പുനലൂർ ∙ മൂവാറ്റുപുഴ സംസ്ഥാന ഹൈവേയ്ക്ക് സമീപം മുക്കടവ് ആളുകേറാമലയിൽ മധ്യവയസ്കന്റെ മൃതദേഹം ചങ്ങലയിൽ ബന്ധിച്ച നിലയിൽ കണ്ടെത്തി 6 ദിവസം പിന്നിട്ടിട്ടും മരിച്ച ആളിനെ തിരിച്ചറിയനോ കൊലപാതകികളെ കണ്ടെത്താനോ കഴിയാത്ത സാഹചര്യത്തിൽ ശാസ്ത്രീയ തെളിവുകൾ തേടി പൊലീസ് ഡ്രോൺ പരിശോധന നടത്തി.
മൃതദേഹം ബന്ധിച്ചിരുന്ന ചങ്ങലയുടെ ഉറവിടം അറിയുന്നതിന് എവിടെനിന്നെങ്കിലും ചങ്ങല മോഷണം പോയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷണം ആരംഭിച്ചു. ആളുകോറാമലയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതയാണ് നിലവിൽ അന്വേഷണ സംഘത്തെ ആകെ കുഴപ്പിച്ചിരിക്കുന്നത്.
കൊല്ലപ്പെട്ട ആൾ ജീവനോടെ ഇവിടെ എത്തിയതാണോ അതോ മരിച്ച ശേഷം എത്തിച്ചതാണോ എന്നുപോലും ഇതുവരെ പൊലീസിനു സ്ഥിരീകരിക്കാൻ സാധിച്ചില്ല.
അതുകൊണ്ടാണ് നിലവിൽ സംസ്ഥാന ഹൈവേയുടെ വശത്തു കൂടിയുള്ള വഴി കൂടാതെയുള്ള മറ്റ് സഞ്ചാര മാർഗങ്ങൾ ഡ്രോൺ പറത്തി പരിശോധിച്ചത്.
മൃതദേഹം കിടന്ന ഭാഗത്തിന് ഏറ്റവും അടുത്ത് വാഹന സഞ്ചാര മാർഗം എവിടെ വരെ ഉണ്ടെന്നറിയുന്നതിനും റബർ തോട്ടത്തിൽ താഴ്ത്തി ഡ്രോൺ പറത്തി കൊടുംകാട്ടിൽ വസ്ത്രങ്ങളോ കേസ് അന്വേഷണത്തിനു സഹായകമാകുന്ന മറ്റു സാധന സാമഗ്രികളോ ഉണ്ടോയെന്നും പരിശോധിച്ചു. മൃതദേഹം കിടന്ന ഭാഗത്തിന്റെ ചുറ്റുമുള്ള കുറെ കാടുകൾ മൂന്ന് ദിവസം മുൻപ് പൊലീസ് വെട്ടിത്തെളിച്ചിരുന്നു.
എന്നാൽ ഏക്കർ കണക്കിന് സ്ഥലത്ത് തോട്ടത്തിൽ കാട് പടർന്ന് കിടക്കുന്ന ഭാഗങ്ങളിൽ ഇനിയും പരിശോധന നടത്തിയിട്ടില്ല.
അതിനു മുന്നോടിയായാണ് ഡ്രോൺ പറത്തിയത്. 20 അംഗ സംഘം പിറ്റേദിവസം മുതൽ തമിഴ്നാട്ടിലും കേരളത്തിലുമായി എല്ലാ ഉറവിടങ്ങളിലും അന്വേഷണം നടത്തിവരികയാണ്.
ചങ്ങലയിൽ പിടിച്ച് പൊലീസ്
മൃതദേഹം ബന്ധിച്ചിരുന്ന ചങ്ങല എവിടെ നിന്ന് ലഭിച്ചുവെന്നും സംഭവസ്ഥലത്ത് നിന്നു ലഭിച്ച കന്നാസിലും കുപ്പിയിലുമായി ഇന്ധനം എത്തിച്ചെങ്കിൽ അത് എവിടെനിന്നെന്നും കണ്ടുപിടിക്കാനായി സമീപത്തെ പമ്പുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.
തെളിവുകളിൽ പ്രധാനമായുള്ളത് മൃതദേഹം മരത്തിൽ ബന്ധിച്ച ചങ്ങലയാണ്. മൂന്നര മീറ്ററോളം നീളമുള്ള ഈ ചങ്ങലയെ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കി.
ആനയുടെ ഇടച്ചടങ്ങലയായി ഉപയോഗിക്കുന്ന ചങ്ങലയാണെന്നാണ് ആദ്യം അറിഞ്ഞിരുന്നത്.
എന്നാൽ ഈ ചങ്ങല കടകളുടെയും മറ്റും മുന്നിൽ വാഹനം ഇടാതിരിക്കാനും വഴികളിൽ തടസ്സം സൃഷ്ടിക്കാനും ഉപയോഗിക്കുന്ന ഇടത്തരം ചങ്ങലയാണെന്ന് കണ്ടെത്തി. ഇത് പുതിയ ചങ്ങലയയല്ലാത്തതിനാൽ എവിടെ നിന്നെങ്കിലും മോഷ്ടിച്ചതാകാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ നിഗമനം.
എവിടെയെങ്കിലും ഇത്തരം ചങ്ങല നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ഈ വിവരം പൊലീസിനെ അറിയിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ചങ്ങല കൂടാതെ ഒഴിഞ്ഞ കന്നാസ്, കുപ്പി, കീറിയ ബാഗ്, കത്രിക തുടങ്ങിയവയും പ്രധാന തെളിവുകളായുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇടത് കാലിന് സ്വാധീനമില്ലാത്ത ആളിന്റെ ജീർണിച്ച മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]