തൊടുപുഴ ∙ മഴയും വെയിലും ഇടവിട്ടുള്ള കാലാവസ്ഥയായതോടെ ജില്ലയിൽ പനിബാധിതരുടെ എണ്ണം ഉയരുന്നു. തിങ്കളാഴ്ച മാത്രം 308 പേർ വൈറൽ പനിയെത്തുടർന്ന് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി.
സെപ്റ്റംബർ മാസത്തിൽ ആകെ 6185 പേർ പനി ബാധിച്ച് ചികിത്സ തേടി. സ്വകാര്യ ക്ലിനിക്കുകൾ, സ്വകാര്യ ആശുപത്രികൾ, ഹോമിയോ, ആയുർവേദം എന്നിവയിൽ എത്തിയവരുടെ എണ്ണം കൂടി നോക്കിയാൽ പനിബാധിതരുടെ എണ്ണം ഇരട്ടിയിലേറെ വരും. വൈറൽ പനിക്കു പുറമേ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എലിപ്പനി, ഇൻഫ്ലുവൻസ, വയറിളക്ക രോഗങ്ങൾ തുടങ്ങിയവയും പലയിടത്തും റിപ്പോർട്ട് ചെയ്യുന്നു.
സെപ്റ്റംബറിൽ ജില്ലയിൽ 5 പേർക്ക് എലിപ്പനിയും 3 പേർക്ക് ഡെങ്കിപ്പനിയും 10 പേർക്ക് മഞ്ഞപ്പിത്തവും (ഹെപ്പറ്റൈറ്റിസ് എ) റിപ്പോർട്ട് ചെയ്തു.
രോഗലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്നവരുമുണ്ട്. കാലാവസ്ഥയിലെ മാറ്റമാണ് ഇപ്പോഴത്തെ പനിവ്യാപനത്തിന് പ്രധാന കാരണമായി ആരോഗ്യ വിദഗ്ധർ പറയുന്നത്. പനിബാധിതർ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ടെങ്കിലും ദിവസങ്ങൾക്ക് ശേഷവും പലരും രോഗമുക്തരായിട്ടില്ല.
പനി മാറിയാലും ചുമ, മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ എന്നിവ ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന സ്ഥിതിയാണ്. കുട്ടികൾക്കിടയിലും വൈറൽപനി വ്യാപനമുണ്ട്.
പല സർക്കാർ ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ രോഗം സഹിക്കുന്നതിനൊപ്പം ഏറെനേരം കാത്തിരിക്കേണ്ട
ദുരവസ്ഥയിലാണ് രോഗികൾ. ഇതോടെ, സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ് പലരും. വൈറൽ പനി, ശ്വാസകോശ അണുബാധ എന്നിവയ്ക്കെതിരെ ജാഗ്രത പുലർത്തണമെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യവകുപ്പ് പറയുന്നു.
സമയബന്ധിതമായി ചികിത്സ തേടാത്തതും കൃത്യമായി മുൻകരുതൽ എടുക്കാത്തതും രോഗപ്പകർച്ച കൂടാൻ ഇടയാക്കും. പനി നിസ്സാരമായി കാണാതെ എത്രയും വേഗം ചികിത്സ തേടണമെന്നും സ്വയം ചികിത്സ പാടില്ലെന്നും അധികൃതർ നിർദേശിക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]