ആലപ്പുഴ ∙ മൊബൈൽ ഫോൺ അമിതമായി ഉപയോഗിച്ചതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനിടെ പതിനേഴുകാരി അമ്മയെ കുത്തി. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ അമ്മയെ(47) മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. പിതാവിന്റെ മൊഴി രേഖപ്പെടുത്തി സൗത്ത് പൊലീസ് മകൾക്കെതിരെ കേസെടുത്ത ശേഷം കുട്ടിയെ കസ്റ്റഡിയിലെടുത്തു സഖി ഷെൽറ്റർ ഹോമിൽ പ്രവേശിപ്പിച്ചു.
അമ്പലപ്പുഴ മജിസ്ട്രേട്ട് ആശുപത്രിയിൽ എത്തി അമ്മയുടെ മൊഴിയെടുത്തു.
പ്രായപൂർത്തിയാകാത്തതിനാൽ കോടതി നിർദേശം ലഭിച്ച ശേഷമേ മകളുടെ പേരിൽ തുടർനടപടി സ്വീകരിക്കൂ എന്നു പൊലീസ് പറഞ്ഞു. വാടയ്ക്കൽ ബീച്ച് ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന കുടുംബത്തിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് കസ്റ്റഡിയിലുള്ളത്. ബുധൻ രാവിലെ 10.30ന് ആയിരുന്നു സംഭവം. മൊബൈൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് മകളും അമ്മയും തമ്മിൽ വഴക്ക് പതിവായിരുന്നു.
കഴിഞ്ഞ ദിവസം അമ്മ ഫോണിന്റെ ചാർജർ മാറ്റി വച്ചതിനെ ചൊല്ലി ഇരുവരും വഴക്കിട്ടു.
തുടർന്നു മകൾ അടുക്കളയിൽ വച്ച് കറിക്കത്തി കൊണ്ട് കഴുത്തിൽ കുത്തുകയായിരുന്നു. ആഴത്തിലുള്ള മുറിവേറ്റ അമ്മ ഓടി അയൽ വീട്ടിലെ വരാന്തയിൽ ബോധരഹിതയായി വീണു.
അവർ അറിയിച്ചതിനെ തുടർന്നു സൗത്ത് പൊലീസ് സ്ഥലത്തെത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.ഇവരുടെ തലമുടിയുടെ ഒരു ഭാഗം കരിഞ്ഞ നിലയിലും മുഖത്ത് പൊള്ളലേറ്റ നിലയിലുമാണ്. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഇവരുടെ ആരോഗ്യനില വീണ്ടെടുത്ത ശേഷം മാത്രമേ സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ എന്നും പൊലീസ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]