കൊച്ചി∙ ബവ്റിജസ് കോർപറേഷന്റെ മദ്യ സ്റ്റോക്കിൽ വലിയ തിരിമറി നടത്തിയെന്ന കേസിൽ ഏറെ വൈകി തുക തിരിച്ചടച്ചാൽ വിജിലൻസ് കേസിൽ നിന്നു രക്ഷപ്പെടാനാവില്ലെന്നു ഹൈക്കോടതി. ബവ്കോ മുവാറ്റുപുഴ ഔട്ലെറ്റിൽ 27.92 ലക്ഷം രൂപയുടെ മദ്യം സ്റ്റോക്കിൽ കുറവു കണ്ടെത്തിയതിനെ തുടർന്നുള്ള കേസ് റദ്ദാക്കാൻ പ്രതികളായ ജീവനക്കാർ നൽകിയ ഹർജി തള്ളിയാണു ജസ്റ്റിസ് എ.ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്.
2018 ഏപ്രിൽ മുതൽ ജൂലൈ വരെ കാലയളവിൽ സ്റ്റോക്കിൽ വൻ തിരിമറി കണ്ടെത്തിയതിനെ തുടർന്നു ബവ്കോ മാനേജർ നൽകിയ പരാതിയിലാണു കേസെടുത്തത്.
നിലവിൽ മുവാറ്റുപുഴ വിജിലൻസ് കോടതിയുടെ പരിഗണനയിലുള്ള കേസിൽ പ്രതികളായ സുരേഷ് കുമാർ തുടങ്ങി 4 ജീവനക്കാരാണു ഹർജി നൽകിയത്. ക്രമക്കേടു കണ്ടെത്തിയ തുക തിരിച്ചടച്ചതിനാൽ കേസ് റദ്ദാക്കണമെന്ന ഹർജിക്കാരുടെ ആവശ്യം നിലനിൽക്കില്ലെന്നു വ്യക്തമാക്കിയ കോടതി, പ്രതികൾ വിചാരണ നേരിടണമെന്നു നിർദേശിച്ചു.
സ്റ്റോക്കിലോ പണത്തിലോ കുറവു കാണപ്പെടുക സ്വാഭാവികമാണെന്ന് ഹർജിക്കാർ വാദിച്ചു.
സ്റ്റോക്കിൽ കുറവുണ്ടെന്ന് കണ്ടെത്തിയാൽ ജീവനക്കാർ തുക അടയ്ക്കണമെന്നു സർക്കുലർ ഉണ്ടായിരുന്നു. സ്റ്റോക്ക് പരിശോധനയും ഓഡിറ്റും വൈകിയതിനാലാണു വ്യത്യാസം കണ്ടെത്താൻ വൈകിയതെന്നും ചൂണ്ടിക്കാട്ടി.
പ്രോസിക്യൂഷനും ബവ്കോയും ഹർജിയെ എതിർത്തു.
മദ്യസ്റ്റോക്കിൽ വൻതോതിൽ വ്യത്യാസം ഉള്ളതിനാൽ ജീവനക്കാരുടെ അറിവോടെയല്ലെന്നു കരുതാനാകില്ലെന്നു കോടതി പറഞ്ഞു. 27.92 ലക്ഷം രൂപയുടെ മദ്യം കുറവുള്ള സാഹചര്യത്തിൽ സ്റ്റോക്കിന്റെ കസ്റ്റോഡിയൻ എന്ന നിലയ്ക്കു പ്രതികളുടെ സജീവ പങ്കാളിത്തം പ്രഥമദൃഷ്ട്യാ തള്ളിക്കളയാനാവില്ല.
തുക തിരിച്ചടച്ചതു വളരെ വൈകിയാണ്. പലിശ അടച്ചിട്ടില്ല.
സ്റ്റോക്കിൽ വ്യത്യാസം സ്വാഭാവികമാണെന്നും കണക്കെടുപ്പ് വൈകിയതിനാലാണു തിരിച്ചടവു വൈകിയതെന്നുമുള്ള വാദങ്ങൾ അംഗീകരിക്കാനാകില്ലെന്നു കോടതി പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]