കാൺപൂർ: ഓസ്ട്രേലിയ എയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യ എ ടീമിന് 171 റൺസിൻ്റെ തകർപ്പൻ വിജയം. ശ്രേയസ് അയ്യർ (110), പ്രിയാൻഷ് ആര്യ (101) എന്നിവരുടെ സെഞ്ചുറികളുടെ മികവിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 413 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി.
മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയ എ 33.1 ഓവറിൽ 242 റൺസിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ നിശാന്ത് സിന്ധുവാണ് ഓസീസ് ബാറ്റിംഗ് നിരയെ തകർത്തത്.
ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. മഴയെ തുടർന്ന് ഇന്നലെ നടക്കേണ്ടിയിരുന്ന മത്സരം ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
ഓസീസ് നിരയിൽ മെക്കൻസി ഹാർവി (68), ക്യാപ്റ്റൻ വിൽ സതർലാൻഡ് (50) എന്നിവർക്ക് മാത്രമാണ് അർധസെഞ്ചുറി നേടാനായത്. ലച്ലാൻ ഷോ (45), കൂപ്പർ കൊനോലി (33), ജേക്ക് ഫ്രേസർ മക്ഗുർഗ് (23) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റർമാർ.
ഇന്ത്യക്ക് വേണ്ടി നിശാന്ത് സിന്ധുവിന് പുറമെ രവി ബിഷ്ണോയ് രണ്ട് വിക്കറ്റ് സ്വന്തമാക്കി. നേരത്തെ, ഇന്ത്യൻ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയവരെ കൂടാതെ പ്രഭ്സിമ്രാൻ സിംഗ് (56), റിയാൻ പരാഗ് (67), ആയുഷ് ബദോനി (50) എന്നിവരും അർധസെഞ്ചുറി നേടിയിരുന്നു.
ഓസ്ട്രേലിയക്കായി വിൽ സതർലാൻഡ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഇന്ത്യക്ക് തകർപ്പൻ തുടക്കമാണ് ലഭിച്ചത്.
ഓപ്പണർമാരായ പ്രിയാൻഷ് ആര്യയും പ്രഭ്സിമ്രാൻ സിംഗും ചേർന്ന് ഒന്നാം വിക്കറ്റിൽ 135 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കി. 21-ാം ഓവറിൽ പ്രഭ്സിമ്രാനെ പുറത്താക്കി ടോം സ്ട്രാക്കറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
തുടർന്ന് ക്രീസിലെത്തിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ, പ്രിയാൻഷിനൊപ്പം ചേർന്ന് സ്കോർ മുന്നോട്ട് നയിച്ചു. എന്നാൽ 25-ാം ഓവറിൽ സെഞ്ചുറി പൂർത്തിയാക്കിയതിന് പിന്നാലെ പ്രിയാൻഷ് മടങ്ങി.
84 പന്തുകളിൽ നിന്ന് 11 ഫോറും അഞ്ച് സിക്സും സഹിതമാണ് താരം 101 റൺസ് നേടിയത്. നാലാമനായി ഇറങ്ങിയ റിയാൻ പരാഗ് വെറും 42 പന്തുകളിൽ നിന്ന് 67 റൺസെടുത്ത് വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചു.
ശ്രേയസിനൊപ്പം 132 റൺസിൻ്റെ നിർണായക കൂട്ടുകെട്ടിൽ പങ്കാളിയാകാനും പരാഗിനായി. അഞ്ച് വീതം സിക്സറും ഫോറും അടങ്ങുന്നതായിരുന്നു പരാഗിൻ്റെ ഇന്നിംഗ്സ്.
പരാഗ് പുറത്തായ ശേഷം ക്രീസിലെത്തിയ ആയുഷ് ബദോനിക്കൊപ്പം ചേർന്ന് ശ്രേയസ് 73 റൺസ് കൂടി ഇന്ത്യൻ സ്കോർബോർഡിൽ ചേർത്തു. 47-ാം ഓവറിലാണ് ക്യാപ്റ്റൻ്റെ ഇന്നിംഗ്സിന് അവസാനമായത്.
12 ഫോറും നാല് സിക്സും ഉൾപ്പെടെ 110 റൺസാണ് ശ്രേയസ് നേടിയത്. അവസാന ഓവറിൽ ബദോനിയും പുറത്തായി.
27 പന്തുകളിൽ നിന്ന് മൂന്ന് സിക്സും നാല് ഫോറുമടക്കം 50 റൺസാണ് ബദോനി നേടിയത്. പിന്നാലെയെത്തിയ സൂര്യൻഷ് ഷെഡ്ഗെ (0) നേരിട്ട
ആദ്യ പന്തിൽ തന്നെ പുറത്തായപ്പോൾ, നിശാന്ത് സിന്ധു (11*), രവി ബിഷ്ണോയ് (1*) എന്നിവർ പുറത്താവാതെ നിന്നു. ഇന്ത്യ എ: പ്രിയാൻഷ് ആര്യ, പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), റിയാൻ പരാഗ്, ആയുഷ് ബദോനി, നിഷാന്ത് സിന്ധു, സൂര്യൻഷ് ഷെഡ്ഗെ, രവി ബിഷ്ണോയ്, സിമർജീത് സിംഗ്, ഗുർജപ്നീത് സിംഗ്, യുധ്വീർ സിംഗ് ചരക്.
ഓസ്ട്രേലിയ എ: ജെയ്ക്ക് ഫ്രേസർ-മക്ഗുർക്ക്, മക്കെൻസി ഹാർവി, കൂപ്പർ കൊനോലി, ലാച്ലാൻ ഷാ (വിക്കറ്റ് കീപ്പർ), ഹാരി ഡിക്സൺ, വിൽ സതർലാൻഡ് (ക്യാപ്റ്റൻ), ലിയാം സ്കോട്ട്, സാം എലിയട്ട്, ടോഡ് മർഫി, തൻവീർ സംഘ, ടോം സ്ട്രാക്കർ. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]