷം വരെ ജീവിക്കാറുണ്ട്.
ഒരു ആഫ്രിക്കൻ ഒച്ച് 500 മുതൽ 1200 മുട്ടകൾ വരെ മണ്ണിനടിയിൽ ഇടുന്നു, ഇവ 11 മുതൽ 15 ദിവസത്തിനകം തന്നെ വിരിയുന്നു. മുട്ട വിരിഞ്ഞു വരുന്ന കുഞ്ഞുങ്ങൾ നാലു മുതൽ ആറു മാസം കൊണ്ട് പൂർണ വളർച്ച എത്തുന്നു. മഴക്കാലത്ത് ഇവയുടെ എണ്ണം ക്രമാതീതമായി വർധിക്കും.
സൂര്യപ്രകാശം കടക്കാത്ത ഈർപ്പമുള്ള ജൈവ അവശിഷ്ടങ്ങൾ കിടക്കുന്ന പ്രദേശങ്ങളിൽ ഇവ പെട്ടെന്ന് പെറ്റുപെരുകുന്നു.
രാത്രിയാണ് ഒച്ചുകൾ ആഹാരം തേടി പുറത്തിറങ്ങുന്നത്. സൂര്യപ്രകാശം ഇല്ലാത്ത മേഘാവൃതമായ മഴയുള്ള പകൽ സമയങ്ങളിൽ ഇവ ആഹാരം തേടി പുറത്തിറങ്ങാറുണ്ട്.രാസ കീടനാശിനികൾ കൊണ്ടുള്ള നിയന്ത്രണ മാർഗങ്ങൾ മറ്റു ജീവജാലങ്ങൾക്കും പ്രകൃതിക്കും ദോഷമായതിനാൽ സാമൂഹിക അടിസ്ഥാനത്തിൽ എല്ലാവരും ഒത്തൊരുമിച്ച് ഇതര നിയന്ത്രണ മാർഗങ്ങൾ ഉപയോഗിക്കണം. പൊതു സ്ഥലങ്ങളും, കൃഷിയിടങ്ങളിലും ചപ്പുചവറുകളും ജൈവ അവശിഷ്ടങ്ങളും കൂട്ടി ഇടാതിരിക്കുക, കൃഷിയിടങ്ങളിൽ മണ്ണ് കൊത്തിയിളക്കി കളകൾ നശിപ്പിച്ച്, ഒച്ചുകളുടെ മുട്ടകൾ ഇല്ലായ്മ ചെയ്യാം.
വഴികൾ പലത്
∙പപ്പായ ഇല, പപ്പായ തണ്ട്, കാബേജ്, കോളിഫ്ലവർ തുടങ്ങിയവ ചെറിയ കഷണങ്ങളാക്കി മുറിച്ച് ഒരു ദിവസം പുളിപ്പിച്ച ശേഷം നനച്ച ചണ ചാക്കുകളിൽ കൃഷിയിടത്തിന്റെ പല ഭാഗങ്ങളിൽ ആയി കെണിയായി സന്ധ്യയ്ക്കു ശേഷം സ്ഥാപിക്കുക.
ഇതിൽ കുടുങ്ങിയ ഒച്ചുകളെ 250 ഗ്രാം ഉപ്പ് ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ലായനി ഒഴിച്ച് നശിപ്പിക്കുക.
∙500 ഗ്രാം ഗോതമ്പു പൊടി, 200 ഗ്രാം ശർക്കര, 25 ഗ്രാം തുരിശ്, 5 ഗ്രാം യീസ്റ്റ് തുടങ്ങിയവ യോജിപ്പിച്ചു ചെറുതായി നനച്ചു ചണ ചാക്കുകളിൽ വച്ച് ഒച്ചിനെ ആകർഷിച്ചു ഇവയെ നശിപ്പിക്കാം.
∙ചെടികളിലും, ഭിത്തികളിലും കാണുന്ന ഒച്ചുകളെ കോപ്പർ ഓക്സിക്ലോറൈഡ് എന്ന കീടനാശിനി മൂന്നു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി സ്പ്രേ ചെയ്ത് (വെള്ളരി വർഗ വിളകളും നെല്ലും ഒഴികെ) നശിപ്പിക്കാവുന്നതാണ്.
∙കമുക്, തെങ്ങ് തുടങ്ങിയ വിളകളുടെ തടിയിൽ ബോർഡോ കുഴമ്പ് തേച്ചു കൊടുത്താൽ ഒച്ചുകൾ കയറുന്നത് തടയാൻ സാധിക്കും. ആഫ്രിക്കൻ ഒച്ച് ഒരു അധിനിവേശ കീടമായതിനാൽ കൂട്ടായ പ്രവർത്തനങ്ങൾ കൊണ്ട് മാത്രമേ ഇവയെ ഇല്ലായ്മ ചെയ്യാൻ സാധിക്കുകയുള്ളു.
സ്വന്തം വീടും പരിസരവും പോലെ തന്നെ പൊതു സ്ഥലങ്ങളും വൃത്തിയായി സൂക്ഷിച്ചാൽ മാത്രമേ ഇവയെ നിയന്ത്രിക്കാൻ സാധിക്കൂ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]