അറബിക്കടൽ തീരത്ത് പുത്തൻ തുറമുഖം നിർമിക്കാനുള്ള പ്ലാനുമായി അമേരിക്കൻ നിക്ഷേപകരെയും പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും സമീപിച്ച് പാക്കിസ്ഥാന്റെ സൈനിക മേധാവി അസിം മുനീർ. പാക്കിസ്ഥാന്റെ തുറമുഖ നഗരമായ ഗ്വാദറിന് സമീപത്തെ പാസ്നി എന്ന പട്ടണത്തോട് ചേർന്ന് തുറമുഖം നിർമിക്കാനുള്ള പ്ലാനാണ് അസിം മുനീർ അവതരിപ്പിച്ചത്.
അപൂർവ ധാതുക്കളാൽ (റെയർ എർത്ത്) സമ്പന്നമായ മേഖലയാണ് പാസ്നി. നിലവിൽ പാക്കിസ്ഥാന്റെ ജിഡിപിയിൽ ഇത്തരം ധാതുക്കൾ 3 ശതമാനത്തിൽ താഴെയാണ് പങ്കുവഹിക്കുന്നത്.
തുറമുഖം സജ്ജമാക്കുകയും അമേരിക്കയുമായി വ്യാപാരബന്ധം ശക്തമാക്കുകയും ചെയ്താൽ പാക്കിസ്ഥാനത് വൻ നേട്ടമാകുമെന്നാണ് അസിം മുനീറിന്റെ കണക്കുകൂട്ടൽ.
യുഎസ് ഗവൺമെന്റിലെ മുതിർന്ന ഉദ്യോഗസ്ഥരോടും അസിം മുനീർ ഇക്കാര്യം വ്യക്തമാക്കിയെങ്കിലും ട്രംപോ ഉദ്യോഗസ്ഥരോ ചർച്ച ചെയ്യാൻ തയാറായില്ലെന്ന് ഒരു വിദേശ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഇറാനിൽ നിന്ന് 160 കിലോമീറ്ററും ഗ്വാദറിൽ നിന്ന് 112 കിലോമീറ്ററും അകലെയാണ് പാസ്നി. ഗ്വാദറിൽ ചൈനയുടെ നിക്ഷേപത്തോടെ ‘ബെൽറ്റ് ആൻഡ് റോഡ്’ പദ്ധതിയുടെ ഭാഗമായി തുറമുഖം സജ്ജമാകുന്നുണ്ട്.
ഇതു സംബന്ധിച്ച് യുഎസിന് ആശങ്കയുമുണ്ട്. വ്യാപാരത്തിന് പുറമേ ചൈനീസ് നേവിയുടെ ബേസ് ആയും ഗ്വാദർ തുറമുഖം ഉപയോഗിക്കുമെന്നതാണ് യുഎസിനെ അലോസരപ്പെടുത്തുന്നത്.
അതേസമയം, പാസ്നി തുറമുഖം പൂർണമായും വ്യാപാരം ലക്ഷ്യമിട്ടുള്ളതായിരിക്കുമെന്നാണ് സൂചനകൾ. അവിടെ, യുഎസ് സൈനികകേന്ദ്രം സ്ഥാപിക്കാൻ പാക്കിസ്ഥാൻ അനുവദിച്ചേക്കില്ല.
നിലവിൽ ചൈനയാണ് പാക്കിസ്ഥാന്റെ ഏറ്റവും അടുത്ത വ്യാപാര, രാഷ്ട്രീയ സുഹൃത്ത്.
ചൈനയെ ഒപ്പം നിർത്തിത്തന്നെ അമേരിക്ക, ഇറാൻ, അഫ്ഗാനിസ്ഥാൻ, സൗദി അറേബ്യ എന്നിവയുമായും നല്ല ബന്ധം ഉറപ്പാക്കുക കൂടി ലക്ഷ്യമിട്ടാണ് പുതിയ തുറമുഖ പദ്ധതിക്കായി പാക്കിസ്ഥാന്റെ കരുനീക്കം. 121 കോടി ഡോളർ (ഏകദേശം 10,500 കോടി രൂപ) പ്രാഥമിക നിക്ഷേപം വിലയിരുത്തുന്ന തുറമുഖ പദ്ധതിക്ക് ചെലവ് യുഎസ് നിക്ഷേപകരും പാക്കിസ്ഥാൻ സർക്കാരും ചേർന്ന് വഹിക്കാമെന്നാണ് അസിം മുനീറിന്റെ പ്ലാനിലുള്ളത്.
2001 സെപ്റ്റംബർ 11ന് യുഎസിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ, അമേരിക്ക തേടിയ ബിൻ ലാദനെ പാക്കിസ്ഥാനിൽ നിന്ന് കണ്ടെത്തിയതിനുശേഷം പാക്കിസ്ഥാനും യുഎസും തമ്മിലെ ബന്ധം മോശമായിരുന്നു. അഫ്ഗാൻ-താലിബാന് പാക്കിസ്ഥാൻ നൽകിയ പിന്തുണയും പാക്ക്-ചൈന കൂട്ടുകെട്ടും അമേരിക്കയെ പിന്നീട് നീരസപ്പെടുത്തി.
ഇപ്പോൾ സ്ഥിതി വീണ്ടും മാറുന്നതാണ് കാഴ്ച. പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറിന്’ പിന്നാലെ പാക്കിസ്ഥാനും യുഎസും കൂടുതൽ അടുക്കുകയാണ്.
ഇന്ത്യ-പാക്ക് സംഘർഷം താനാണ് അവസാനിപ്പിച്ചതെന്ന ട്രംപിന്റെ വാദത്തെ പാക്കിസ്ഥാൻ പിന്താങ്ങിയപ്പോൾ ഇന്ത്യ അഗവണിക്കുകയും നിഷേധിക്കുകയും ചെയ്തത്, ട്രംപിനെ ചൊടിപ്പിച്ചു.
പാക്കിസ്ഥാനുമായി ക്രിപ്റ്റോകറൻസി, എണ്ണ പര്യവേക്ഷണ മേഖലകളിൽ ഉൾപ്പെടെ സഹകരിക്കുകയാണ് ട്രംപ്. റെയർ എർത്ത് സംബന്ധിച്ച ചർച്ചകളും അടുത്തിടെ നടന്നു.
ഇതിനുപിന്നാലെയാണ് ഇപ്പോൾ സംയുക്ത പദ്ധതിയായി പുതിയ തുറമുഖം സജ്ജമാക്കാനുള്ള നീക്കങ്ങൾ.
ഇറാനു തൊട്ടടുത്താണ് നിർദിഷ്ട തുറമുഖ പദ്ധതിയെന്നത് അമേരിക്കയെ, പദ്ധതിക്കൊപ്പം മുന്നോട്ടുപോകാൻ പ്രേരിപ്പിച്ചേക്കാമെന്ന വിലയിരുത്തലുകളുണ്ട്.
മേഖലയിൽ ഒരു തുറമുഖത്തിന്റെ നിയന്ത്രണം ലഭിക്കുന്നത് അമേരിക്കയ്ക്ക് ഇറാനും അഫ്ഗാനുംമേൽ മുൻതൂക്കവും നൽകും. എന്നാൽ, തുറമുഖത്തിന്റെ പ്രായോഗികതയും ചരക്കുലഭ്യതയും സംബന്ധിച്ച് അമേരിക്കയ്ക്ക് ആശങ്കകളുണ്ട്.
അതുകൊണ്ട് തന്നെ നിക്ഷേപമിറക്കാൻ മടിയുമുണ്ടെന്നാണ് റിപ്പോർട്ടുകൾ. തൽക്കാലം പദ്ധതി ചർച്ചയ്ക്കെടുക്കാതെ അമേരിക്ക മാറിനിൽക്കുന്നതും അതുകൊണ്ടാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, ഗ്വാദറിൽ നിന്ന് ഏറെ അകലെയല്ലാതെ ഇറാനിലെ ചബഹാറിൽ ഇന്ത്യൻ നിക്ഷേപത്തോടെ സജ്ജമാക്കിയ തുറമുഖത്തിനുമേൽ യുഎസ് അടുത്തിടെ ഉപരോധം ഏർപ്പെടുത്തിയിരുന്നു.
വൻ നിക്ഷേപം തന്നെ ചബഹാറിൽ നടത്തിയ ഇന്ത്യയ്ക്കത് തിരിച്ചടിയുമായി. ഇതിനിടെ, സമീപത്ത് പാക്കിസ്ഥാൻ പുതിയ തുറമുഖത്തിനുള്ള നീക്കം നടത്തുന്നത് ഇന്ത്യയെ കൂടുതൽ അലോസരപ്പെടുത്തും.
നിലവിൽതന്നെ തീരുവ വിഷയത്തിൽ ഇന്ത്യയും യുഎസും തമ്മിൽ ഭിന്നത രൂക്ഷമാണ്. ഇതിനിടെയാണ്, പാക്കിസ്ഥാൻ യുഎസുമായി കൂടുതൽ അടുക്കുന്നതും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]