തൃപ്പൂണിത്തുറ ∙ ഇലക്ട്രിക് ഗിറ്റാറിലൂടെ കർണാടക സംഗീതം രചിക്കുന്ന മാന്ത്രികൻ ഗിറ്റാർ പ്രസന്നയുടെ കച്ചേരിയിൽ തൃപ്പൂണിത്തുറ ഇന്നലെ ലയിച്ചു. ഗിറ്റാറിൽ കർണാടക സംഗീതം അദ്ദേഹം അവതരിപ്പിച്ചപ്പോൾ ആസ്വാദകർക്ക് അത് നവ്യാനുഭവമായി. ഇടം കയ്യിലേന്തിയ ഇലക്ട്രിക് ഗിറ്റാറിൽ പ്രസന്ന ഈണമിട്ടപ്പോഴുള്ള ആ സംഗീതം ആസ്വാദക ഹൃദയങ്ങളിലേക്കു ഒഴുകി എത്തി.
എൻ.എസ്. രാമചന്ദ്രൻ രചിച്ച ആഭോഗി രാഗത്തിലുള്ള ശ്രീമഹാഗണപതേ എന്ന കീർത്തനത്തോടെയാണു കച്ചേരി ആരംഭിച്ചത്.
തുടർന്ന് ശ്യാമശാസ്ത്രിയുടെ പലകെ നന്നു എന്ന കൃതിയും നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട
കൃതികളും ഗിറ്റാറിലൂടെ ഒഴുകിയെത്തി. വിജയ് നടേശൻ (മൃദംഗം) ഉഡുപ്പി ശ്രീകാന്ത് (ഗഞ്ചിറ) എന്നിവർ പിന്തുണയേകി. ഗ്രാമി അവാർഡ് നിശ്ചയിക്കുന്ന റെക്കോർഡിങ് അക്കാദമിയിൽ വോട്ടിങ് അവകാശമുള്ള അംഗമായ പ്രസന്ന, ശ്രീപൂർണത്രയീശ സംഗീത സഭയുടെ സുവർണ ജൂബിലി സംഗീത പരമ്പരയുടെ ഭാഗമായിട്ടാണു തൃപ്പൂണിത്തുറയിൽ ഗിറ്റാർ കച്ചേരി അവതരിപ്പിക്കാൻ എത്തിയത്.
അദ്ദേഹം മനോരമയോടു സംസാരിക്കുന്നു.
∙ ഗിറ്റാറിനെ കർണാടക സംഗീതവുമായി സമന്വയിപ്പിച്ചതിനെ പറ്റി ?
അതൊരു വളരെ രസകരമായ യാത്രയായിരുന്നു. കാരണം, ഞാൻ തുടങ്ങിയ സമയത്ത് കർണാടക സംഗീതം ഗിറ്റാറിൽ എങ്ങനെ വായിക്കണമെന്നു പഠിപ്പിക്കാൻ ആരുമുണ്ടായിരുന്നില്ല.
ഗുരുക്കന്മാർ പാടുന്നത് കേട്ടാണ് ഞാൻ പഠിച്ചത്. ഒരിക്കലും സാധിക്കാത്ത രീതിയിൽ ഗിറ്റാർ വായിക്കാൻ ഇത് എന്നെ സഹായിച്ചു.
ഒരുപാട് പുതിയ കാര്യങ്ങൾ പഠിക്കാനായി. ഒരു തനത് വായന ശൈലി എനിക്ക് കണ്ടുപിടിക്കാനായി എന്നാണ് കരുതുന്നത്.
∙ പരമ്പരാഗത കർണാടക സംഗീതത്തെ പാശ്ചാത്യ സംഗീതവുമായി സംയോജിപ്പിച്ചപ്പോൾ നേരിട്ട
വെല്ലുവിളികളും പരിഹാരങ്ങളും ?
ഇത് രണ്ട് തരം പെയ്ന്റുകൾ, അല്ലെങ്കിൽ പലതരം പെയ്ന്റുകൾ കലർത്തി വളരെ മനോഹരമായ മറ്റൊന്നു ഉണ്ടാക്കുന്നതു പോലെയാണ്. മനസ്സ് സ്വതന്ത്രമായിരിക്കുകയും വ്യത്യസ്ത സംഗീത ശാഖകളെ നിങ്ങൾ സത്യസന്ധമായി ഇഷ്ടപ്പെടുകയും ചെയ്യുമ്പോൾ ഇവ സംയോജിപ്പിക്കാൻ വലിയ പ്രയാസമില്ല.
ആളുകളോട് വിശദീകരിക്കേണ്ടി വരുമ്പോൾ മാത്രമാണ് അത്തരമൊരു ചിന്ത വരുന്നത്. എന്റെ മനസ്സിനെ സംബന്ധിച്ചിടത്തോളം അവയെല്ലാം വളരെ സ്വാഭാവികമായി ഒരുമിച്ചു ചേരുകയായിരുന്നു.
∙ ക്ലാസിക്കൽ പാരമ്പര്യങ്ങളെ വികസിപ്പിക്കുന്നതിൽ സാങ്കേതികവിദ്യയ്ക്കുള്ള പങ്ക് എങ്ങനെ വിലയിരുത്തുന്നു ?
സാങ്കേതികവിദ്യകൾ എക്കാലത്തും പ്രയോജനകരമാണ്.
സംഗീത നിർമാണ രീതി തന്നെ ഇന്ന് സാങ്കേതികവിദ്യ മാറ്റിമറിച്ചു. പരീക്ഷിച്ച് തെളിയിക്കപ്പെട്ട
പരമ്പരാഗത രീതിയും സാങ്കേതികവിദ്യ ഉപയോഗിക്കുന്നതും തമ്മിൽ ഒരു സന്തുലിതാവസ്ഥ ഉണ്ട്. അത് കലാകാരൻ സ്വയം കണ്ടെത്തണം.
അത് അദ്ദേഹത്തിന്റെ ചുമതലയാണ്. എന്റെ സന്തുലിതാവസ്ഥ എന്താണെന്ന് വ്യക്തമായി എനിക്കറിയാം.
ഓരോ വ്യക്തിയും അവരവരുടെ സന്തുലിതാവസ്ഥ കണ്ടെത്തണം. സാങ്കേതികവിദ്യയെ സ്വീകരിക്കണം.
അതേസമയം, സാങ്കേതികവിദ്യ ഒരു പ്രശ്നമായി മാറാനും അനുവദിക്കരുത്.
∙
ആഗോള സംഗീതത്തിൽ ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിന്റെ, പ്രത്യേകിച്ച് കർണാടക സംഗീതത്തിന്റെ പങ്ക് എങ്ങനെ വിലയിരുത്തുന്നു ?
കർണാടക സംഗീതം ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ ഏറെ വിലപ്പെട്ട ശാഖയാണ്.
‘കർണാടക സംഗീതം’ എന്ന ചെറിയ വൃത്തത്തിനപ്പുറം വലിയ സംഗീത രൂപമായി കാണേണ്ടത് കർണാടക സംഗീതജ്ഞരുടെ ഉത്തരവാദിത്തമാണ്. കൂടുതൽ കൂടുതൽ ആളുകളെ ഈ സംഗീതത്തെക്കുറിച്ചു ബോധവാന്മാരാക്കണം.
അവരോട് ഉപദേശിക്കുകയല്ല, മറിച്ച് സംഗീതം വായിക്കുകയും അതിനെ ഉൾക്കൊള്ളാൻ അവരെ അനുവദിക്കുകയുമാണു വേണ്ടത്. കർണാടക സംഗീതത്തെക്കുറിച്ച് അറിയാത്ത ആളുകൾക്ക് അത് കേൾക്കാൻ കഴിയുന്നത്ര അവസരങ്ങൾ സൃഷ്ടിക്കണം.
∙ യുവ സംഗീതജ്ഞർക്കുള്ള ഉപദേശം?
സംഗീതം ഒരു പ്രഫഷനലായി കൊണ്ടുപോകാൻ കഴിഞ്ഞില്ലെങ്കിൽ പോലും സാരമില്ല.
ജീവിതത്തിലുടനീളം സംഗീതം പ്രാക്ടിസ് ചെയ്യണം. മെച്ചപ്പെടുത്തുകയും പഠിച്ചുകൊണ്ടേയിരിക്കണം.
ക്ലാസിക്കൽ കലാരൂപം പഠിക്കുന്നതിന് ആവശ്യമായ ഏകാഗ്രതയും ശ്രദ്ധയും ജീവിതത്തെ മാറ്റി മറിക്കും. പല രീതിയിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]