തിരുവനന്തപുരം ∙ ആരാധകർ ആർപ്പുവിളിച്ചു– ‘നെഞ്ചിനകത്ത് ലാലേട്ടൻ’ സെൻട്രൽ സ്റ്റേഡിയത്തിലെ ആരവങ്ങൾക്കിടയിലൂടെ മോഹൻലാൽ വേദിയിലേക്കു നടന്നു കയറി. ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ ആദരിക്കാൻ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ‘മലയാളം വാനോളം ലാൽസലാം’ പരിപാടിയിലേക്ക് മോഹൻലാൽ എത്തിയത് ആർത്തിരമ്പുന്ന ആരാധകർക്കിടയിലൂടെയാണ്.ഇടയ്ക്ക് പെയ്ത മഴയിലും ആവേശം ചോരാതെ ജനങ്ങൾ സെൻട്രൽ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി.
മോഹൻലാൽ എത്തും മുൻപേ സെൻട്രൽ സ്റ്റേഡിയത്തിൽ സജ്ജീകരിച്ചിരുന്ന കൂറ്റൻ പന്തലിൽ നിരത്തിയ കസേരകൾ നിറഞ്ഞിരുന്നു.
കൈക്കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ കൂട്ടത്തിലുണ്ടായിരുന്നു.ചടങ്ങിനു സാക്ഷിയാകാൻ മോഹൻലാലിന്റെ സഹപ്രവർത്തകരായ നടീനടന്മാരും സംവിധായകരും ഉൾപ്പെടെയുള്ളവർ വേദിയിലുണ്ടായിരുന്നു. മോഹൻലാലിന്റെ ഹിറ്റ് ചിത്രങ്ങളായ രാജാവിന്റെ മകൻ, സാഗർ ഏലിയാസ് ജാക്കി എന്നീ ചിത്രങ്ങളിൽ അഭിനയിച്ച അഭിമാനം തനിക്കുണ്ടെന്ന് നടി അംബിക ആശംസാ പ്രസംഗത്തിൽ പറഞ്ഞു.
ഗുരുവിനെ വണങ്ങി മോഹൻലാൽ
വാനപ്രസ്ഥം ഉൾപ്പെടെയുള്ള സിനിമകളിൽ മോഹൻലാലിനു പരിശീലനം നൽകിയ കഥകളി ആചാര്യൻ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ അവതരിപ്പിച്ച ‘തിരനോട്ടം’ പരിപാടി അവസാനിച്ചപ്പോൾ മോഹൻലാൽ വേദിയിലേക്കെത്തി, ഗുരുവിന്റെ കാൽതൊട്ടു വന്ദിച്ചു. സംവിധായകൻ ടി.കെ.രാജീവ് കുമാറിന്റെ സംവിധാനത്തിൽ നടന്ന ‘രാഗം മോഹന’ത്തിലാണ് കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ‘തിരനോട്ടം’ എന്ന പ്രത്യേക കലാവിഷ്കാരം അവതരിപ്പിച്ചത്.
തുടർന്ന്, ഗുരുവന്ദനവും ആദരം സ്വീകരിച്ചുകൊണ്ടുള്ള മറുപടി പ്രസംഗവും മോഹൻലാൽ നിർവഹിച്ചു ഗായിക ജ്യോത്സ്നയോടൊപ്പം മോഹൻലാൽ ‘കൈതപ്പൂവിൻ കന്നിക്കുറുമ്പിൽ’ എന്ന യുഗ്മഗാനം വേദിയിൽ അവതരിപ്പിച്ചത് സദസ്സ് ആവേശത്തോടെ ഏറ്റെടുത്തു.
ശോഭനയും ലക്ഷ്മി ഗോപാലസ്വാമിയും പ്രസംഗിച്ചു. ലക്ഷ്മി ഗോപാലസ്വാമി ‘അകലെയോ’ എന്ന ഗാനം ആലപിച്ചു.സംഗീത സമർപ്പണത്തിന് തുടക്കം കുറിച്ചത് ഗായകൻ എം.ജി.ശ്രീകുമാറാണ്.
തുടർന്ന്, ഗായികമാരായ സുജാത മോഹൻ, റിമി ടോമി, ജ്യോത്സ്ന, രാജലക്ഷ്മി, മഞ്ജരി, സയനോര, രഞ്ജിനി ജോസ്, നിത്യ മാമ്മൻ, എൻ.ജെ.നന്ദിനി തുടങ്ങിയവർ മോഹൻലാൽ ചിത്രങ്ങളിലെ ഗാനങ്ങൾ ആലപിച്ചു.
എം.ജി.ശ്രീകുമാർ സുജാതയോടൊപ്പം ‘ഓക്കേലാ ഓക്കേലാ’ എന്ന യുഗ്മഗാനം അവതരിപ്പിച്ചു. ഗായകരെ പൊന്നാട
ചാർത്തി മോഹൻലാൽ ആദരിച്ചു. മോഹൻലാലിന്റെ ഹിറ്റ് ഗാനമായ ‘പടകാളി ചണ്ഡി ചങ്കരി’ എന്ന ഗാനത്തോടെ കലാസന്ധ്യയ്ക്ക് ആവേശകരമായ പരിസമാപ്തിയായി. നടൻ മധു, ഗായകരായ യേശുദാസ്, കെ.എസ്.ചിത്ര എന്നിവരുടെ വിഡിയോ/ഓഡിയോ സന്ദേശങ്ങൾ ചടങ്ങിൽ പ്രദർശിപ്പിച്ചു.
വയലിനിസ്റ്റ് സാൻഡ്ര ഷിബു അവതരിപ്പിച്ച വയലിൻ കച്ചേരിയും നടന്നു.
സുഹൃത്തിനെ കാണാൻ ജഗതി ശ്രീകുമാർ
വർഷങ്ങളായി പൊതുപരിപാടികളിൽ നിന്നു വിട്ടു നിൽക്കുന്ന നടൻ ജഗതി ശ്രീകുമാർ മോഹൻലാലിന് ആദരമർപ്പിക്കുന്ന പരിപാടിക്കു സാക്ഷിയാകാനെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, മോഹൻലാൽ തുടങ്ങിയവർ ജഗതിയെ സദസ്സിലെത്തി കണ്ടു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]