തൊടുപുഴ ∙ വെങ്ങല്ലൂർ ജംക്ഷനിൽ പഴയ റോഡിലൂടെ മെയിൻ റോഡിലേക്ക് കയറുന്ന വാഹനങ്ങളുടെ ശ്രദ്ധയില്ലായ്മ അപകടസാധ്യത വർധിപ്പിക്കുന്നു. ജംക്ഷനിലെ കുമാരമംഗലം പഴയ റോഡിലൂടെ വാഹനങ്ങൾ മെയിൻ റോഡിലേക്ക് പ്രവേശിക്കുന്നതാണ് കൂടുതലും അപകടത്തിനു കാരണമാകുന്നത്. ജംക്ഷനിൽ സിഗ്നൽ ലൈറ്റ് തെളിയുമ്പോൾ ഊന്നുകൽ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങളിൽ തൊടുപുഴയിലേക്കു തിരിയുന്നവ പഴയ റോഡിലൂടെയാണ് മെയിൻ റോഡിലേക്കു കടക്കുന്നത്.
ഇത് മെയിൻ റോഡിലൂടെ പോകുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാൻ കാരണമാകുന്നു.
ലോറി, കാർ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളെല്ലാം ഇതുവഴിയാണ് എളുപ്പത്തിന് വരുന്നത്. മാത്രമല്ല യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് ഈ റോഡിൽനിന്ന് വരുന്ന വാഹനങ്ങൾ മെയിൻ റോഡിലേക്കു പ്രവേശിക്കുന്നത്.
ഇരുചക്ര വാഹനങ്ങൾക്കാണ് കൂടുതൽ അപകട സാധ്യത. നഗരത്തിൽ തന്നെ ഏറ്റവും തിരക്കേറിയ ജംക്ഷനുകളിൽ ഒന്നായ ഇവിടെ 4 റോഡുകളുടെ സംഗമമാണ്.
തൊടുപുഴ, മൂവാറ്റുപുഴ, പാലാ, അടിമാലി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ എത്തിച്ചേരുന്ന ഇവിടെ രാപകൽ വ്യത്യാസമില്ലാതെയാണ് വാഹനത്തിരക്ക് അനുഭവപ്പെടാറുണ്ട്.
വാഹനങ്ങൾ സിഗ്നലിൽ ആണെങ്കിൽ വലിയ തിരക്കായിരിക്കും മെയിൻ റോഡിൽ. ഇത്തരം സാഹചര്യങ്ങളിലാണ് കൂടുതൽ പ്രശ്നം. തൊടുപുഴയിൽ നിന്നു വരുന്ന വാഹനങ്ങളിൽ ഊന്നുകൽ ഭാഗത്തേക്കു പോകുന്നവ ഈ പഴയ റോഡ് തന്നെയാണ് കൂടുതലും ഉപയോഗിക്കുക.
അമിത വേഗത്തിൽ വരുന്ന വാഹനങ്ങൾ ഇൻഡിക്കേറ്റർ പോലും ഇടാതെ തിരിയുന്നത് ഇവിടെ പതിവാണ്. പഴയ റോഡിലൂടെ വരുന്ന വാഹനങ്ങൾ വേഗം കുറച്ചു വേണം സഞ്ചരിക്കാൻ.
മാത്രമല്ല ഇടയ്ക്കിടെ ജംക്ഷനിൽ സിഗ്നൽ ലൈറ്റ് പ്രകാശിക്കാത്തതും പതിവാണ്.
സിഗ്നലിൽ മഞ്ഞ ലൈറ്റ് പ്രവർത്തിക്കാത്തതാണ് അപകടങ്ങൾക്കു വഴിയൊരുക്കുന്നത്. മഞ്ഞ ലൈറ്റ് പ്രകാശിക്കുമ്പോൾ വാഹനം നിർത്താൻ തയാറെടുക്കുക എന്നതാണ് നിർദേശം. നിലവിൽ പച്ച ലൈറ്റ് തെളിഞ്ഞ ശേഷം പെട്ടെന്ന് ചുവപ്പ് ലൈറ്റ് തെളിയും.
ഇതോടെ വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചവിട്ടി നിർത്തുന്നത് അപകടത്തിനു കാരണമാകുന്നു. വാഹനങ്ങളുടെ തിരക്കേറിയ ഇവിടെ അപകടങ്ങൾ കുറയ്ക്കാനും ഗതാഗത നിയന്ത്രണങ്ങൾക്കും സ്ഥിരമായി പൊലീസ് സംവിധാനം വേണമെന്ന ആവശ്യം ശക്തമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]