തിരുവനന്തപുരം ∙ കാട്ടാക്കട കിള്ളി സ്വദേശി എസ്.സുമയ്യയുടെ ശരീരത്തിൽ രണ്ടര വർഷമായി കിടക്കുന്ന ഗൈഡ്വയർ പുറത്തെടുക്കുന്നതിനു ശ്രമം നടത്താൻ ഡോക്ടർമാരുടെ തീരുമാനം.
സുമയ്യയെ മെഡിക്കൽ കോളജിൽ വിളിച്ചു വരുത്തിയാണ് ഡോക്ടർമാർ ഇക്കാര്യം അറിയിച്ചത്. ഗൈഡ്വയറിന്റെ സ്ഥിതിയും ചെയ്യാൻ പോകുന്ന കാര്യങ്ങളും മെഡിക്കൽ ബോർഡ് അംഗങ്ങളായ സർജറി വിഭാഗം മേധാവി ഡോ.എ.നിസാറുദ്ദീനും കാർഡിയോളജി വിഭാഗം മേധാവി ഡോ.മാത്യു ഐപ്പും സുമയ്യയോടു വിശദീകരിച്ചു.
ഒപ്പം ദക്ഷിണാഫ്രിക്കയിൽ ജോലി ചെയ്യുന്ന സുമയ്യയുടെ ഭർത്താവ് എസ്.സെയ്തലിയെ ഫോണിൽ വിളിച്ചു ചെയ്യാൻ പോകുന്ന കാര്യങ്ങൾ അറിയിച്ചു.
ഇരുവരുടെയും സമ്മതം ലഭിച്ചതിനാൽ 9നു സുമയ്യയെ മെഡിക്കൽ കോളജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ പ്രവേശിപ്പിക്കും. അന്ന് സിടി സ്കാൻ ചെയ്യും.
അടുത്ത ദിവസം കത്തീറ്റർ ഉപയോഗിച്ച് ഗൈഡ് വയർ എടുക്കാനുള്ള ശ്രമം നടത്താമെന്നാണ് ഡോക്ടർമാരുടെ ധാരണ. അടിവയറിൽനിന്നു നെഞ്ചു വരെ നീളുന്ന 70 സെന്റീമീറ്റർ ഗൈഡ്വയറാണ് പുറത്തെടുക്കേണ്ടത്. നേരത്തേ ശ്രീചിത്ര മെഡിക്കൽ സെന്ററിൽ സിടി സ്കാൻ ചെയ്തപ്പോൾ വയറിന്റെ ഭാഗത്ത് 5 സെന്റീമീറ്റർ നീളത്തിൽ ഗൈഡ് വയർ ഞരമ്പിനോട് ഒട്ടിച്ചേർന്നതായി കണ്ടെത്തിയിരുന്നു.
ആറു മാസം മുൻപത്തെ അവസ്ഥയല്ലേ അതെന്നു സുമയ്യ ഡോക്ടർമാരോടു ചോദിച്ചതിനാലാണു വീണ്ടും സ്കാൻ ചെയ്യുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു.
9ന് എടുക്കുന്ന സ്കാനിങ്ങിലൂടെ ഏതൊക്കെ ഭാഗത്താണ് ഗൈഡ്വയർ ഒട്ടിച്ചേർന്നിരിക്കുന്നതെന്നു സ്ഥിരീകരിക്കും. തുടർന്ന് ഞരമ്പിനുള്ളിലേക്കു കത്തീറ്റർ കടത്തി അതിന്റെ അഗ്രഭാഗം ഗൈഡ് വയറിൽ കോർത്തു പുറത്തേക്കു വലിക്കും.
ഞരമ്പുമായി കാര്യമായി ഒട്ടിച്ചേർന്നിട്ടില്ലെങ്കിൽ അപ്പോൾ തന്നെ ഗൈഡ്വയർ പുറത്തുവരുമെന്നാണ് ഡോക്ടർമാരുടെ നിഗമനം. വയറിന്റെ ഭാഗത്തു മാത്രമേ ഒട്ടിച്ചേർന്നിട്ടുള്ളൂവെന്നു പുതിയ സ്കാനിങ്ങിലും സ്ഥിരീകരിച്ചാൽ ആ ഭാഗം മുറിച്ച്, ഗൈഡ്വയറിനെ ഞരമ്പിൽ നിന്ന് ഇളക്കി പുറത്തേക്കു വലിച്ചെടുക്കും.
ഗൈഡ്വയർ പൂർണമായും വലിച്ചെടുക്കാൻ സാധിക്കുമെന്നാണ് ഡോക്ടർമാരുടെ പ്രതീക്ഷ. സുമയ്യയുടെ തൈറോയ്ഡ് നീക്കം ചെയ്യാനായി 2023 മാർച്ച് 22ന് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയിരുന്നു.
തുടർന്നു തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന അവർക്ക് കാൽസ്യം നൽകാനാണ് ഗൈഡ് വയർ ഇട്ടത്. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്നു കഴിഞ്ഞ മാർച്ച് 2ന് നെഞ്ചിന്റെ എക്സ്റേ എടുത്തു.
അപ്പോഴാണ് ഗൈഡ് വയർ പുറത്തെടുത്തില്ലെന്നു കണ്ടെത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]