തൃശൂർ ∙ 358 കോടി രൂപയുടെ നാനോ എക്സൽ മണിചെയിൻ തട്ടിപ്പുകേസിൽ കമ്പനി എംഡി ഹാരിഷ് ബാബു മദനേനിയുടെ ഭാര്യ മീരാ ഹാരിഷ് അടക്കം 14 വർഷത്തിലേറെയായി ഒളിവിൽ കഴിഞ്ഞിരുന്ന 4 മുഖ്യപ്രതികൾ ചെന്നൈയിൽ നിന്ന് പിടിയിലായി. ഹൈദരാബാദ് സ്വദേശികളും കമ്പനി ഡയറക്ടർമാരുമായ ബൊട്ടാണിക്കൽ ഗാർഡൻ സത്യസായ് അപ്പാർട്മെന്റിൽ മീരാ ഹാരിഷ് (49), രാജീവ് നഗർ ശക്തി ഹോംസ് ഭരണിയിൽ പ്രശാന്ത് സുന്ദർ രാജ (53), കാട്ടപ്പള്ളി ജലവൈ വിഹാറിൽ രാധ സുന്ദർ രാജ (49), ക്രിയേറ്റിവ് സ്നേഹ അപ്പാർട്മെന്റിൽ കുമാരി രാജ (41) എന്നിവരെയാണു തൃശൂർ ക്രൈംബ്രാഞ്ച് എസ്പി ടി.കെ.
സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ചെന്നൈയിൽ അതിസമ്പന്നർ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. ഒരാഴ്ചയോളം ചെന്നൈയിൽ തങ്ങി പ്രതികളുടെ ലൊക്കേഷൻ കണ്ടെത്തിയാണു ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ഇന്നു രാവിലെ കോടതിയിൽ ഹാജരാക്കി ഇവരെ റിമാൻഡ് ചെയ്തു.തൃശൂർ അഡീഷനൽ സിജെഎം കോടതി ഇവർക്കതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഡിറ്റക്ടീവ് ഇൻസ്പെക്ടർ റിയാസ് രാജ, എസ്ഐമാരായ തോംസൺ ആന്റണി, ലിജോ, എഎസ്ഐ സുബീർ കുമാർ എന്നിവരുൾപ്പെട്ട
സംഘമാണു പ്രതികളെ പിടികൂടിയത്.പല സംസ്ഥാനങ്ങളിൽ ഇവർക്കെതിരെ അറസ്റ്റ് വാറന്റുകൾ നിലവിലുണ്ട്. നെറ്റ്വർക്ക് മാർക്കറ്റിങ്ങിന്റെ മറവിൽ മദനേനിയും സംഘവും നടത്തിയ തട്ടിപ്പിനെതിരെ 643 കേസുകളാണു ക്രൈംബ്രാഞ്ച് കേരളത്തിലുടനീളം റജിസ്റ്റർ ചെയ്തത്.
മദനേനി 2011ൽ ഹൈദരാബാദിൽ നിന്ന് അറസ്റ്റിലായെങ്കിലും ഭാര്യ മീരയും പ്രശാന്ത് സുന്ദർ രാജ അടക്കമുള്ള കൂട്ടുപ്രതികളും മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു.
അറസ്റ്റ് ഭീഷണി തൽക്കാലത്തേക്ക് ഒഴിഞ്ഞതിന്റെ മറവിൽ ചെന്നൈയിലേക്കു കടന്ന ഇവരെ പിന്നീടു പിടികൂടാനായില്ല. കമ്പനി സിഇഒ ലഗഡപതി ശരത് ബാബുവും ഡയറക്ടർ രംഗ റെഡ്ഡിയുമടക്കം പ്രതികളിലേറെപ്പേരും പിടിക്കപ്പെട്ടെങ്കിലും മീര ഉൾപ്പെട്ട
നാലംഗ സംഘത്തെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
പണം പോയതെവിടേക്ക്?
345 മുതൽ 358 കോടി രൂപ വരെ കേരളത്തിൽ നിന്നു നാനോ എക്സൽ കമ്പനി തട്ടിച്ചു കടത്തിയെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തിയതെങ്കിലും ഈ പണം എവിടേക്കു പോയെന്നതിന് ഇന്നും കൃത്യമായ ഉത്തരമില്ല. എംഡി ഹാരിഷ് ബാബു മദനേനിയുടേതടക്കം നേരത്തെ അറസ്റ്റിലായ പ്രതികളുടെ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചപ്പോൾ നാമമാത്രമായ തുക മാത്രമേ കണ്ടെത്താൻ കഴിഞ്ഞിരുന്നുള്ളൂ. കമ്പനിയുടെ ലാഭം എത്രയായിരുന്നെന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്താനും കഴിഞ്ഞിരുന്നില്ല.
എന്നാൽ, മീരാ ഹാരിഷ് അടക്കം സുപ്രധാന പ്രതികൾ അറസ്റ്റിലായതോടെ ഈ ചോദ്യങ്ങൾക്ക് ഉത്തരമായേക്കും.
നാനോ ഉൽപന്നങ്ങളെന്ന അവകാശവാദത്തോടെ പല വസ്തുക്കളും മണിചെയിൻ രീതിയിൽ വിറ്റഴിച്ചാണു തട്ടിപ്പു നടന്നത്. വാച്ച്, കൈച്ചെയിൻ തുടങ്ങിയവയായിരുന്നു ഉൽപന്നങ്ങളെങ്കിലും ഇവ നാനോ ടെക്നോളജി ഉപയോഗിച്ചു നിർമിച്ചതല്ലെന്നും ചൈനീസ് നിർമിതമാണെന്നും ലാബ് പരിശോധനയിൽ കണ്ടെത്തി.
രാജ്യത്താകെ 3 ലക്ഷം പേരെങ്കിലും നാനോ എക്സൽ തട്ടിപ്പിനിരയായിട്ടുണ്ടാകാം എന്നാണ് ക്രൈംബ്രാഞ്ച് അനുമാനം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]