ഒറ്റപ്പാലം∙ നഗരത്തിൽ തെരുവുനായ ശല്യം കുറയ്ക്കാൻ നടപടി തുടങ്ങി നഗരസഭ. തെരുവു നായ്ക്കൾക്കു രണ്ടാം ഘട്ട
പ്രതിരോധ കുത്തിവയ്പു നൽകാൻ മൃഗസംരക്ഷണ വകുപ്പിനു നിർദേശം നൽകിയതായി നഗരസഭാ കൗൺസിൽ യോഗത്തിൽ അധ്യക്ഷ കെ.ജാനകീദേവിയും ഉപാധ്യക്ഷൻ കെ.രാജേഷും അറിയിച്ചു. നഗരസഭാധ്യക്ഷയുടെ നേതൃത്വത്തിൽ ചേർന്ന സ്റ്റിയറിങ് കമ്മിറ്റി യോഗമാണ് അടിയന്തരമായി രണ്ടാം ഘട്ട പ്രതിരോധ കുത്തിവയ്പു നൽകാൻ നിർദേശം നൽകിയത്.
പുതിയ സർവേ പ്രകാരം കണ്ടെത്തിയ 1075 തെരുവു നായ്ക്കളെ കുത്തിവയ്പിനു വിധേയമാക്കും. അതേസമയം, നായപിടുത്തക്കാരെ കിട്ടാത്തതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ഇതു മറികടക്കാൻ മറ്റു ജില്ലകളിലുള്ളവരെ കൂടി എത്തിക്കാനും ധാരണയായി.
പൂളക്കുണ്ട്, പത്തൊൻപതാം മൈൽ ഭാഗങ്ങളിൽ 3 പേർക്കു നായ കടിയേറ്റതിനു പിന്നാലെയാണു പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നത്. നേരത്തെ മായന്നൂർ പാലം പരിസരത്തു 2 പേർക്ക് തെരുവുനായയുടെ കടിയേൽക്കുകയും ഇതു പേപ്പട്ടിയാണെന്നു സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
അന്നു സർവേയിൽ കണ്ടെത്തിയ 921 തെരുവുനായ്ക്കളിൽ 526 എണ്ണത്തിനു പേവിഷ പ്രതിരോധ കുത്തിവയ്പു നൽകിയിരുന്നു. രണ്ടാം ഘട്ട പ്രതിരോധ കുത്തിവയ്പിനായി മൂന്നര ലക്ഷത്തോളം രൂപ അനുവദിക്കാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. നായയെ കുത്തിവയ്പിന് വിധേയമാക്കുന്ന സംഘത്തിൽ ഒരു നഗരസഭാ ജീവനക്കാരനെ കൂടി ഉൾപ്പെടുത്തും.
വീടുകളുടെ അകത്തേക്ക് വരെ തെരുവുനായ്ക്കൾ കയറുന്ന അവസ്ഥയാണന്നു കൗൺസിലർമാർ വിശദീകരിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ കുത്തിവയ്പ് നടപടികൾ തുടങ്ങും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]