അടിമാലി∙ യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ കൃത്യമായ മാസ്റ്റർപ്ലാൻ തയാറാക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഓരോ വിഷയങ്ങളിലും സ്വീകരിക്കേണ്ട
നടപടികളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
1. ഭൂപതിവ് ചട്ടലംഘനവുമായി ബന്ധപ്പെട്ട
പ്രശ്നങ്ങൾ
യുഡിഎഫ് അധികാരത്തിൽ എത്തിയാൽ 3 മാസത്തിനുള്ളിൽ ഒരു രൂപ പോലും ഫീസ് ഇൗടാക്കാതെ മുഴുവൻ നിർമാണങ്ങളും ലളിതമായ നടപടിക്രമങ്ങളിലൂടെ ക്രമവൽക്കരിച്ചു നൽകും. ഭാവിയിലേക്കുള്ള നിർമാണങ്ങൾക്ക് മുനിസിപ്പൽ–പഞ്ചായത്ത് കെട്ടിട
നിർമാണ ചട്ടം മാത്രം ബാധകമാക്കി ഉപാധികളില്ലാതെ അനുമതി നൽകും. നിലവിൽ സർക്കാർ കാെണ്ടുവന്ന ചട്ടഭേദഗതി ദുരിതത്തിലായ ജനങ്ങളുടെ പോക്കറ്റടിക്കാനുള്ള മാർഗം.
2.
ജില്ലയിലെ പട്ടയവിതരണത്തിലെ തടസ്സങ്ങൾ
1964ലെ ഭൂപതിവ് നിയമപ്രകാരമുള്ള പട്ടയ വിതരണം ഹൈക്കോടതിയും സിഎച്ച്ആർ മേഖലയിലെ പട്ടയ നടപടികൾ സുപ്രീംകോടതിയുടെ തടസ്സപ്പെടുത്തിയതിന് കാരണം കേസ് നടത്തിപ്പിലുണ്ടായ വീഴ്ചയാണ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ 2 കോടതി ഉത്തരവുകളും പുനഃപരിശോധിക്കാൻ നടപടി സ്വീകരിക്കും.
കയ്യേറ്റവും കുടിയേറ്റവും രണ്ടായി കണ്ട് കുടിയേറ്റക്കാരെ സംരക്ഷിക്കും.
3. 3 ചെയിൻ, 10 ചെയിൻ മേഖലകളിലെ പട്ടയ പ്രശ്നം
10 ചെയിൻ മേഖല കെഎസ്ഇബിക്ക് ആവശ്യമില്ലെന്ന് 1974ൽ അന്നത്തെ വൈദ്യുതി ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ ഇട്ടി ഡാർവിൻ തീരുമാനമെടുക്കുകയും തുടർന്ന് 1982ൽ പട്ടയ നടപടികൾ ആരംഭിക്കുകയും ചെയ്തതാണ്.
എന്നാൽ പിന്നീട് തുടർനടപടികളുണ്ടായില്ല. യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ 3 ചെയിൻ, 10 ചെയിൻ മേഖലകളിൽ പട്ടയം നൽകും.
4.
തോപ്രാംകുടി, പച്ചടി മേഖലകളിലെ പട്ടയ പ്രശ്നം
ലാൻഡ് റജിസ്റ്ററിൽ ഏലം കൃഷിയെന്ന് തെറ്റായി രേഖപ്പെടുത്തിയതാണ് ഇൗ മേഖലകളിൽ പട്ടയം നൽകാൻ തടസ്സമായതെന്നാണ് റവന്യുവകുപ്പിന്റെ വാദം. ഭൂപതിവ് നിയമത്തിൽ ഭേദഗതി വരുത്തി ഇൗ മേഖലയിലെ പട്ടയ പ്രശ്നം പരിഹരിക്കും.
5.
ഷോപ്പ് സൈറ്റുകൾക്ക് പട്ടയം ലഭിക്കാത്ത പ്രശ്നം
1993ലെ ഭൂപതിവ് നിയമപ്രകാരമാണ് ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകേണ്ടത്. സിഎച്ച്ആർ മേഖലയിൽ പട്ടയവിതരണം തടഞ്ഞ സുപ്രീംകോടതി നിലപാട് പുനഃപരിശോധിക്കുകയും ഏത് അളവിലുള്ള കെട്ടിടങ്ങൾക്ക് പട്ടയം നൽകാൻ കഴിയുമെന്ന് വ്യക്തത വരുത്തി ഉത്തരവിറക്കുകയും ചെയ്യുന്നതോടെ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകാൻ സാധിക്കും.
6.
പട്ടയ ഭൂമിയിലെ വനം വകുപ്പിന്റെ കടന്നു കയറ്റം
നൂറ്റാണ്ടുകൾക്ക് മുൻപുള്ള റിസർവ് വനത്തിന്റെ വിജ്ഞാപനത്തിൽ ഉൾപ്പെട്ടതിന്റെ പേരിൽ പട്ടയ, കൈവശ ഭൂമിയിൽ വനം വകുപ്പ് അവകാശം സ്ഥാപിക്കുന്ന നിരവധി സംഭവങ്ങൾ ജില്ലയിലുണ്ടായിട്ടുണ്ട്. താെമ്മൻകുത്തിൽ കൈവശ ഭൂമിയിലെ കുരിശ് പാെളിച്ചത് അതിന് ഉദാഹരണമാണ്. പട്ടയ, കൈവശ ഭൂമിയും വികസന പ്രവർത്തനങ്ങൾക്കായി ഏറ്റെടുത്തിട്ടുള്ള ഭൂമിയും സർക്കാർ രേഖകളിൽ വനം എന്ന് രേഖപ്പെടുത്തിയതാണ് ഇതിന് കാരണം. ഇത് മാറ്റുന്നതിന് ഇൗ ഭൂമി ഡി–റിസർവ് ചെയ്യാൻ നടപടി സ്വീകരിക്കും.
7.
ദുരന്തനിവാരണ നിയമപ്രകാരമുള്ള നിർമാണ നിയന്ത്രണം
യാതാെരു പഠനവും നടത്താതെയാണ് ജില്ലയിലെ 13 പഞ്ചായത്തുകളിൽ ദുരന്തനിവാരണ നിയമ പ്രകാരം നിർമാണ നിയന്ത്രണമേർപ്പെടുത്തിയത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ ഇൗ ഉത്തരവ് പിൻവലിക്കുന്നത് പരിശോധിക്കും.
ശാസ്ത്രീയമായ പഠനം നടത്തും.
8. ആരാധനാലയങ്ങൾക്ക് പട്ടയം
ആരാധനാലയങ്ങൾക്ക് കൈവശമുള്ള ഒരേക്കർ ഭൂമിക്ക് മാത്രം പട്ടയം നൽകാനാണ് സർക്കാർ കഴിഞ്ഞ ഓഗസ്റ്റിൽ ഉത്തരവിറക്കിയത്.
ഇത് ഒരേക്കറിലധികം കൈവശ ഭൂമിയുള്ള എല്ലാ സമുദായങ്ങളെയും ബാധിക്കും. ഭാവിയിൽ വികസന പ്രവർത്തനങ്ങൾ ബുദ്ധിമുട്ടിലാകും.
യുഡിഎഫ് അധികാരത്തിലെത്തിയാൽ ഇൗ ഉത്തരവ് പിൻവലിക്കും. അനുകൂലമായ നടപടി സ്വീകരിക്കും.
9.
വനവിസ്തൃതി വർധിപ്പിച്ചത്
ഇടത് സർക്കാർ ജില്ലയിൽ 22,047 ഹെക്ടർ ഭൂമിയാണ് പുതുതായി റിസർവ് വനമായി വിജ്ഞാപനം ചെയ്തത്. ജില്ലയുടെ ആകെ വിസ്തൃതിയുടെ പകുതിയിലേറെ വനമാണ്.
ഇനി ഒരിഞ്ച് ഭൂമി പോലും വന വിസ്തൃതി കൂട്ടാൻ അനുവദിക്കില്ല.
10. സംയുക്ത പരിശോധനയിലെ പ്രശ്നം കാരണം പട്ടയം നിഷേധിക്കുന്നത്
വനം- റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധന നടത്താത്തത് മൂലവും, പരിശോധന നടന്ന സ്ഥലങ്ങളിൽ 1977 ജനുവരി 1ന് മുൻപുള്ള കൈവശങ്ങൾ ഉൾപ്പെടാതെ പോയതു കൊണ്ടും പട്ടയം ലഭിക്കാത്തവരുണ്ട്. സംയുക്ത പരിശോധനയുമായി ബന്ധപ്പെട്ട
എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് ഈ മേഖലയിലെ പട്ടയ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കും.
പ്രതിപക്ഷ നേതാവിന് പരാതി പ്രവാഹം
അടിമാലി∙ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പങ്കെടുത്ത കർഷക കോൺക്ലേവിൽ പരാതികളും നിവേദനങ്ങളുമായി എത്തിയത് ഒട്ടേറെ പേർ. ഭൂപ്രശ്നങ്ങളുമായി ബന്ധപ്പെട്ട
പരാതികളാണ് വിവിധ സമുദായ സംഘടനകളും, കർഷക സംഘടനകളും കോൺക്ലേവിൽ ഉന്നയിച്ചത്. ഇത് കൂടാതെ നിരവധിയാളുകൾ പ്രതിപക്ഷ നേതാവിന് പരാതികൾ എഴുതി നൽകി.
എല്ലാവരുടെയും നിവേദനങ്ങൾ പ്രതിപക്ഷ നേതാവ് സ്വീകരിച്ചു. ഭൂപതിവ് ചട്ടവുമായി ബന്ധപ്പെട്ട
പ്രശ്നം ജില്ലയിലാെതുങ്ങുന്നില്ലെന്നും സംസ്ഥാന തലത്തിൽ ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കണമെന്നുള്ള അതിജീവന പോരാട്ട വേദിയുടെ നിർദേശം പ്രതിപക്ഷ നേതാവ് അംഗീകരിച്ചു.
ഉടൻ തന്നെ സംസ്ഥാനതലത്തിൽ കർഷക കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗത്തിൽ നിന്നുമുള്ളവരെ പങ്കെടുപ്പിച്ച് ഇത്തരത്തിലാെരു കർഷക കോൺക്ലേവ് നടത്തിയ ഡീൻ കുര്യാക്കോസ് എംപിയെ പ്രതിപക്ഷ നേതാവും കോൺക്ലേവിൽ പങ്കെടുത്ത വിവിധ സംഘടനാ നേതാക്കളും അഭിനന്ദിച്ചു. ഡീൻ കുര്യാക്കോസ് എംപി കോൺക്ലേവിന്റെ മോഡറേറ്ററായിരുന്നു.
ഡിസിസി പ്രസിഡന്റ് സി.പി.മാത്യു, കോൺഗ്രസ് നേതാക്കളായ എസ്.അശോകൻ, ജോയി വെട്ടിക്കുഴി, എ.കെ.മണി, ഇ.എം.ആഗസ്തി, റോയി കെ.പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാർ, ജോയി തോമസ്, എം.എൻ.ഗോപി, തോമസ് രാജൻ, സിറിയക് തോമസ്, എ.പി.ഉസ്മാൻ, മിനി സാബു, പി.വി.സ്കറിയ, ഒ.ആർ.ശശി, ടി.എസ്.സിദ്ദിഖ്, ബാബു കുര്യാക്കോസ്, പി.ആർ.സലിംകുമാർ, ഹാപ്പി കെ.വർഗീസ്, ബിജോ മാണി, കെ.എസ്.അരുൺ, എം.ഡി.അർജുനൻ, കെ.ബി.സെൽവം, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ.എം.ജെ.ജേക്കബ്, സിഎംപി സംസ്ഥാന സമിതിയംഗം ടി.എം.സുരേഷ് ബാബു, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.എസ്.സിയാദ് തുടങ്ങിയവർ നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]